ശാരദയില്‍ നിന്ന് ഞാനത് പ്രതീക്ഷിച്ചില്ല, അത്തരമൊരു അനുഭവം മറ്റാരില്‍ നിന്നും എനിക്കുണ്ടായിട്ടില്ല

പി.ഭാസ്‌കരന്‍ മാസ്റ്റര്‍ സ്വന്തമായി ആരംഭിച്ച നിര്‍മ്മാണക്കമ്പനിയാണ് സുചിത്രമഞ്ജരി. ആ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും എഴുതാന്‍ ഭാസ്‌കരന്‍ മാസ്റ്റര്‍ എന്നോടാണ് ആവശ്യപ്പെട്ടത്.'' കഥാനായകന്‍ ഒരു ഗായകന്‍ ആയിരിക്കണം. പടത്തില്‍ എട്ടു പത്തു പാട്ടുകള്‍ ഉണ്ടായിരിക്കണം. നമ്മള്‍ രണ്ടുപേരും പാട്ടുകള്‍ എഴുതും..'' ഇത്രയും മാത്രമാണ് മാസ്റ്റര്‍ എന്നോട് പറഞ്ഞത്. ഒന്നുമില്ലായ്മയില്‍ നിന്ന് ക്രമേണ വളര്‍ന്ന് പ്രശസ്തിയിലേക്കുയരുന്ന ഗായകന്‍ തന്നെ ജീവനു തുല്യം സ്‌നേഹിക്കുന്ന കാമുകിയെ വിസ്മരിക്കുന്നു. പ്രശസ്തിയുടെ പ്രലോഭനങ്ങളില്‍പെട്ട് അയാള്‍ സ്വയം മറക്കുകയും ഒരു ധനാഢ്യകുടുംബത്തിലെ യുവതിയെ വിവാഹം കഴിക്കുകയും ചെയ്യുന്നു. ക്രമേണ അയാള്‍ ഭാര്യവീട്ടുകാരുടെ അടിമയായി മാറുന്നു. കഥയുടെ രൂപരേഖ കേട്ടുകഴിഞ്ഞപ്പോള്‍ തന്നെ ഭാസ്‌കരന്‍ മാസ്റ്റര്‍ പറഞ്ഞു.''ഗായകന്റെ വേഷത്തില്‍ നസീര്‍ തന്നെ വേണം. നായകന്റെ കാമുകിയായി ശാരദയായിക്കോട്ടെ. അയാള്‍ വിവാഹം കഴിക്കുന്ന പണക്കാരി പെണ്ണായി ജയഭാരതിയെ ആലോചിക്കാം ''കാക്കത്തമ്പുരാട്ടി'' യില്‍ നായികയായ ജാനമ്മ (ശാരദ) യുടെ അനുജത്തിയായ സരള എന്ന കഥാപാത്രമായി ജയഭാരതി ഉണ്ടായിരുന്നു. തിരക്കഥ എഴുതിക്കൊണ്ടിരുന്നപ്പോള്‍ തന്നെ പ്രധാന നടീനടന്മാരെക്കുറിച്ച് രൂപമുണ്ടായത് ഒരു തരത്തില്‍ എഴുത്തുകാരനായ എനിക്ക് സഹായകരമായി തീര്‍ന്നു.
