ബാങ്കിലെ ജോലി രാജിവെച്ചു, പക്ഷേ സിനിമ കിട്ടിയില്ല, ആരെയും ടെന്‍ഷന്‍ അറിയിച്ചില്ല; സഞ്ജു ശിവ്റാം

ചെറുപ്പംമുതലേ സിനിമയായിരുന്നു സഞ്ജു ശിവ്റാമിന്റെ മനസ്സില്‍. എം.ബി.എ. പഠിച്ച് ബാങ്കില്‍ ജോലിക്ക് കയറിയപ്പോഴും ആ മോഹത്തിന് തിളക്കമേറി. ഒടുവിലൊരുനാള്‍ രണ്ടുംകല്പിച്ച് ബാങ്കിലെ ജോലി ഉപേക്ഷിച്ചു. 'നി കൊ ഞാ ചാ' എന്ന സിനിമയിലൂടെ അരങ്ങേറ്റം. അവിടന്നങ്ങോട്ട് ചെറുതും വലുതുമായ ഒട്ടേറെ സിനിമകളുടെ ഭാഗമായി. ഏറ്റവുമൊടുവില്‍ ഒ.ടി.ടി.യിലിറങ്ങിയ '1000 ബേബീസ്' എന്ന ക്രൈം സീരീസിലെ ബിബിന്‍ എന്ന കഥാപാത്രത്തിലൂടെ വീണ്ടും ആളുകളുടെ മനസ്സിലിടംപിടിക്കുകയാണ് സഞ്ജു.
മനസ്സില്‍ കയറിക്കൂടിയ സിനിമ
''ചെറുപ്പത്തില്‍ ഞായറാഴ്ചകളില്‍ ദൂരദര്‍ശനില്‍ വരുന്ന സിനിമയ്ക്കായി കാത്തിരിക്കും. കാണാന്‍ പറ്റിയില്ലെങ്കില്‍, ചേച്ചി കഥ പറഞ്ഞുതരും. അന്നുമുതല്‍ മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അവരോടുള്ള ഇഷ്ടം കൂടിക്കൂടി അത് സിനിമയോടുള്ള ഇഷ്ടമായി. തൃശ്ശൂര്‍ ചിന്‍മയ വിദ്യാലയത്തിലാണ് പഠിച്ചത്. പത്തുവര്‍ഷത്തോളം അവിടത്തെ ഹോസ്റ്റലിലായിരുന്നു. എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും സിനിമ കാണിച്ചുതരും. കൂട്ടുകാര്‍ക്കിടയില്‍ മമ്മൂട്ടി ഫാന്‍സും മോഹന്‍ലാല്‍ ഫാന്‍സുമുണ്ട്. ഏത് നടനാണ് കൂടുതല്‍ ഹിറ്റുപാട്ടുകളുള്ളതെന്ന് എണ്ണും. അന്ന് സിദ്ദിഖ്-ലാല്‍ ടീം ഭയങ്കര ഹിറ്റാണ്. 'മാന്നാര്‍ മത്തായി സ്പീക്കിങ്' ഇറങ്ങിയ സമയമാണെന്ന് തോന്നുന്നു. അതുകണ്ട് എനിക്കും ഒരു കൂട്ടുകാരനും ആവേശംകയറി. വലുതായാല്‍ നമുക്കും ഇതുപോലെ പടം ചെയ്യണമെന്ന് പറഞ്ഞു.
എം.ബി.എ. കഴിഞ്ഞയുടനെ ജോലി കിട്ടി, തിരുവനന്തപുരത്ത് ടാറ്റയില്‍. തിരുവനന്തപുരം എന്നുകേട്ടപ്പോള്‍ സിനിമയാണെന്റെ മനസ്സിലേക്ക് ആദ്യം വന്നത്. മൂന്നുകിലോമീറ്ററിനുള്ളില്‍ പത്തുപതിനാറ് തിയേറ്ററുണ്ട്. പിന്നെ ഫിലിം ഫെസ്റ്റിവല്‍, ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍...സിനിമ കാണാന്‍ ഒരുപാട് അവസരങ്ങള്‍. പക്ഷേ, ആരോടും അവസരം ചോദിക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല. അതിനിടയിലാണ് സിനിമയില്‍ അവസരമുണ്ടെന്ന് ഒരു സുഹൃത്ത് പറയുന്നത്. അങ്ങനെ പോയി. ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിട്ടാണെങ്കിലും സന്തോഷമായിരുന്നു.
