ബോളിവുഡ് നടിയും മാണ്ഡി മണ്ഡലത്തില്‍നിന്നുള്ള ബി.ജെ.പി എം.പി.യുമായ കങ്കണ റണൗട്ട് മുംബൈയിലുള്ള തന്റെ വീട് വില്‍ക്കാനൊരുങ്ങുന്നു. കോഡ് എസ്‌റ്റേറ്റ് എന്ന യൂട്യൂബ് ചാനലാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇവിടെ തന്നെയാണ് കങ്കണയുടെ നിര്‍മാണ കമ്പനിയായ മണികര്‍ണിക ഫിലിംസിന്റെ ഓഫീസും. എഡിറ്റിങ് സ്റ്റുഡിയോ, കോണ്‍ഫറന്‍സ് റൂം എന്നിവയും ഓഫീസിലുണ്ട്. 

ബാന്ദ്രയിലെ പാലി ഹില്ലിലാണ് ഈ വീടുള്ളത്. രണ്ട് നിലകളിലായുള്ള ഈ വീടിന് 40 കോടി രൂപയാണത്രെ വിലയിട്ടിരിക്കുന്നത്. 2017-ലാണ് കങ്കണ ഈ വീട് സ്വന്തമാക്കിയത്. 2022-ല്‍ നിയമവിരുദ്ധമായിട്ടുള്ള നിര്‍മാണമെന്ന് ആരോപിച്ച് ബിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഈ വീട് പൊളിച്ചുനീക്കാന്‍ ശ്രമിച്ചിരുന്നു. ഓഫീസിന്റെ കുറച്ച് ഭാഗങ്ങള്‍ പൊളിക്കുകയും ചെയ്തു. എന്നാല്‍, പൊളിച്ചുനീക്കല്‍ മുംബൈ ഹൈക്കോടതി സ്‌റ്റേ ചെയ്തു. കോര്‍പ്പറേഷന്റെ നടപടിക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കങ്കണ കേസ് ഫയല്‍ ചെയ്തുവെങ്കിലും, ഇത് പിന്നീട് പിന്‍വലിച്ചു. 

അഭിനയത്തിനൊപ്പം സിനിമാനിര്‍മാണം, സംവിധാനം എന്നിവയിലും കങ്കണ സജീവമാണ്. ഇനി പുറത്തിറങ്ങാനിരിക്കുന്ന 'എമര്‍ജന്‍സി' എന്ന സിനിമ നിര്‍മിക്കുന്നതും സംവിധാനം ചെയ്യുന്നതും കങ്കണ തന്നെ. അതിനിടെ തുടര്‍ച്ചയായുള്ള സിനിമാപരാജയങ്ങളുടെ പേരിലാണ് വീട് വില്‍ക്കാനൊരുങ്ങുന്നതെന്നും സംസാരമുണ്ട്. കങ്കണ ഒടുവില്‍ അഭിനയിച്ച സിനിമകളില്‍ 'മണികര്‍ണിക' മാത്രമാണ് അല്പമെങ്കിലും ബോക്‌സോഫീസില്‍ പിടിച്ചുനിന്നത്. 'ജഡ്ജ്‌മെന്റല്‍ ഹേ ക്യാ', 'പംഗ', 100 കോടി ചെലവഴിച്ച് നിര്‍മിച്ച 'തലൈവി', 85 കോടിക്ക് നിര്‍മിച്ച 'ധാക്കഡ്' തുടങ്ങിയവയെല്ലാം അമ്പേ പരാജയമായിരുന്നു. 

2023-ല്‍ ഇറങ്ങിയ 'തേജസ്' നിര്‍മിച്ചത് 70 കോടി രൂപയ്ക്കായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും അത് വമ്പന്‍ പരാജയമായി മാറി. അതേവര്‍ഷം തന്നെ തമിഴിലിറങ്ങിയ 'ചന്ദ്രമുഖി 2', കങ്കണയുടെ മുന്‍സിനിമകളുടെ പരാജയം ആവര്‍ത്തിച്ചു. കങ്കണയുടെ പരാജയപ്പെട്ട സിനിമകളുടെ ലിസ്റ്റിലേക്ക് ഒരു പേര് കൂടി. കങ്കണ നിര്‍മിച്ച ഒ.ടി.ടി റിലീസായ 'ടിക്കു വെഡ്‌സ് ഷെരു'വിനും നെഗറ്റീവ് പ്രതികരണങ്ങളാണ് ലഭിച്ചത്. 2015-ല്‍ പുറത്തിറങ്ങിയ തനു വെഡ്‌സ് മനു എന്ന സിനിമയാണ് കങ്കണയുടേതായി അവസാനം പുറത്തിറങ്ങിയ ഹിറ്റ്. സിനിമകള്‍ പരാജയപ്പെട്ടെങ്കിലും കങ്കണയുടെ അഭിനയം പലപ്പോഴും പ്രേക്ഷകരുടെ പ്രശംസയേറ്റുവാങ്ങി. 'പംഗ'യിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള ദേശീയപുരസ്‌കാരവും ലഭിച്ചു.