ബോളിവുഡിനേക്കാൾ ബഹുമാനവും പ്രതിഫലവും താരപദവിയും ലഭിച്ചത് തെന്നിന്ത്യൻ സിനിമയിൽ: സമീറ റെഡ്ഡി

സമീറ റെഡ്ഡി/Instagram
സമീറ റെഡ്ഡി/Instagram

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങിയ താരമാണ് സമീറ റെഡ്ഡി. ‘വാരണം ആയിരം’ എന്ന ചിത്രത്തിലൂടെ സൂര്യയുടെ നായികയായെത്തി, മലയാളികൾ ഉൾപ്പെടെയുള്ള തെന്നിന്ത്യൻ പ്രേക്ഷകരുടെയും പ്രിയങ്കരിയായി മാറുകയായിരുന്നു സമീറ. ചിരഞ്ജീവി, ജൂനിയർ എൻ.ടി.ആർ., അജിത്, മോഹൻലാൽ തുടങ്ങി പ്രമുഖ താരങ്ങൾക്കൊപ്പവും സമീറ അഭിനയിച്ചിട്ടുണ്ട്. വിവാഹത്തിനും മാതൃത്വത്തിനും പിന്നാലെ സിനിമയിൽനിന്ന് ഇടവേളയെടുത്ത സമീറ, സോഷ്യൽ മീഡിയയിലെ തുറന്നുപറച്ചിലുകളിലൂടെയും സ്വാഭാവികമായ ജീവിതശൈലിയിലൂടെയും ശ്രദ്ധ നേടാറുണ്ട്. രണ്ട് മക്കളെ വളർത്തുന്നതിനായി സിനിമയിൽനിന്ന് വർഷങ്ങളോളം സമീറ വിട്ടുനിന്നിരുന്നു. കുടുംബവുമൊത്ത് ഗോവയിലായിരുന്നു താമസം. എന്നാൽ ശരീരത്തിലെ മാറ്റങ്ങളെയും പ്രായത്തെയും സൗന്ദര്യസങ്കൽപ്പങ്ങളെയും കുറിച്ച് യാതൊരു മടിയുമില്ലാതെ സംസാരിക്കുന്ന താരം ഇപ്പോൾ സഞ്ജയ് ദത്തിന്റെ ‘ആഖ്രി സവാൽ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ്. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചും സിനിമാരംഗത്തെ പുതിയ അമ്മമാർക്കുള്ള ജോലി സമയത്തെക്കുറിച്ചുള്ള ചർച്ചകളിലും നിലപാട് വ്യക്തമാക്കുകയാണ് താരം.

“സഞ്ജയ് ദത്തിനൊപ്പം വളരെ മനോഹരമായ അനുഭവമായിരുന്നു. നേരത്തേ സഞ്ജയ്‌ക്കൊപ്പം രണ്ടോ മൂന്നോ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വീണ്ടും ഒന്നിച്ചപ്പോൾ വലിയ പരിചയക്കുറവൊന്നും തോന്നിയില്ല. ഈ ചിത്രത്തിന്റെ നിർമാതാവും സഞ്ജയ് തന്നെയായിരുന്നു. അദ്ദേഹം വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഫീച്ചർ സിനിമകളിലോ ഒ.ടി.ടി. പ്രോജക്ടുകളിലോ അഭിനയിക്കാതിരുന്നതിന്റെ പ്രധാന കാരണം ഞാൻ മക്കളെ വളർത്തുന്നതിൽ ഏറെ ശ്രദ്ധിക്കുന്ന അമ്മയായതുകൊണ്ടാണ്. ഗോവയിലാണ് താമസം. രാവിലെ മുതൽ രാത്രി വരെ എന്റെ ജീവിതം മക്കളെ ചുറ്റിപ്പറ്റിയാണ്. ചിത്രീകരണത്തിനായി ആഴ്ചകളോളം അവരെ വിട്ടുനിൽക്കുന്നത് എനിക്ക് വളരെ പ്രയാസമുള്ള കാര്യമായിരുന്നു.

എന്നാൽ സഞ്ജയ് എനിക്ക് വലിയൊരു സൗകര്യം ചെയ്തുതന്നു. വാരാന്ത്യങ്ങളിൽ മാത്രം വന്ന് അഭിനയിച്ചാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ രണ്ടുമൂന്ന് മാസത്തോളം എല്ലാ വാരാന്ത്യങ്ങളിലും ചിത്രീകരണത്തിനെത്തി. ആ അനുഭവം ഞാൻ ഏറെ ആസ്വദിച്ചു.

നീണ്ട ജോലി സമയമോ അധിക ഷിഫ്റ്റുകളോ എനിക്ക് പ്രശ്‌നമായിരുന്നില്ല. കാരണം, മുംബൈയിൽ താമസിക്കാത്തതിനാൽ നിർമാതാവിന്റെ ഭാഗത്തുനിന്നുള്ള സൗകര്യങ്ങൾ കൂടി പരിഗണിച്ച് കഴിയുന്നത്ര വേഗത്തിൽ ജോലി പൂർത്തിയാക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. ആവശ്യം വന്നപ്പോൾ അധിക ഷിഫ്റ്റുകളിലും ജോലി ചെയ്തിട്ടുണ്ട്.

