23 ശസ്ത്രക്രിയകള്‍, തുടര്‍ച്ചയായ പരാജയങ്ങള്‍; വികാരഭരിതനായി ചിയാൻ വിക്രം

ചിയാൻ വിക്രം/ ഇൻസ്റ്റാഗ്രാം (vikram_.official_)
ചിയാൻ വിക്രം/ ഇൻസ്റ്റാഗ്രാം (vikram_.official_)

ചിയാന്‍ വിക്രം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'തങ്കലാന്‍' തിയറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. ഓഗസ്റ്റ് 15-ന് റിലീസിനെത്തുന്ന സിനിമയുടെ ഓഡിയോ ലോഞ്ച് ഓഗസ്റ്റ് 5-ന് ചെന്നൈയില്‍ നടന്നു. ഓഡിയോ ലോഞ്ചിനിടയിലെ വിക്രമിന്റെ ഹൃദയസ്പര്‍ശിയായ പ്രസംഗമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തന്റെ കഥാപാത്രത്തിനായി ശാരീരികമായും മാനസികമായും എന്ത് വീട്ടുവീഴ്ചയ്ക്കും തയ്യാറാകുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്ന നടനാണ് വിക്രം. സേതു, പിതാമഗന്‍, അന്യന്‍, ഐ, രാവണന്‍ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ വിക്രമിന്റെ കഥാപാത്രത്തിനായുള്ള ശ്രമങ്ങൾ വ്യക്തമാണ്. എന്നാല്‍ ആ കഥാപാത്രങ്ങളെല്ലാം തങ്കലാനെ സംബന്ധിച്ച് ചെറുതായിരുന്നെന്നും ചെയ്തതില്‍ വെച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള കഥാപാത്രമായിരുന്നു തങ്കലാനിലേതെന്നും താരം പറഞ്ഞു. 

സ്വന്തം ജീവിതയാത്രയും തങ്കലാനിലെ കേന്ദ്ര കഥാപാത്രവും തമ്മിലുള്ള സമാനതകളും താരം പങ്കുവെച്ചു. തനിക്കിനി ഒരിക്കലും നടക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ അമ്മയോട് പറഞ്ഞ സമയത്തെക്കുറിച്ച് വിക്രം ഓര്‍ത്തെടുത്തു. തങ്കലാനെപ്പോലെ താനും ഒരു യോദ്ധാവാണെന്നും ചുറ്റുമുള്ളവരെല്ലാം അപ്രാപ്യമാണെന്ന് പറയുമ്പോഴും സ്വന്തം ലക്ഷ്യത്തിലെത്തിച്ചേരാനുള്ള വാശിയാണ് ഞങ്ങളിലെ സമാനതയെന്നും വിക്രം കൂട്ടിച്ചേര്‍ത്തു.

'ചെറുപ്പം മുതല്‍ അഭിനയം എന്റെ മനസ്സിലുണ്ടായിരുന്നു. കോളേജ് നാടകത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയ ഉടനെ എന്റെ കാലൊടിഞ്ഞു. ഞാന്‍ 3 വര്‍ഷം ആശുപത്രിയിലും മറ്റുമായി ചെലവഴിച്ചു. ഇതിനിടയില്‍ 23 ശസ്ത്രക്രിയകള്‍ നടത്തി, ഊന്നുവടിയുമായി കുറേക്കാലം നടന്നു. ഇനി പഴയതുപോലെ നടക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വിധി എഴുതി. പക്ഷേ എനിക്ക് വാശിയായി. നടക്കാന്‍ തുടങ്ങിയപ്പോഴും അവസരങ്ങള്‍ കിട്ടിയപ്പോഴും എല്ലാം ശരിയാകുമെന്ന് കരുതി, എന്നാല്‍ പിന്നീട് 10 വര്‍ഷം തുടര്‍ച്ചയായ പരാജയങ്ങള്‍. ഞാന്‍ തിരിച്ചുവരില്ലെന്ന് എല്ലാവരും പറഞ്ഞു. എന്നാല്‍ ഞാന്‍  സിനിമയെന്ന സ്വപ്നം ഉപേക്ഷിച്ചില്ല. എന്റെ സ്വപ്‌നത്തിനായി പോരാടി. അത് ഇന്നെത്തി നില്‍ക്കുന്നത് ഈ വേദിയിലാണ്. ഈ ആവേശമാണ് തങ്കലാനെയും നയിക്കുന്നത്'- വികാരഭരിതനായി വിക്രം പറഞ്ഞു

ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ വിക്രമിന്റെ ഇടുപ്പെല്ലിന് പരുക്കേറ്റിരുന്നു. പാ.രഞ്ജിത് സംവിധാനം ചെയ്യുന്ന തങ്കലാനില്‍ വിക്രമിനൊപ്പം ഇംഗ്ലീഷ് താരം ഡാനിയേലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിക്രമിനൊപ്പം മാളവിക മോഹനന്‍, പാര്‍വതി തിരുവോത്ത്, പശുപതി എന്നിവരും അണിനിരക്കുന്നു. ചിത്രത്തിൽ ജി.വി പ്രകാശ് കുമാര്‍ സംഗീതവും സെല്‍വ ആര്‍.കെ എഡിറ്റിംഗും കിഷോര്‍ കുമാർ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. 

Content Highlights: speech of chiyan vikram in thangalaan audio launch