ജഗതി ശ്രീകുമാറുള്ള ഒരു സീനാണ്. മേക്കപ്പിട്ട് ജഗതിച്ചേട്ടന്റെ കാലില്‍ തൊട്ടുതൊഴുതു. പക്ഷേ, സെറ്റില്‍ ചെന്നപ്പോഴാണറിയുന്നത്, സംവിധായകന്‍ വേറെയാരെയോ അവിടെ നിര്‍ത്തിയെന്ന്. ഭയങ്കര വിഷമമായി. ഞാന്‍ കോസ്റ്റിയൂം അഴിക്കുമ്പോള്‍ ജഗതിച്ചേട്ടന്‍ ചോദിച്ചു, 'എന്തുപറ്റി, കഴിഞ്ഞോ?' 'അല്ല, സംവിധായകന്‍ മാറ്റി' എന്ന് ഞാന്‍ പറഞ്ഞു. 'അതുസാരമില്ല മോനേ, സിനിമ അങ്ങനെയാണെന്ന്' അദ്ദേഹം പറഞ്ഞു.
കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ പത്തനംതിട്ടയിലേക്ക് ട്രാന്‍സ്ഫറായി. അതോടെ ആ ജോലി വിട്ട് ധനലക്ഷ്മിബാങ്കില്‍ ചേര്‍ന്നു. എറണാകുളത്തായിരുന്നു പോസ്റ്റിങ്. അതിനുപിന്നിലെ കാരണവും സിനിമതന്നെ. അപ്പോഴേക്കും കല്യാണം കഴിഞ്ഞിരുന്നു. അശ്വതി ഹിന്ദുസ്ഥാനി ഗായികയാണ്. അവളുടെയും കൂടി സൗകര്യം നോക്കിയാണ് എറണാകുളത്തേക്ക് മാറിയത്.
കല്‍ക്കട്ടയില്‍ ഷൂട്ട് ചെയ്ത 'ദൂരെ' എന്ന സിനിമയ്ക്കുവേണ്ടി ബംഗാളിയില്‍ ഡബ്ബ് ചെയ്യാനുള്ള അവസരം കിട്ടിയത് അവിടുന്നാണ്. ബംഗാളിയില്‍ വിശ്വനാഥ് എന്നൊരു സംവിധായകനുണ്ട്. ആദ്യം അദ്ദേഹത്തിനുവേണ്ടിയാണ് ഡബ്ബ് ചെയ്തത്. അതുകഴിഞ്ഞ് നായകന്‍ ഉള്‍പ്പെടെ ആറുപേര്‍ക്കുവേണ്ടി ശബ്ദം കൊടുത്തു.''
''ഇനി എന്ത് ചെയ്യുമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് വിളിക്കുന്നത്. ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍വെച്ചാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. ഒരു പരസ്യചിത്രത്തില്‍ അഭിനയിക്കാനാണ് അദ്ദേഹം വിളിച്ചത്. സിനിമയിലേക്കുള്ള എന്റെ ദിശ കൃത്യമാണെന്ന് മനസ്സിലായതും അപ്പോഴാണ്. പിന്നീടാണ് ജിയോ ബേബി വഴി 'നി കൊ ഞാ ചാ'യുടെ ഓഡിഷനെക്കുറിച്ച് അറിയുന്നത്. ഷൂട്ടിങ് കഴിഞ്ഞതോടെ ജോലിയും അഭിനയവും ഒരുമിച്ച് കൊണ്ടുപോവാന്‍ പറ്റില്ലെന്നൊരു തോന്നല്‍. ജോലി രാജിവെച്ചു. എന്ത് ധൈര്യത്തിലാണെന്ന് ഇന്നും അറിയില്ല. അശ്വതിയാണെങ്കില്‍ ആ സമയത്ത് ഗര്‍ഭിണിയും. എങ്ങനെയെങ്കിലും അതിജീവിക്കുമെന്നൊരു വിശ്വാസത്തിലാണ് രാജിവെച്ചത്. വീട്ടിലും ആരും എതിരൊന്നും നിന്നില്ല. 'നി കൊ ഞാ ചാ' ശ്രദ്ധിക്കപ്പെട്ടു. പുറകെ രണ്ടുമൂന്ന് സിനിമകള്‍ കിട്ടി. പക്ഷേ, അതൊന്നും കാര്യമായ ഇളക്കമുണ്ടാക്കിയില്ല.
