വരികൾ മാത്രമല്ല പ്രശ്‌നം; സ്ത്രീകളെ അപമാനിക്കുന്ന പാട്ടുകൾ ഒഴിവാക്കിയെന്ന് ശ്രേയ ഘോഷാൽ

ശ്രേയ ഘോഷാൽ/Instagram
ശ്രേയ ഘോഷാൽ/Instagram

ബോളിവുഡിലെ ജനപ്രിയ പിന്നണി ഗായികമാരിലൊരാളാണ് ശ്രേയ ഘോഷാൽ. പതിനാറാം വയസ്സിൽ സഞ്ജയ് ലീല ബൻസാലിയുടെ 'ദേവദാസ്' എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തേക്ക് എത്തിയ ശ്രേയയുടെ ശബ്ദം വൈകാതെ തന്നെ ഇന്ത്യൻ സംഗീതാസ്വാദകരുടെ പ്രിയസ്വരമായി മാറുകയായിരുന്നു. നിരവധി ഭാഷകളിലായി പാടിയ ശ്രേയയ്ക്ക് ദേശീയ പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

കരിയറിൽ ഒരുപാട് ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുണ്ടെങ്കിലും, വരികൾ അരോചകമോ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ളതോ ആയ ചില ഗാനങ്ങൾ താൻ വേണ്ടെന്നുവച്ചിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് ശ്രേയ. ഇത്തരം ഗാനങ്ങളുടെ എണ്ണം ഇപ്പോൾ കുറഞ്ഞുവരുന്നുണ്ടെന്നതിലും അവർ സന്തോഷം പ്രകടിപ്പിക്കുന്നു. 'ദ മെയിൽ ഫെമിനിസ്റ്റ് പോഡ്കാസ്റ്റി'ന് നൽകിയ അഭിമുഖത്തിലാണ് ശ്രേയ ഇക്കാര്യങ്ങൾ പറഞ്ഞത്. 

“വരികൾ മാത്രമല്ല പ്രശ്‌നം. ഗാനത്തിന്റെ സംഗീതവും ആലാപനശൈലിയും പ്രധാനമാണ്. വളരെ ജനപ്രിയമാവുകയും മികച്ച രീതിയിൽ മുന്നേറുകയും ചെയ്ത ചില ഗാനങ്ങളോട് ഞാൻ നോ പറഞ്ഞിട്ടുണ്ട്. ഭാഗ്യവശാൽ, ഇപ്പോൾ അത്തരം പാട്ടുകളുടെ എണ്ണം കുറയുന്നുണ്ട്. ഒരു ഘട്ടത്തിൽ സിനിമകളിലെ സ്ത്രീഗായകർക്ക് ലഭിച്ചിരുന്നത് ഇത്തരം ഗാനങ്ങൾ മാത്രമായിരുന്നു. ബാക്കിയുള്ളത് പുരുഷഗായകരുടെ ഗാനങ്ങളോ യുഗ്മഗാനങ്ങളോ ആയിരുന്നു. അതുകൊണ്ട് തന്നെ ഇതെല്ലാം എവിടെ നിന്നാണ് വരുന്നതെന്ന് നമ്മൾ ചിന്തിക്കണം.

ഇത് ഗായകരെയും നടിമാരെയും ഈ മേഖലയിലെ മറ്റെല്ലാവരെയും ബാധിക്കുന്ന പ്രശ്‌നമാണ്. ഇതിന് പിന്നിൽ അൽപം പുരുഷാധിപത്യപരവും ലിംഗവിവേചനപരവുമായ ഒരു ചിന്താഗതിയുണ്ട്.

ഇൻഡിപെൻഡന്റ് മ്യൂസിക് വളരുന്നതിനൊപ്പം ഈ സാഹചര്യത്തിൽ മാറ്റം വരുന്നുണ്ട്. അതിൽ സന്തോഷമുണ്ട്. പക്ഷേ ഇപ്പോഴും സംഗീതരംഗം പുരുഷ കേന്ദ്രീകൃതമാണെന്നാണ് എനിക്ക് തോന്നുന്നത്. ഇതേക്കുറിച്ച് ഞാൻ നേരത്തെയും വളരെ ശക്തമായി സംസാരിച്ചിട്ടുണ്ട്. അത് നല്ല രീതിയിൽ എടുത്താലും മോശം രീതിയിൽ എടുത്താലും എനിക്ക് പ്രശ്‌നമില്ല.”