പട്ടിണി കിടന്ന കാലത്ത് ഗായകനായ നായകനെ പ്രണയിക്കുകയും അയാളെ സ്വയം മറന്നു സഹായിക്കുകയും ചെയ്യുന്ന അയല്‍ക്കാരിയായ യുവതിക്ക് ഞാന്‍ ശാരദ എന്നുതന്നെ പേരിട്ടു, അങ്ങനെ ശാരദ തന്നെ സിനിമയിലും ശാരദയായി. വിലയ്ക്കുവാങ്ങിയവീണയിലെ ശാരദയുടെ അഭിനയം അത്യുജ്വലമായി എന്നു തന്നെ പറയണം. പിന്നണിഗായകനാകാന്‍ അവസരം തേടി മദ്രാസിലേക്കുപോകുന്ന നായകന്‍ വഴിച്ചിലവിനു പണമില്ലാതെ വിഷമിക്കുമ്പോള്‍ ശാരദ അവളുടെ കഴുത്തില്‍ കിടക്കുന്ന സ്വര്‍ണ്ണമാല ഊരിക്കൊടുക്കുന്ന രംഗം അവിസ്മരണീയമാണ്. പി.ഭാസ്‌കരന്‍ മാസ്റ്റര്‍ എഴുതി വി.ദക്ഷിണാമൂര്‍ത്തി ഈണം പകര്‍ന്ന ''ഇനിയുറങ്ങൂ....ഇനിയുറങ്ങൂ... '' എന്ന ഗാനത്തിലെ ശാരദയുടെ അഭിനയവും എന്നും ഓര്‍മ്മയില്‍ നില്‍ക്കും. ഗായകന്‍ പ്രശസ്തിയുടെയും പെട്ടെന്ന് സമാര്‍ജ്ജിച്ച ധനത്തിന്റെയും ധവളിമയില്‍ കഴിഞ്ഞതെല്ലാം മറന്ന് മുന്നോട്ടുപോകുമ്പോള്‍ ശാരദ ഒറ്റപ്പെടുന്നു. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി അവള്‍ക്ക് ധനാഢ്യനായ ഒരു മധ്യവയസ്‌കനെ വിവാഹം ചെയ്യേണ്ടി വരുന്നു. അവളുടെ സാമ്പത്തികനിലവാരം ഉയരുന്നു. അഹന്തയുടെ പ്രതീകമായി മാറിയ നായകന്റെ അവസരങ്ങള്‍ കുറയുകയും നിര്‍മ്മാതാക്കളും സംഗീതസംവിധായകരും അയാളെ അവരുടെ സിനിമകളില്‍ നിന്ന് ഒഴിവാക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. ഒരു പുതിയഗായകന്‍ ഉയര്‍ന്നുവരുമ്പോള്‍ സ്വന്തം ഭാര്യപോലും അയാളുടെ പിന്നാലെ പോകുന്നതു കണ്ട് നമ്മുടെ കഥാനായകന്‍ നടുങ്ങിപ്പോകുന്നു. അയാള്‍ തികഞ്ഞ മദ്യപാനിയായി മാറുന്നു. ഭാസ്‌കരന്‍ മാസ്റ്റര്‍ തന്നെ എഴുതിയ ''കാട്ടിലെ പാഴ്മുളംതണ്ടില്‍ നിന്നും പാട്ടിന്റെ പാലാഴി തീര്‍ത്തവളെ ...''എന്ന ഗാനം വീണ്ടും നായികാനായകന്മാരെ കൂട്ടിമുട്ടിക്കുന്നു.''വിലയ്ക്ക് വാങ്ങിയ വീണ''യിലും ശാരദ ഒരു ദുഃഖപുത്രിയുടെ ഇമേജ് ആണ് നിലനിര്‍ത്തിയത്.
ഏറ്റുമാനൂര്‍ ചന്ദ്രശേഖരന്‍ നായര്‍ എഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്‌കരണമായ ''ഉദയം ''എന്ന സിനിമയിലും ഗീത എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ചത് ശാരദയാണ്. ഈ സിനിമയ്ക്കും തിരക്കഥയും സംഭാഷണവും എഴുതിയത് ഞാനാണ്. മധുവും രാഘവനും ആയിരുന്നു നായകന്മാര്‍.ഈ ചിത്രവും ഭാസ്‌കരന്‍ മാസ്റ്ററാണ് സംവിധാനം ചെയ്തത്. അദ്ദേഹത്തിന്റെ സുചിത്രമഞ്ജരി എന്ന നിര്‍മ്മാണക്കമ്പനിയാണ് ചിത്രം നിര്‍മിച്ചതും. നായകന്മാരേക്കാള്‍ നായികയ്ക്ക് പ്രാധാന്യമുള്ള സിനിമയായിരുന്നു ഉദയവും. പതിവുപോലെ ശാരദ ഗീതയുടെ വേഷം ഉജ്വലമാക്കി.