ജോലി കളഞ്ഞു, സിനിമ വരുന്നതുമില്ല. എന്തുകൊണ്ടോ ആ ടെന്‍ഷന്‍ ആരെയും അറിയിച്ചിരുന്നില്ല. വീട്ടുകാര്‍ പലപ്പോഴും ചോദിച്ചിട്ടുണ്ട്, നീ എങ്ങനെയാണ് ടെന്‍ഷന്‍ ഇല്ലാതിരിക്കുന്നത്, പേടിയൊന്നുമില്ലേ എന്ന്. പ്രതിസന്ധികള്‍ ഏറെയുണ്ടായിരുന്നു, സാമ്പത്തികമായും അല്ലാതെയും. ജോലിചെയ്തിരുന്ന കാലത്തെ സമ്പാദ്യങ്ങളാണ് അന്നൊക്കെ സഹായിച്ചത്. പക്ഷേ, വീഴുമെന്ന ഘട്ടത്തില്‍ ഓരോ സിനിമ കിട്ടിക്കൊണ്ടേയിരുന്നു. ''
സിനിമ തന്ന പാഠങ്ങള്‍
''സീനിയറായ ആളുകള്‍ക്കൊപ്പം ജോലിചെയ്യാന്‍ നല്ല രസമാണ്. പലതും പഠിക്കാന്‍ പറ്റും. പ്രശസ്ത നാടകകൃത്തായ ജയപ്രകാശ് കുളൂര്‍ മാഷിനെയാണ് ഞാന്‍ ഗുരുവായിട്ട് കാണുന്നത്. മാഷിന്റെ ഒരു വര്‍ക്ക്‌ഷോപ്പില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ പറ്റി. അതിനുശേഷവും അദ്ദേഹവുമായി നിരന്തരം സംസാരിക്കാറുണ്ട്. എന്റെ ഇന്‍ഹിബിഷന്‍സ് മാറ്റാന്‍ സഹായിച്ചത് അദ്ദേഹമാണ്. പ്രശസ്തനടന്‍ മൈക്കിള്‍ കെയ്നിന്റെ വീഡിയോ കാണാന്‍ എന്നെ പ്രേരിപ്പിച്ചതും മാഷ് തന്നെ. അതെല്ലാം ഒരുപാട് സഹായകമായി.
'മണ്‍സൂണ്‍ മാംഗോസ്' ചെയ്യുന്ന സമയത്താണ് ടൊവിനോയുമായി അടുക്കുന്നത്. എപ്പോഴും കാണാറൊന്നുമില്ല. പക്ഷേ, അടുപ്പം എപ്പോഴുമുണ്ട്. ഫോണിലൂടെയാണ് അധികവും സംസാരിക്കുന്നത്. അതുപോലെ അടുത്തസുഹൃത്തുക്കളാണ് പ്രശാന്ത് അലക്‌സും വിനയ് ഫോര്‍ട്ടുമൊക്കെ. നല്ല സംവിധായകര്‍ എന്നില്‍ വിശ്വാസംവെച്ചതാണ് ഏറ്റവും വലിയ ഭാഗ്യം. 1000 ബേബീസ് എന്ന സീരീസിന്റെ സംവിധായകന്‍ നജീം കോയ എനിക്കുവേണ്ടി ഒരുപാട് വാദിച്ചു. ഹോട്ട്സ്റ്റാറിലെ ദിലീപ്‌സാര്‍ എപ്പോഴും പറയും, ''വേറെ ആരെയെങ്കിലും നോക്കാമെന്ന് ഞാന്‍ പറഞ്ഞതാണ്. നജീം സമ്മതിച്ചില്ല.'' 'റോഷാക്കി'ലെ നിസാം ബഷീര്‍ എനിക്കുവേണ്ടി ഒരുപാട് വാദിച്ചിട്ടുണ്ട്. വിജയങ്ങളൊന്നുമില്ലാത്ത സമയത്തും എനിക്കുവേണ്ടി സംസാരിച്ച സംവിധായകരാണ് എന്റെ ധൈര്യം.''
കുടുംബത്തിന്റെ പിന്തുണ
''എനിക്ക് ഒരനിയത്തിയാണുള്ളത്. ചെറുപ്പംതൊട്ടേ വളര്‍ന്നത് അച്ഛന്റെ സഹോദരന്റെ കുടുംബത്തിനൊപ്പമാണ്. അവിടെ മൂന്നുമക്കളാണ്. നാലാമനായിട്ട് ഞാനും. ശരിക്ക് പറഞ്ഞാല്‍ എനിക്ക് രണ്ട് ചേട്ടന്‍മാരും രണ്ട് സഹോദരിമാരുമുണ്ടെന്നുപറയാം. അതിലൊരു ചേട്ടന്‍ മരിച്ചുപോയി. മറ്റേയാള്‍ ഗള്‍ഫിലാണ്, അനിയത്തി കാനഡയിലും. ചേച്ചി ഓച്ചിറയിലാണ് താമസിക്കുന്നത്. എന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവാണ് കുട്ടികളുണ്ടായത്. അവര്‍ വന്നപ്പോള്‍ ജീവിതത്തില്‍ പോസിറ്റിവിറ്റിയും കൂടി. പൃഥ്വിദേവ്, പാര്‍ത്ഥിവ് എന്നാണ് അവരുടെ പേര്.''
Content Highlights: sanju shivram on his cinema journey