ലോർഡ്സിൽ ജേഴ്സി ഊരി വീശി ആഘോഷം, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച നായകൻ സൗരവ് ഗാംഗുലി, 'ദാദ'!

മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ സൗരവ് ഗാംഗുലിയുടെ 54-ാം ജന്മദിനത്തിൽ, ആരാധകർക്ക് ആവേശം പകർന്ന് അദ്ദേഹത്തിന്റെ ബയോപിക് ചിത്രം 'ദാദ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ബോളിവുഡ് താരം രാജ്കുമാർ റാവുവാണ് ചിത്രത്തിൽ ദാദയായി വേഷമിടുന്നത്.
ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ഐതിഹാസികമായ ഒരു മുഹൂർത്തം പുനരാവിഷ്കരിച്ചുകൊണ്ടാണ് ഫസ്റ്റ് ലുക്ക് എത്തിയത്. 2002-ൽ ലോർഡ്സിൽ നടന്ന നാറ്റ്‌വെസ്റ്റ് സീരീസ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയ ആവേശോജ്വലമായ വിജയത്തിന് പിന്നാലെ, ബാൽക്കണിയിൽ വെച്ച് ജേഴ്സി ഊരി വായുവിൽ വീശിക്കൊണ്ട് ഗാംഗുലി നടത്തിയ ആഘോഷമാണ് ഫസ്റ്റ് ലുക്കിലുള്ളത്.
"ഹാപ്പി ബർത്ത്ഡേ, നമ്മുടെ പ്രിയപ്പെട്ട ദാദ," എന്ന് കുറിച്ചുകൊണ്ടാണ് രാജ്കുമാർ റാവു ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. തന്റെ ജന്മദിനത്തിൽ പുറത്തുവന്ന ഈ സമ്മാനത്തിന് നന്ദി പറഞ്ഞുകൊണ്ട് ദാദയും രംഗത്തെത്തി. "ഇതുവരെ ലഭിച്ചതിൽ വെച്ച് ഏറ്റവും മികച്ച സമ്മാനം! എന്റെ ആ കവർ ഡ്രൈവ് നിങ്ങൾ സ്ക്രീനിൽ കളിക്കുന്നത് കാണാൻ എനിക്ക് ഇനി കാത്തിരിക്കാനാവില്ല," രാജ്കുമാർ റാവുവിന് ആശംസകൾ നേർന്നുകൊണ്ട് ഗാംഗുലിയും കുറിച്ചു.
രാജ്കുമാർ റാവു തന്നെ താരം
നേരത്തെ, 2025 ജൂലൈയിൽ നൽകിയ ഒരുഭിമുഖത്തിൽ തന്റെ കഥാപാത്രം ചെയ്യാൻ ഏറ്റവും അനുയോജ്യനായ താരം രാജ്കുമാർ റാവു തന്നെയാണെന്ന് ഗാംഗുലി വ്യക്തമാക്കിയിരുന്നു. "ശരിയായ വ്യക്തി തന്നെയാണ് ഈ വേഷം ചെയ്യുന്നത്. ചിത്രത്തിനായി എന്ത് സഹായത്തിനും ഞാൻ അദ്ദേഹത്തോടൊപ്പമുണ്ടാകും," എന്നായിരുന്നു ഇന്ത്യയുടെ ഏറ്റവും മികച്ച നായകന്മാരിലൊരാളായ ദാദയുടെ വാക്കുകൾ.
ലോർഡ്സിലെ ചരിത്ര നിമിഷം
2002-ലെ ഫൈനലിന് മുൻപ് തുടർച്ചയായി ഒമ്പത് ഏകദിന ഫൈനലുകളിൽ തോറ്റ റെക്കോർഡുമായാണ് ഇന്ത്യ നാസർ ഹുസൈന്റെ ഇംഗ്ലണ്ടിനെ നേരിടാനിറങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട്, മാർക്കസ് ട്രെസ്കോത്തിക്ക് (109), നാസർ ഹുസൈൻ (115) എന്നിവരുടെ സെഞ്ചുറികളുടെ കരുത്തിൽ 325 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി.
മറുപടി ബാറ്റിങ്ങിൽ ഗാംഗുലിയും (60) സെവാഗും (45) ചേർന്ന് 106 റൺസിന്റെ മികച്ച തുടക്കം നൽകിയെങ്കിലും, പിന്നീട് ഇന്ത്യ 146 റൺസിന് 5 വിക്കറ്റ് എന്ന നിലയിലേക്ക് തകർന്നു. ഇന്ത്യ തോൽവി ഉറപ്പിച്ച നിമിഷം!
എന്നാൽ അവിടെയാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രം മാറ്റിമറിച്ച പോരാട്ടം നടന്നത്. രണ്ട് യുവതാരങ്ങളായ മുഹമ്മദ് കൈഫും യുവരാജ് സിങ്ങും ചേർന്ന് ഇംഗ്ലണ്ട് ബൗളർമാരെ നിലംപരിശാക്കി. ആറാം വിക്കറ്റിൽ ഇരുവരും ചേർത്ത 121 റൺസ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഒടുവിൽ അവസാന ഓവറിൽ കൈഫും സഹീർ ഖാനും ചേർന്ന് ഇന്ത്യയ്ക്ക് ആവേശകരമായ രണ്ട് വിക്കറ്റ് ജയം സമ്മാനിച്ചു.
വിജയം കുറിച്ച ആ നിമിഷം, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് നായകൻ സൗരവ് ഗാംഗുലി ലോർഡ്സിന്റെ ബാൽക്കണിയിൽ തന്റെ ജേഴ്സി ഊരി വീശുകയായിരുന്നു. അന്ന് ഇംഗ്ലണ്ട് താരം ആൻഡ്രൂ ഫ്ലിന്റോഫ് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ കാണിച്ച പ്രകടനത്തിന് ലോർഡ്സിന്റെ മണ്ണിൽ വെച്ച് ദാദ നൽകിയ രാജകീയ മറുപടിയായിരുന്നു അത്.
ലവ് ഫിലിംസിന്റെ ബാനറിൽ പ്രശസ്ത സംവിധായകൻ ലവ് രഞ്ജനും അങ്കുർ ഗാർഗും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ബോളിവുഡിലെ ശ്രദ്ധേയനായ സംവിധായകൻ വിക്രമാദിത്യ മോട്വാനെയാണ് സംവിധാനം. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Biopic titled 'Dada' officially reveals first look featuring Rajkummar Rao., Celebrates Sourav Ganguly's 54th birthday., Recreates the iconic 2002 Lord's NatWest series final jersey celebration., Directed by Vikramaditya Motwane and produced by Luv Films., Ganguly personally approved Rajkummar Rao for the titular role.