പി.ഭാസ്‌കരന്‍ മാസ്റ്റര്‍ തന്നെ സംവിധാനം ചെയ്ത ''വീണ്ടും പ്രഭാതം '' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനും ഞാന്‍ തന്നെ തിരക്കഥയും സംഭാഷണവും എഴുതി.. ഭാസ്‌കരന്‍മാസ്റ്റര്‍ തന്നെ എല്ലാ ഗാനങ്ങളും എഴുതി. ഗാനരചനയില്‍ നിന്ന് ഞാന്‍ സ്വയം വിട്ടുനിന്നു. പ്രസാദ് പ്രൊഡക്ഷന്‍സ് ഹിന്ദിയില്‍ നിര്‍മ്മിച്ച ''ബേട്ടി ബേട്ട'' എന്ന ചിത്രത്തിന്റെ കഥയായിരുന്നു ''വീണ്ടും പ്രഭാത''ത്തിന് ആധാരം. ആ കഥയില്‍ ഞാന്‍ കേരളത്തിലെ പ്രാദേശികാന്തരീക്ഷം കൊണ്ടുവരികയും ബന്ധങ്ങള്‍ക്കും ആചാരങ്ങള്‍ക്കും മലയാളസംസ്‌കാരത്തിന്റെ തനിമ വരുത്തുകയും ചെയ്തു. ബാല്യത്തില്‍ പിരിഞ്ഞുപോവുകയും വളര്‍ന്നുകഴിഞ്ഞു വീണ്ടും ഒന്നുചേരുകയും ചെയ്യുന്ന സഹോദരങ്ങളുടെ കഥയാണിത്. ഒരു ചേച്ചിയും രണ്ടു അനുജന്മാരുമാണ് കുട്ടിക്കാലത്ത് അകന്നുപോകുന്നത്. ഇവരില്‍ ഏറ്റവും ഇളയ അനുജനായി പ്രേംനസീറും നേരെ മൂത്ത സഹോദരനായി അടൂര്‍ഭാസിയും നിശ്ചയിക്കപ്പെട്ടു. ഇവരുടെ രണ്ടുപേരുടെയും ചേച്ചിയായി ഏതു നടി അഭിനയിക്കും ? എന്ന ചോദ്യം ഉയര്‍ന്നു. ഷീല, ശാരദ, കെ.ആര്‍.വിജയ, ജയഭാരതി, വിജയശ്രീ തുടങ്ങിയ പ്രധാന നായികാ നടികളെല്ലാം നസീര്‍സാറിന്റെ നായികയായി മാത്രം അഭിനയിക്കുന്നവര്‍ ആണ്.
തുടങ്ങാന്‍ പോകുന്ന ചിത്രത്തില്‍ പ്രേംനസീറിന്റെ നായിക വിജയശ്രീ ആയിരിക്കണം എന്ന് ഭാസ്‌കരന്‍മാസ്റ്റര്‍ തീരുമാനിച്ചു കഴിഞ്ഞു. എന്നാല്‍ കഥയിലെ കേന്ദ്രകഥാപാത്രം മൂത്ത സഹോദരിയാണ്. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ഭാസ്‌കരന്‍മാസ്റ്റര്‍ ശാരദയോട് തന്നെ ചോദിച്ചു. നിര്‍മ്മാതാക്കള്‍ തെലുങ്കരാണ്. ശാരദയ്ക്ക് നന്നായി അറിയാവുന്നവര്‍. ഏതായാലും പ്രേംനസീറിന്റെയും അടൂര്‍ഭാസിയുടെയും ചേച്ചിയായി അഭിനയിക്കാന്‍ ശാരദ തയ്യാറായി. ഒരു നടി എന്ന നിലയില്‍ അവര്‍ തികച്ചും വ്യത്യസ്തയാണെന്ന് ഈ അനുഭവം തെളിയിച്ചു. ചിത്രം വമ്പിച്ച വിജയമാവുകയും ചെയ്തു. ശാരദയുടെ അനുജന്മാരായി അടൂര്‍ഭാസിയെയും പ്രേംനസീറിനെയും അംഗീകരിക്കാന്‍ മലയാളിപ്രേക്ഷകര്‍ തയ്യാറായി .അതിന്റെ പ്രധാന കാരണം ശാരദയുടെ അഭിനയം തന്നെയായിരുന്നു. തന്റെ ശരീര ഭാഷയില്‍ പോലും അവര്‍ ആ കഥാപാത്രത്തിന് അനുകൂലമായവിധത്തില്‍ മാറ്റങ്ങള്‍ വരുത്തുകയുണ്ടായി
ഞാന്‍ സംവിധാനം ചെയ്ത 'തിരുവോണം '(1975) എന്ന ചിത്രത്തില്‍ ശാരദ എപ്പോഴും കരയുന്ന കഥാപാത്രമാവരുതെന്ന് ഞാന്‍ തീരുമാനിച്ചു. തകര്‍ച്ചയിലേക്ക് നീങ്ങുന്ന സ്വന്തം കുടുംബത്തെ ആത്മവിശ്വാസം കൊണ്ടും കഠിനപ്രയത്‌നം കൊണ്ടും പിടിച്ചുനിര്‍ത്തുന്ന കഥാപാത്രമാണ് 'തിരുവോണം ' എന്ന സിനിമയിലെ നായികയായ രാധിക. സത്യസന്ധനായ ഒരു ഇന്‍കംടാക്‌സ് ഓഫിസറും ആദായനികുതികൊടുക്കാതെ കള്ളപ്പണം പൂഴ്ത്തിവയ്ക്കുന്ന ഒരു വ്യവസായിയും തമ്മിലുള്ള സംഘട്ടനമാണ്'തിരുവോണം 'എന്ന കഥയുടെ കേന്ദ്രബിന്ദു. അക്കാലത്ത് വില്ലന്‍ വേഷങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന കെ.പി.ഉമ്മര്‍ക്ക് ഞാന്‍ സത്യസന്ധനായ ആദായനികുതി ഉദ്യോഗസ്ഥന്റെ വേഷം നല്‍കി. കള്ളപ്പണക്കാരനും പരമദുഷ്ടനുമായ വ്യവസായിയായി അടൂര്‍ ഭാസിയുടെ ജ്യേഷ്ഠസഹോദരനായ ചന്ദ്രാജിയെ അഭിനയിപ്പിച്ചു. ആദായനികുതിയുദ്യോഗസ്ഥനായ ദാമോദരന്റെ മകന് തന്റെ മകളെ വിവാഹം ചെയ്തുകൊടുത്ത് ബന്ധം സ്ഥാപിക്കുന്ന ചന്ദ്രന്‍പിള്ള എന്ന കുടിലന്റെ വിദ്യകളൊന്നും ഫലം കാണാതെവരുമ്പോഴാണ് ബന്ധുക്കള്‍ തമ്മിലുള്ള സംഘട്ടനം തുടങ്ങുന്നത്.
മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ഓണപ്പാട്ടെന്ന് എന്റെ ശത്രുക്കള്‍ പോലും സമ്മതിക്കുന്ന, അര്‍ജുനന്‍മാസ്റ്ററുടെ സംഗീതത്തില്‍ വാണിജയറാം പാടിയ ''തിരുവോണപ്പുലരി തന്‍ തിരുമുല്‍ക്കാഴ്ച വാങ്ങാന്‍ തിരുമുറ്റമണിഞ്ഞൊരുങ്ങി'' എന്ന ഗാനം ഈ ചിത്രത്തില്‍ ശാരദയാണ് പാടി അഭിനയിച്ചിട്ടുള്ളത.് ശ്രീകൃഷ്ണന്‍ എന്ന കഥാപാത്രം (പ്രേംനസീര്‍ ) ഈ പാട്ടിലാണ് പ്രത്യക്ഷപ്പെടുന്നത്. രാധികയുടെ അനുജനായി ഈ ചിത്രത്തില്‍ കമലഹാസനും അഭിനയിച്ചു. കമലഹാസന് അന്ന് ഇരുപതുവയസ്സ്. മയക്കുമരുന്നിന് അടിമയായ ഇംഗ്ലീഷ്പാട്ടുകാരന്റെ വേഷമായിരുന്നു കമലിന്. 1975-ല്‍ തന്നെ 'ഡ്രഗ്ഗ് അഡിക്ഷന്‍' എന്ന വിഷയം ഞാന്‍ സിനിമയില്‍ അവതരിപ്പിച്ചു. അത് വെറും ഇരുപതുകാരനായ കമലഹാസന്‍ തിരിച്ചറിയുകയും ചെയ്തു. ഇന്ന് കേരളത്തെ ഏറ്റവും കൂടുതല്‍ അലട്ടുന്ന ഒരു പ്രശ്‌നം നാലര പതിറ്റാണ്ടിനു മുന്‍പ് തന്നെ ഞാന്‍ എന്റെ സിനിമയില്‍ കൊണ്ടുവന്നു എന്നോര്‍ക്കുമ്പോള്‍ എനിക്കുതന്നെ അദ്ഭുതം തോന്നുന്നു. ആ വീട്ടില്‍ അടുക്കളയില്‍ ജോലിചെയ്യാന്‍ വരുന്ന ശ്രീകൃഷ്ണനും ( പ്രേംനസീര്‍) ശാരദയുടെ അനുജന്‍ പ്രേംകുമാറായി വരുന്ന കമലഹാസനും തമ്മിലും അടുക്കളപ്പണിയറിയാമെന്ന് നുണ പറഞ്ഞ് ജോലിയില്‍ കയറുന്ന ശ്രീകൃഷ്ണനും അയാളുടെ കള്ളം കണ്ടുപിടിക്കുന്ന രാധികയും തമ്മിലും ഉള്ള രസകരമായ ഏറ്റുമുട്ടലുകളില്‍ ഹാസ്യം അഭിനയിക്കുന്നതില്‍ താന്‍ മറ്റാരുടെയും പിന്നിലല്ലെന്ന് ശാരദ തെളിയിച്ചു. പ്രേംനസീറും കമലഹാസനും ഒരുമിച്ചഭിനയിച്ച ഒരേയൊരു സിനിമ 'തിരുവോണം' ആണ്. നിര്‍ഭാഗ്യവശാല്‍ മദ്രാസിലെ ആര്‍.കെ.ലബോറട്ടറിയുടെ അശ്രദ്ധ മൂലം അനവധി ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളുടെ നെഗറ്റിവ് നഷ്ടപ്പെട്ടുപോയി. ആ കൂട്ടത്തില്‍ തിരുവോണവും നഷ്ടമായി. നെഗറ്റിവ് ഉരുകി കട്ടപിടിച്ചു. അങ്ങനെ നിര്‍മ്മാതാവായ കെ,പി.മോഹനും ഒരു വലിയ സിനിമ നഷ്ടമായി.
തിരുവോണം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് എറണാകുളം സ്വദേശിയായ കെ.പി. മോഹന്‍ ആയിരുന്നു. ചിത്രത്തിലെ പുറംവാതില്‍ കാഴ്ചകള്‍ ചിത്രീകരിച്ചത് എറണാകുളം -തൃപ്പൂണിത്തുറ പ്രദേശങ്ങളിലും. ഞാനും നടീനടന്മാരും ഭാരത് ടൂറിസ്റ്റ് ഹോമിലാണ് താമസിച്ചിരുന്നത്. ഒരു ദിവസം രാവിലെ ഞാന്‍ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് പരിഭ്രമത്തോടെ എന്റെ മുറിയിലേക്ക് ഓടിവന്നു പറഞ്ഞു. ''സാര്‍, ഇന്ന് ഷൂട്ട് നടക്കുമെന്ന് തോന്നുന്നില്ല. ശാരദയ്ക്ക് ഇന്ന് ലൊക്കേഷനിലേക്ക് വരാന്‍ പ്രയാസമാണെന്ന് പറയുന്നു.''''കാര്യമെന്ത്.? '' ''എനിക്കറിയത്തില്ല സാര്‍. സാറ് അവരോടു നേരിട്ട് സംസാരിക്കണം.''സാധാരണയായി സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ നടികള്‍ താമസിക്കുന്ന മുറികളില്‍ പോകാറില്ല, എന്റെ സ്വഭാവം അറിയാവുന്ന നടികള്‍ എന്റെ മുറിയിലേക്കും വരാറില്ല. അന്നത്തെ ഷൂട്ടിങ്ങില്‍ ശാരദയ്ക്കാണ് കൂടുതല്‍ രംഗങ്ങള്‍ ഞാന്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. ക്യാമറയും ലൈറ്റുകളും മറ്റുമായി ഔട്ട്‌ഡോര്‍ യൂണിറ്റിന്റെ വാന്‍ ലൊക്കേഷനിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. കൃത്യനിഷ്ഠയുടെ പ്രതീകമായ പ്രേംനസീറും ലൊക്കേഷനിലേക്ക് തിരിച്ചു. ശാരദ വന്നില്ലെങ്കില്‍ എന്റെ കണക്കുകള്‍ തെറ്റും. അന്നത്തെ ഷൂട്ടിങ് ''ചുമട് കാല്‍ പണം; ചുമട്ടുകൂലി മുക്കാല്‍ പണം '' എന്ന സ്ഥിതിയിലാകും. മനസ്സില്ലാമനസ്സോടെ ഞാന്‍ ശാരദ താമസിക്കുന്ന മുറിയുടെ മുന്‍പില്‍ പോയി കതകില്‍ തട്ടി. വാതില്‍ തുറന്ന ശാരദയെ കണ്ടു ഞാന്‍ ഞെട്ടിപ്പോയി. അവരുടെ രണ്ടുകവിളുകളും നീര് വന്നു വീര്‍ത്തിരിക്കുന്നു. ചുണ്ടില്‍ മുറിവ്. അതില്‍ രക്തം കട്ടപിടിച്ചിരിക്കുന്നു. ''നിങ്ങള്‍ക്കെന്തുപറ്റി..കുളിമുറിയിലെങ്ങാനും വീണോ ? '' എന്ന് ഞാന്‍ ചോദിച്ചു. ശാരദ അതിനു മറുപടി പറയാതെ അഭ്യര്‍ഥനാസ്വരത്തില്‍ പറഞ്ഞു.'' ഇന്നത്തെ ഷൂട്ടിങ്ങില്‍ ഈ മുഖവുമായി എനിക്ക് അഭിനയിക്കാന്‍ കഴിയുമോ? സാറിന് എന്റെ ക്ലോസപ്പ് എടുക്കാന്‍ പറ്റുമോ...?'' ''എന്താണ് സംഭവിച്ചതെന്ന് പറയൂ.'' അവരുടെ പിന്നില്‍ കിടക്കുന്ന ഇരട്ടകട്ടിലുകളിലേക്കു വിരല്‍ ചൂണ്ടി ശാരദ പറഞ്ഞു. ''എന്റെ ഹസ്ബന്‍ഡ് വന്നിട്ടുണ്ട് ''
തിരുവോണം എന്ന സിനിമ ഇറങ്ങിയ 1975 -ല്‍ തന്നെയാണ് ആര്‍.എസ്,പ്രഭു നിര്‍മ്മിച്ച് ശശികുമാര്‍ സംവിധാനം ചെയ്ത ''അഭിമാനം ''എന്ന സിനിമ പുറത്തുവന്നത് . ''ഭാര്യാ ഭര്‍തൃലു '' (ഭാര്യാ ഭര്‍ത്താക്കന്മാര്‍) എന്ന തെലുങ്കു കഥയെ ആസ്പദമാക്കി മലയാളത്തില്‍ നിര്‍മ്മിച്ച ''അഭിമാനം ''എന്ന ചിത്രത്തിനും തിരക്കഥയും സംഭാഷണവും ഞാന്‍ രചിച്ചു. സ്ത്രീലമ്പടനായ ഭര്‍ത്താവിനെ തികഞ്ഞ സഹനത്തിലൂടെ നേര്‍വഴിക്ക് കൊണ്ടുവരുന്ന ഭാര്യയുടെ വേഷത്തില്‍ ശാരദ തിളങ്ങി. പ്രേംനസീര്‍ തന്നെയാണ് പ്രതിനായകസ്വഭാവമുള്ള നായകനെ അവതരിപ്പിച്ചത്.''അഭിമാന''ത്തിലെ ഇന്ദു ടീച്ചറും ശാരദയുടെ അഭിനയചാതുരിയ്ക്ക് ഉത്തമദൃഷ്ടാന്തമാണ്. ഈ ചിത്രത്തിന്റെ കഥ മറന്നുപോയവരും ഈ സിനിമയ്ക്ക് വേണ്ടി ഞാന്‍ എഴുതി എ.ടി.ഉമ്മറിന്റെ ഈണത്തില്‍ യേശുദാസ് പാടിയ ''പൊട്ടിക്കരഞ്ഞുകൊണ്ടോമനേ ഞാനെന്റെ കുറ്റങ്ങള്‍ സമ്മതിക്കാം മനസ്സിനെ താമരയാക്കിയ ലക്ഷ്മീ മാപ്പുതരൂ -- എനിക്കു നീ മാപ്പു തരൂ ....''