എന്നാൽ പുതിയ അമ്മമാർക്ക് വലിയ സമ്മർദങ്ങളാണ് നേരിടേണ്ടിവരുന്നത്. കുഞ്ഞിന് മുലയൂട്ടുക, ഹോർമോൺ മാറ്റങ്ങളെ നേരിടുക, അതിനൊപ്പം ജോലിയും മുന്നോട്ടുകൊണ്ടുപോകുക എന്നത് അത്ര എളുപ്പമല്ല. ഒരു നടിക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ നിർമാതാവിന് കഴിയുമെങ്കിൽ അതൊരു നല്ല കാര്യമാണ്. രണ്ടുപേരും പരസ്പരം സഹകരിക്കേണ്ടതുണ്ട്. എന്നാൽ നിർമാതാവിന് അത് സാധ്യമല്ലെങ്കിൽ ആ സാഹചര്യവും എല്ലാവരും മനസ്സിലാക്കണം. നിർമാതാവിന്റെ ഭാഗത്തുനിന്ന് ചിന്തിച്ചാലും സിനിമയുടെ ചിത്രീകരണത്തിനായി ഓരോ ദിവസവും വലിയ തുകയാണ് ചെലവാകുന്നത്. ചിത്രീകരണം വൈകുന്നത് വലിയ സാമ്പത്തിക നഷ്ടത്തിനും കാരണമാകും. അതുകൊണ്ട് ഈ വിഷയത്തിന്റെ ഇരുവശങ്ങളും മനസ്സിലാക്കുകയും പരസ്പരം ബഹുമാനിക്കുകയും വേണം.” 

ബോളിവുഡിനേക്കാൾ മികച്ച അനുഭവങ്ങളാണ് തെന്നിന്ത്യൻ സിനിമയിൽനിന്ന് ലഭിച്ചതെന്നും താരം പറയുന്നു. “സത്യസന്ധമായി പറയുകയാണെങ്കിൽ തെന്നിന്ത്യൻ സിനിമയിൽനിന്ന് മികച്ച അനുഭവങ്ങളാണ് എനിക്ക് ലഭിച്ചത്. ചിരഞ്ജീവി, ജൂനിയർ എൻ.ടി.ആർ., സൂര്യ, അജിത്, മോഹൻലാൽ തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. വ്യക്തിപരമായി ആ അനുഭവങ്ങളെല്ലാം വളരെ മികച്ചതായിരുന്നു. ഓരോരുത്തരുടെയും യാത്ര വ്യത്യസ്തമായിരിക്കാം. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം തെന്നിന്ത്യൻ സിനിമയിലെ അനുഭവങ്ങൾ ബോളിവുഡിലേതിനേക്കാൾ എത്രയോ മികച്ചതായിരുന്നു.

ബഹുമാനം, കലാപരമായ മൂല്യം, സാമ്പത്തിക പ്രതിഫലം, താരപദവി തുടങ്ങി എല്ലാ കാര്യങ്ങളിലും അവിടത്തെ സിനിമയിൽനിന്ന് ലഭിച്ചത് ഹിന്ദി സിനിമയിലേതിനേക്കാൾ വളരെ വലുതാണ്. 18 വർഷങ്ങൾക്കിപ്പുറവും തെന്നിന്ത്യയിലെ ആരാധകരിൽനിന്ന് ലഭിക്കുന്ന സ്‌നേഹവും ആദരവും സമാനതകളില്ലാത്തതാണ്. ബോളിവുഡിലെ ഒരു ആരാധകൻ 'ഓ, സമീറ റെഡ്ഡി എന്നൊരു നടിയുണ്ടായിരുന്നല്ലോ' എന്നു പറഞ്ഞേക്കാം. എന്നാൽ അവിടത്തെ ആരാധകർ ഇന്നും സ്‌നേഹത്തോടെ അടുത്തുവന്ന് 'വാരണം ആയിരത്തിലെ മേഘ്‌നയെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ്' എന്നു പറയും. തെന്നിന്ത്യൻ സിനിമകളോട് എന്നും എന്റെ മനസ്സിൽ പ്രത്യേക സ്‌നേഹമുണ്ടാകും. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ എക്കാലവും ആദ്യം ഒരു തെന്നിന്ത്യൻ നടിയായിരിക്കും.”

സ്വന്തം സൗന്ദര്യത്തിലെ കുറവുകളും മാറ്റങ്ങളും സോഷ്യൽമീഡിയയിലൂടെ തുറന്നുകാട്ടുന്നതിനെപ്പറ്റിയും സമീറ നിലപാട് വ്യക്തമാക്കി. “അതെനിക്ക് വലിയൊരു ആശ്വാസമാണ്. നരച്ച മുടിയായാലും ശരീരത്തിലെ സ്‌ട്രെച്ച് മാർക്കുകളായാലും ഭാരത്തിലെ ഏറ്റക്കുറച്ചിലുകളായാലും ഹോർമോൺ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന മുഖക്കുരുവായാലും എന്റെ യഥാർഥ രൂപം തുറന്നുകാട്ടുന്നത് മാനസികാരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നുണ്ട്. ഓരോ ദിവസവും സ്വന്തം വ്യക്തിത്വത്തിൽ മാറ്റം വരുത്താതെ സ്വാഭാവികമായി ജീവിക്കാൻ ഇത് എന്നെ സഹായിക്കുന്നു. കഴിഞ്ഞ ആറു വർഷമായി സോഷ്യൽ മീഡിയയിൽ ഈ യാത്ര തുടരുകയാണ്. സ്ത്രീകൾക്ക് മനസ്സുതുറന്ന് ഇടപെടാൻ കഴിയുന്ന സുരക്ഷിതമായൊരു കൂട്ടായ്മയും അതിലൂടെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. അടുത്ത മാസം 48 വയസ്സ് തികയുകയാണ്. അതിൽ അഭിമാനിക്കുന്നു. അതേ അഭിമാനത്തോടെ തന്നെ ഈ പ്രായത്തെ ആഘോഷിക്കാനാണ് ആഗ്രഹിക്കുന്നത്”, താരം വ്യക്തമാക്കി. 
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi