ഒരുനേരം ഭക്ഷണം കഴിച്ച് വിശപ്പടക്കിയ സാമന്ത;ഹോട്ടലിൽ ജോലിയെടുത്ത് നേടിയത് 500 രൂപ

ടോളിവുഡിൽനിന്ന് പാൻ ഇന്ത്യൻ തലത്തിലേക്ക് വളർന്ന താരമാണ് സാമന്ത റൂത്ത് പ്രഭു. പക്ഷേ, ആ യാത്ര സാമന്തയെ സംബന്ധിച്ചിടത്തോളം ഒട്ടും എളുപ്പമായിരുന്നില്ല. പല അഭിമുഖങ്ങളിലും താൻ കടന്നുവന്ന വഴികളെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുമുണ്ട് സാമന്ത.
കുടുംബം സാമ്പത്തികമായി തകർന്നുനിൽക്കുന്ന സമയമായിരുന്നു. അതുകൊണ്ട് പത്താം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ പല പാർട്ട് ടൈം ജോലികളും ചെയ്തുതുടങ്ങി അവർ. അതിൽനിന്ന് കാര്യമായ ശമ്പളമൊന്നുമുണ്ടായിരുന്നില്ല. ആദ്യമായി കിട്ടുന്ന ശമ്പളം 500 രൂപയാണ്. ഹോട്ടലിൽ നടക്കുന്ന ഒരു കോൺഫറൻസിൽ വെയിറ്ററായി ജോലിചെയ്തപ്പോഴായിരുന്നുവത്. ''എട്ടുമണിക്കൂർ ആയിരുന്നു ആ ജോലി ചെയ്തത്. അന്ന് ഞാൻ പത്തിലോ പതിനൊന്നിലോ പഠിക്കുകയാണ്''.
ഡിഗ്രിക്ക് ചേർന്നപ്പോഴും സാമ്പത്തികപ്രശ്‌നങ്ങൾ അവരെ അലട്ടിയിരുന്നു. അതിനിടയിലാണ് മോഡലിങ്ങിലേക്ക് തിരിയുന്നത്. അതിനൊപ്പം വേറെ ജോലികളും. ''മാസങ്ങളോളം ഒരുനേരം മാത്രം ഭക്ഷണം കഴിച്ചാണ് കഴിഞ്ഞിരുന്നത്. കുറേയേറെ ജോലികൾ ചെയ്തു''.
കോഫി വിത്ത് കരണിൽ ഒരു ചോദ്യത്തിനുള്ള ഉത്തരമായി അവർ പറഞ്ഞതിങ്ങനെ, ''എനിക്ക് പഠിക്കാൻ ഒരുപാടിഷ്ടമായിരുന്നു. പക്ഷേ, ഫീസ് അടയ്ക്കാൻ അച്ഛന് കഴിയില്ലെന്ന കാരണം കൊണ്ടാണ് ഞാൻ അഭിനയത്തിലേക്ക് കടന്നത്. അതോടെ എന്റെ സ്വപ്‌നങ്ങളും ഭാവിയുമെല്ലാം ഇല്ലാതായതുപോലെ തോന്നി''. സിനിമ ഒരിക്കലും തന്റെ മനസ്സിലുണ്ടായിരുന്നില്ലെന്നും അന്ന് സാമന്ത പറഞ്ഞു. സാമ്പത്തികം പ്രശ്‌നമായതോടെ പഠനം നിർത്തി, സിനിമയിലേക്ക് കടക്കാൻ നിർബന്ധിതയാവുകയായിരുന്നു. അച്ഛന്റെ ഒരേയൊരു വാചകമാണ് അതിനു കാരണമായതെന്നും അവർ പറയുന്നു, ''നിന്റെ ലോൺ അടയ്ക്കാൻ പറ്റില്ലെന്ന് അച്ഛൻ പറഞ്ഞതാണ് വഴിത്തിരിവായത്''. എന്നാൽ, അന്ന് അങ്ങനെ സംഭവിച്ചതിൽ നിരാശയൊന്നുമില്ലെന്നും സാമന്ത തുറന്നുപറഞ്ഞു.
ഇന്ന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ദക്ഷിണേന്ത്യൻ നടിമാരിലൊരാളാണ് സാമന്ത. പത്തുകോടിയാണ് ഒരു സിനിമയ്ക്ക് അവരുടെ പ്രതിഫലം. അതിനൊപ്പം പരസ്യങ്ങളിൽനിന്ന് അവർക്ക് ലഭിക്കുന്നത് എട്ടുകോടിയാണ്. 101 കോടിയാണ് ഇപ്പോഴത്തെ ആസ്തി.
Content Highlights: samantha once faced financial difficulties