എന്ന ഗാനം ഓര്‍മ്മിക്കാതിരിക്കയില്ല. ഈ പാട്ടിലൂടെ നിങ്ങള്‍ ആ കഥയിലേക്ക് വീണ്ടും പ്രവേശിക്കുക തന്നെ ചെയ്യും.
തിരുവോണത്തിലെ ചില രംഗങ്ങള്‍ ഷൂട്ട് ചെയ്തപ്പോള്‍ അനായാസമായി ഹാസ്യം കൈകാര്യം ചെയ്യുന്ന ശാരദയോട് ഞാന്‍ പറഞ്ഞു.''എന്നെങ്കിലും നമുക്ക് ഒരു ഹാസ്യചിത്രമെടുക്കണം. ശാരദ അതില്‍ നായികയാകണം.'':''തീര്‍ച്ചയായും സാര്‍. അതെന്റെ മോഹമാണ് ''എന്ന് അവരും പറഞ്ഞു.എന്നാല്‍ അധികം വൈകാതെ അവര്‍ തെലുങ്ക് സിനിമകളില്‍ തിരക്കേറിയ നടിയായി. മലയാളസിനിമകള്‍ക്കു കാള്‍ഷീറ്റ് തരാന്‍ കഴിയാത്ത അവസ്ഥയിലായി. ഒരു മലയാള സിനിമയിലെ നായികയ്ക്ക് കിട്ടുന്നതിന്റെ അഞ്ചിരട്ടി പ്രതിഫലം തെലുങ്ക് സിനിമയിലെ നായികയ്ക്ക് ലഭിക്കും. മലയാളസിനിമ കണ്ടെത്തിയ അംബികയും രാധയും ആസിനും നയനതാരയുമൊക്കെ തെലുങ്കിലേക്ക് ചേക്കേറിയതിന്റെ കാരണം മറ്റൊന്നുമല്ല. അങ്ങനെ സ്വന്തം ഭാഷയില്‍ ആഗ്രഹിച്ച ഇടംകിട്ടിയപ്പോള്‍ ശാരദ ദീര്‍ഘകാലം മലയാളത്തില്‍ നിന്ന് വിട്ടുനിന്നു എന്നതും സത്യം.
തെലുങ്കില്‍ ശാരദ വൈവിധ്യമുള്ള വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടു . പോലീസ് ഉദ്യോഗസ്ഥയുടെ വേഷങ്ങളിലും മറ്റും അവര്‍ അഭിനയിച്ചു. ശാരദയെ മനസ്സില്‍ കണ്ടുകൊണ്ട് നായികാപ്രാധാന്യമുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ പല നിര്‍മ്മാതാക്കളും മുന്നോട്ടു വന്നു. ശോഭന്‍ബാബു എന്ന നടനോടൊപ്പം വിവിധ തെലുങ്ക് ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു. മദ്രാസിലെ നുങ്കമ്പാക്കത്തു സരസ്വതി സ്ട്രീറ്റിലുള്ള ശാരദയുടെ വീട്ടിലേക്ക് ക്ഷേത്രത്തിലേക്ക് വരുന്നതുപോലെ തെലുങ്ക് ആരാധകര്‍ ബസ്സുകളില്‍ വരാന്‍ തുടങ്ങി. ക്രമേണ അവര്‍ എന്‍.ടി.രാമറാവുവിന്റെ മരുമകന്‍ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുഗു ദേശം എന്ന പാര്‍ട്ടിയില്‍ ചേര്‍ന്നു. കുറച്ചുകാലം കഴിഞ്ഞ് ആ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ഏതൊരു വ്യക്തിയിലും അയാളുടെ രാഷ്ട്രീയബന്ധം അസാമാന്യമായ സ്വാധീനം ചെലുത്തുമെന്ന കാര്യം തര്‍ക്കമറ്റതാണ്. രാഷ്ട്രീയ നേതാവായതോടെ ശാരദ എന്ന വ്യക്തിയുടെ സമീപനങ്ങളിലും വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടായി എന്നത് സത്യമാണ് .
