'സ്ത്രീ 2'-ന്റെ വൻവിജയത്തിനു ശേഷം കരാറിലൊന്നും ഒപ്പിട്ടില്ലെന്ന് ശ്രദ്ധ കപൂർ

ശ്രദ്ധ കപൂർ | PTI
ശ്രദ്ധ കപൂർ | PTI

ബോളിവുഡിൽ നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയയായ താരമാണ് ശ്രദ്ധ കപൂർ. 2024-ലിറങ്ങിയ അവരുടെ 'സ്ത്രീ 2' എന്ന ചിത്രം വലിയ വിജയമായിരുന്നു. പിന്നാലെ ഒട്ടേറെ വമ്പൻ ചിത്രങ്ങൾ തേടിയെത്തിയെങ്കിലും മിക്കതും അവർ നിരസിക്കുകയാണുണ്ടായത്. ആ സിനിമയ്ക്കുശേഷം താനെടുത്ത കരിയർ തീരുമാനത്തെക്കുറിച്ച് തുറന്നുപറയുകയാണ് നടിയിപ്പോൾ.

തന്റെ അടുത്ത ചിത്രമായ 'ഈഥായ്'ക്കായി തയ്യാറെടുക്കുന്നതിനിടെ, ഇൻസ്റ്റാഗ്രാമിൽ നടത്തിയ ക്യു ആൻഡ് എ (Q&A) സെഷനിലാണ് അവർ പ്രതികരിച്ചത്. കരിയറിൽ എങ്ങനെ മുന്നോട്ട് പോകണമെന്ന് യുവതികൾക്ക് ഉപദേശം നൽകാൻ ഒരു ആരാധകൻ ശ്രദ്ധയോട് ആവശ്യപ്പെട്ടു. "എന്നെക്കുറിച്ചുള്ള ഒരു കാര്യം ഞാൻ പങ്കുവെക്കാം. 'സ്ത്രീ 2'-ന് ശേഷം എനിക്ക് ധാരാളം സിനിമകളും നല്ല പ്രതിഫലവും വാഗ്ദാനം ചെയ്യപ്പെട്ടു, എന്നാൽ മികച്ചൊരു കഥ ലഭിക്കുന്നത് വരെ ഒന്നിലും ഒപ്പുവെക്കില്ലെന്ന് ഞാൻ തീരുമാനിച്ചിരുന്നു. ആ ക്ഷമ പാലിക്കണമെന്ന് എന്റെ മനസ്സ് പറഞ്ഞു, ഞാൻ അത് ചെയ്തു."

"തീർച്ചയായും നമ്മൾ ആഗ്രഹിക്കുന്ന ഒന്നിനായി കാത്തിരിക്കുക എന്നത് ബുദ്ധിമുട്ടാണ്, എന്നാൽ കാത്തിരിക്കാൻ തീരുമാനിച്ചതിൽ ഇപ്പോൾ എനിക്ക് അഭിമാനമുണ്ട്. അതിനാൽ നിങ്ങളുടെ ഉള്ളിലെ ആ ശബ്ദം കേൾക്കൂ എന്ന് ഞാൻ പറയും; ചിലപ്പോൾ അത് ബുദ്ധിമുട്ടായി മാറാറുണ്ട്, എങ്കിലും അത് പൂർണ്ണമായും അർഹമായ ഒന്നാണ്."

2024-ലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായിയിരുന്നു 'സ്ത്രീ 2'. അമർ കൗശിക് സംവിധാനം ചെയ്ത ചിത്രത്തിൽ ശ്രദ്ധ കപൂറും രാജ്കുമാർ റാവുവും പ്രധാന വേഷങ്ങളിലെത്തി. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ ചിത്രം ലോകമെമ്പാടുമായി 500 കോടി ക്ലബ്ബിൽ ഇടംനേടി. താരങ്ങളുടെ പ്രകടനത്തിന് പുറമെ ചിത്രത്തിന്റെ കഥയ്ക്കും കോമഡിക്കും വലിയ പ്രശംസ ലഭിച്ചു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Shraddha Kapoor rejected multiple film offers and big money after the massive success of Stree 2., She chose to wait patiently for the 'perfect story' before signing her next project.