അശ്ലീലഗാനരംഗത്തിൽ അഭിനയിച്ചു; 50 ഗോത്രവർഗ പെൺകുട്ടികളുടെ പഠനം സ്‌പോൺസർ ചെയ്യാമെന്ന് സഞ്ജയ് ദത്ത്

ധ്രുവ സർജ, സഞ്ജയ് ദത്ത്, ശിൽപ ഷെട്ടി, ജിഷു സെൻഗുപ്ത, നോറ ഫത്തേഹി എന്നിവർ അഭിനയിക്കുന്ന ചിത്രമാണ് 'കെഡി: ദ ഡെവിൾ' (KD: The Devil). ഏപ്രിൽ 30-നാണ് സിനിമ റിലീസാവുന്നത്. അതിനുമുന്നോടിയായി മൂന്നുപാട്ടുകളാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. സഞ്ജയ് ദത്തും നോറ ഫത്തേഹിയും അഭിനയിച്ച ഒരു ഐറ്റംഡാൻസ് സോങ്ങാണ് അതിലൊന്ന്. ആ പാട്ട് ഈയടുത്ത് ചില വിവാദങ്ങളിൽപ്പെട്ടു. 'സർസെ നിന്ന സരെഗാ സർസെ' എന്ന പാട്ടിന്റെ ഹിന്ദിപതിപ്പായ 'സർകെ ചുനാർ തേരി സർകെ'യാണ് പ്രശ്നങ്ങളിലകപ്പെട്ടത്.
പാട്ട് യൂട്യൂബിലൂടെ പുറത്തുവിട്ടതിനുപിന്നാലെ വൻവിമർശനങ്ങളുണ്ടായി. വരികളിൽ അശ്ലീലമുണ്ടെന്നായിരുന്നു പരാതി. സെൻസർ ബോർഡിനും പാട്ടിനെതിരെ പരാതി കിട്ടി. ഒടുവിൽ ആ പാട്ട് യൂട്യൂബിൽനിന്ന് പിൻവലിക്കേണ്ടി വന്നു. നോറയ്ക്കും ഇതിന്റെ പേരിൽ ഒരുപാട് ട്രോളുകൾ നേരിടേണ്ടി വന്നു. ഹിന്ദി പതിപ്പിനെക്കുറിച്ച് തനിക്കറിവുണ്ടായിരുന്നില്ലെന്ന് അതിനുള്ള മറുപടിയായി നോറ പറഞ്ഞു.
പാട്ടിനെതിരെ വനിതാ കമ്മീഷനിലും പരാതിയെത്തി. നോറയ്ക്കും സഞ്ജയ് ദത്തിനും സിനിമയുടെ നിർമാതാക്കൾ, സംവിധായകൻ എന്നിവരുൾപ്പെടെയുള്ളവർക്കും കമ്മീഷനുമുമ്പാകെ ഹാജരാകാൻ നോട്ടീസ് അയക്കുകയും ചെയ്തു.
കഴിഞ്ഞദിവസമാണ് സഞ്ജയ് ദത്ത് വനിതാകമ്മീഷനുമുന്നിൽ ഹാജരായത്. ആ പാട്ടിലൂടെ സമൂഹത്തിന് ദോഷം ഉണ്ടാക്കിയെങ്കിൽ അതിന് ഖേദം പ്രകടിപ്പിക്കുന്നതായി സഞ്ജയ് അറിയിച്ചു. രേഖാമൂലം ക്ഷമാപണം നടത്തുകയും ചെയ്തു. വാദം കേൾക്കലിൽ ഗാനത്തിലെ അശ്ലീലതയെസംബന്ധിച്ചും സ്ത്രീകളെ മോശമായി ചിത്രീകരിച്ചിരിക്കുന്നത് സംബന്ധിച്ചുമുള്ള ആശങ്കകൾ കമ്മീഷൻ ഉന്നയിച്ചു.
മുതിർന്നവരും സ്വാധീനമുള്ളവരുമായ വ്യക്തികൾ അവരുടെ ജോലി ചെയ്യുമ്പോൾ നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും സാമൂഹിക മാനദണ്ഡങ്ങളെ ബഹുമാനിക്കുന്നുണ്ടെന്നും ഉറപ്പാക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും വനിതാ കമ്മീഷൻ പറഞ്ഞു.
പിന്നാലെ ഒരു തിരുത്തൽ നടപടിയെന്ന നിലയിൽ, 50 ഗോത്രവർഗ പെൺകുട്ടികളുടെ വിദ്യാഭ്യാസം സ്‌പോൺസർ ചെയ്യാൻ സഞ്ജയ് ദത്ത് തയ്യാറാണെന്ന് പറഞ്ഞതായും കമ്മീഷൻ അറിയിച്ചു. സാമൂഹിക ക്ഷേമത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള ശ്രമങ്ങളുടെ ഭാഗമായിട്ട് കൂടിയാണ് ഈ നടപടിയെന്നറിയുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sanjay Dutt appeared before the Women's Commission regarding the controversial 'KD: The Devil' song. The actor issued a formal apology for the perceived obscenity in the song lyrics.