ചിത്രം തുടങ്ങിയപ്പോള്‍ ശാരദ സമ്മതിച്ച പ്രതിഫലത്തിന്റെ ഇരട്ടിയോളം വേണമെന്ന് ചിത്രം പൂര്‍ത്തിയായപ്പോള്‍ അവര്‍ ആവശ്യപ്പെട്ടു.അവരെ അങ്ങേയറ്റം വിശ്വസിച്ചിരുന്നതുകൊണ്ട് ഞാന്‍ അവരുമായി എഗ്രിമെന്റ് സൈന്‍ ചെയ്തിരുന്നില്ല. താന്‍ നേരത്തെ തന്നെ പറഞ്ഞത് ഈ തുകയാണെന്ന് കള്ളം പറയാനും അവര്‍ മടിച്ചില്ല. അവരോടൊപ്പം നിന്ന് എന്നെ വഞ്ചിച്ച പ്രൊഡക്ഷന്‍ മാനേജരായ മഹേഷ് കവടിയാര്‍ എന്ന ഷിബുവിനെ ചിത്രം പൂര്‍ത്തിയാകുന്നതിനു മുന്‍പ് ഫെഫ്കയുടെ നിയമപ്രകാരം മുഴുവന്‍ പ്രതിഫലവും ( രണ്ടര ലക്ഷം രൂപ ) നല്‍കി ഞാന്‍ പുറത്താക്കി. എന്റെ മുപ്പത്തിമൂന്നാമത്തെ വയസ്സില്‍ നിര്‍മ്മാണക്കമ്പനി തുടങ്ങിയ കലാകാരനാണ് ഞാന്‍. നിര്‍മ്മാതാവും സംവിധായകനുമായിട്ട് നാല്പത്തിയെട്ടു വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഈ കാലഘട്ടത്തില്‍ എന്റെ ഗ്രൂപ്പ് ഓഫ് കമ്പനികള്‍ ഒരു കന്നടസിനിമയുള്‍പ്പടെ ഇരുപത്തിയാറു സിനിമകള്‍ നിര്‍മ്മിച്ചു. ശാരദയില്‍ നിന്ന് എനിക്കുണ്ടായ ഈ അനുഭവം മറ്റൊരു നടനില്‍ നിന്നോ നടിയില്‍ നിന്നോ ഇന്നോളം ഉണ്ടായിട്ടില്ല.പഴയ ശാരദ ഇന്നില്ല. കണ്ണുകള്‍ക്ക് ഭാഗികമായെങ്കിലും കാഴ്ച നഷ്ടപ്പെട്ട അവര്‍ക്കു സിനിമയില്‍ ഇനിയൊരങ്കത്തിന് ബാല്യവുമില്ല. രാഷ്ട്രീയപ്പിത്തലാട്ടങ്ങളില്‍ പതിക്കുന്നതിനു മുന്‍പ് അവര്‍മലയാളത്തില്‍ ചെയ്ത നല്ല വേഷങ്ങള്‍ നമ്മള്‍ എന്നും ഓര്‍മ്മിക്കും. അവര്‍ ഏതു കഥാപാത്രത്തെയും അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള അഭിനേത്രി തന്നെയാണ്. സംശയമില്ല.
(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ച എന്റെ കഥാനായികമാര്‍ എന്ന പംക്തിയില്‍ നിന്ന്)
Content Highlights: Sreekumaran Thampi about actress sharada