2025-ൽ ലില്ലി സിങ്ങുമായുള്ള സംഭാഷണത്തിലും സമാനമായ നിലപാട് ശ്രേയ പങ്കുവച്ചിരുന്നു. കരിയറിന്റെ തുടക്കകാലത്ത് പാടിയ ചില 'റോഞ്ചി'(raunchy) ഗാനങ്ങൾ ഇന്ന് പാടാൻ തനിക്ക് താൽപര്യമില്ലെന്നും 'ചിക്‌നി ചമേലി' അതിലൊന്നാണെന്നും ശ്രേയ പറഞ്ഞിരുന്നു.

സെൻസ്വൽ, സെക്‌സി എന്നതും സ്ത്രീകളെ വസ്തുവൽക്കരിക്കുന്നതും തമ്മിൽ വളരെ നേർത്തൊരു അതിരുണ്ടെന്നാണ് ശ്രേയ പറഞ്ഞത്. കാലക്രമേണ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ബോധവതിയായതിന്റെ പ്രധാന കാരണം ചെറിയ കുട്ടികൾ പോലും ഈ പാട്ടുകൾ അർഥമറിയാതെ പാടുന്നതും നൃത്തം ചെയ്യുന്നതും കാണുന്നതാണെന്നും അവർ വിശദീകരിച്ചു.

“കുട്ടികൾ അതിന്റെ അർഥം മനസ്സിലാക്കാതെയാണ് പാടുന്നത്. അവർ നൃത്തം ചെയ്ത് എന്റെ അടുത്തുവന്ന്, ''ഞങ്ങൾക്ക് നിങ്ങളുടെ പാട്ട് വളരെ ഇഷ്ടമാണ്, ഞങ്ങൾ നിങ്ങൾക്കായി പാടട്ടേ?'' എന്ന് ചോദിക്കും. അപ്പോൾ എനിക്ക് തന്നെ വളരെ നാണക്കേട് തോന്നും. അഞ്ചോ ആറോ വയസ്സുള്ള ഒരു ചെറിയ പെൺകുട്ടി ആ വരികൾ പാടുന്നത് ശരിയായി തോന്നുന്നില്ല. ആ വരികളുടെ അർഥം അവൾക്ക് അറിയില്ലെങ്കിലും, അത് കേൾക്കുമ്പോൾ എനിക്ക് അസ്വസ്ഥത തോന്നും.”

'യേ ഇഷ്‌ക് ഹൈ', 'മൻവ ലാഗേ', 'സുൻ റഹാ ഹൈ', 'ദീവാനി മസ്താനി', 'തേരി ഓർ', 'ബർസോ റെ', 'ഡോലാ റെ ഡോലാ', 'തും ക്യാ മിലേ', 'വെ കംലേയ', 'അംഗാരോൺ' തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ ശ്രേയയുടെ ശബ്ദത്തിൽ പിറന്നിട്ടുണ്ട്. അഞ്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങളും സ്വന്തമാക്കിയ ഗായികയാണ് ശ്രേയ ഘോഷാൽ.

ഗാനങ്ങൾ തിരഞ്ഞെടുക്കുന്നതിലും അതിന്റെ വരികളിലും അവതരണത്തിലും കൂടുതൽ ജാഗ്രത വേണമെന്ന നിലപാടാണ് ശ്രേയയുടെ വാക്കുകളിൽ വ്യക്തമാകുന്നത്. ജനപ്രിയമാകുക എന്നതിലുപരി ഒരു ഗാനം സമൂഹത്തിൽ, പ്രത്യേകിച്ച് കുട്ടികളിലും സ്ത്രീകളിലും, എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നതും പരിഗണിക്കേണ്ട സമയമാണിതെന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഗായികയുടെ വാക്കുകൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: shreya-ghoshal-refuses-objectifying-songs-industry-sexism