സിനിമയില്‍ കഥാപാത്രത്തിനുവേണ്ടി ഒരിക്കലും ചെയ്യാന്‍ തയ്യാറാവാത്ത കാര്യമെന്തായിരിക്കുമെന്ന് ചോദിച്ചപ്പോള്‍ ബോളിവുഡ് താരം ജാന്‍വി കപൂര്‍ നല്‍കിയ ഉത്തരം ചര്‍ച്ചയാവുകയാണ്. തല മൊട്ടയടിക്കില്ലെന്നായിരുന്നു ജാന്‍വിയുടെ മറുപടി. മൊട്ടയടിക്കണമെങ്കില്‍ ജീവിതം മാറ്റിമറിക്കുന്ന ഒരു റോളാണെങ്കിലും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന ഒരവസരമാണെങ്കിലും അതു ചെയ്യില്ലെന്നാണ് താരം പറഞ്ഞത്. വേറെ എന്തും ചെയ്യാന്‍ താന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു. 

ഉലജ് സിനിമയ്ക്കുവേണ്ടി മുടി മുറിക്കാന്‍ സംവിധായകന്‍ ശുദ്ധാംശു തന്നോട് ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ അദ്ദേഹവുമായുണ്ടായ ഏറ്റവും വലിയ കലഹം അതിനെച്ചൊല്ലിയാണെന്നും ജാന്‍വി പറയുന്നു.

അമ്മ ശ്രീദേവി കാരണമാണ് മുടിയുടെ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നതെന്നാണ് ജാന്‍വിയുടെ പക്ഷം. ''ഈ വിഷയത്തില്‍ അമ്മ ഒരിക്കല്‍ ദേഷ്യപ്പെടുകയും ചെയ്തു. ധഡക് സിനിമയുടെ സമയത്ത് ഞാന്‍ മുടി മുറിച്ചപ്പോള്‍ അമ്മ ഒരുപാട് ദേഷ്യപ്പെട്ടു. 'നിനക്ക് എങ്ങനെ കഴിഞ്ഞു? ഒരു വേഷത്തിനു വേണ്ടിയും മുടി വെട്ടരുത്.'-എന്നാണ് അമ്മ പറഞ്ഞത്. മൂന്നോ നാലോ ദിവസം കൂടുമ്പോള്‍ അമ്മ മുടിയില്‍ എണ്ണ പുരട്ടി, തല മസാജ് ചെയ്തു തരുമായിരുന്നു. എന്റെ മുടിയില്‍ അമ്മയ്ക്ക് വലിയ അഭിമാനമായിരുന്നു.അതുകൊണ്ട് ഞാന്‍ മുടി വെട്ടില്ല'' -ജാന്‍വി പറഞ്ഞു.

അതേസമയം, ജാന്‍വി കപൂര്‍ പ്രധാനവേഷത്തിലെത്തിയ പുതിയ ചിത്രം 'ഉലജ്' ബോക്‌സോഫീസില്‍ തകരുകയാണ്. റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോഴും 10 കോടി രൂപ പോലും സ്വന്തമാക്കാന്‍ ചിത്രത്തിനായില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.