'അവരെപ്പോലെ മറ്റൊരു സീതയെ ഇന്ത്യ മുഴുവൻ തിരഞ്ഞാലും കിട്ടില്ല'; ട്രോളുകൾക്കിടെ ധനുഷ്

ധനുഷ്, സായി പല്ലവി (Reddit)
ധനുഷ്, സായി പല്ലവി (Reddit)

നിതീഷ് തിവാരി സംവിധാനം ചെയ്ത 'രാമായണ'ത്തിൽ സായ്‌ പല്ലവി അവതരിപ്പിച്ച സീതയുടെ വേഷം കടുത്ത സൈബർ ആക്രമണങ്ങളും ട്രോളുകളും നേരിട്ടിരുന്നു. ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് നടൻ ധനുഷ്. ഇന്ത്യ മുഴുവൻ തിരഞ്ഞാലും സായിയെപ്പോലെ ഭക്തിയും വിശുദ്ധിയുമുള്ള മറ്റൊരു സീതയെ കണ്ടെത്താനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ധനുഷും സായ്‌ പല്ലവിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമായ 'ഓം' സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിൽ സംസാരിക്കവെയാണ് താരം സായ്‌ പല്ലവിയെ പിന്തുണച്ച് സംസാരിച്ചത്. സീതയായുള്ള സായ്‌ പല്ലവിയുടെ അഭിനയത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ നടക്കുന്ന വിമർശനങ്ങൾ അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

"സീതയായുള്ള സായിയുടെ വേഷത്തെക്കുറിച്ച് ഒരുപാട് കോലാഹലങ്ങൾ കേൾക്കുന്നുണ്ട്. എനിക്കത് മനസ്സിലാകുന്നതേയില്ല. ചിത്രീകരണത്തിന്റെ ഇടവേളകളിൽ പോലും സായ്‌ നിരന്തരം പ്രാർത്ഥനയിലായിരുന്നു. ഇന്ത്യ മുഴുവൻ തിരഞ്ഞാലും അവരെപ്പോലെ ദൈവഭക്തിയും വിശുദ്ധമായ മനസ്സുമുള്ള മറ്റൊരു സീതയെ നിങ്ങൾക്ക് കണ്ടെത്താനാകില്ല. അതി മനോഹരിയാണവർ, ഒപ്പം മികച്ചൊരു അഭിനേത്രിയും," ധനുഷ് പറഞ്ഞു.

വർഷങ്ങൾക്ക് മുമ്പ് 'മാരി 2' എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ച കാലത്തെയും ധനുഷ് ഓർത്തെടുത്തു. “ആ സിനിമ ചെയ്യുമ്പോൾ സായ്‌ വളരെ ശാന്തയും അധികം സംസാരിക്കാത്ത ആളുമായിരുന്നു. ഏതൊരു കാര്യവും വളരെ ആലോചിച്ചു മാത്രം പറയുന്ന സ്വഭാവമായിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം 'ഓം' സിനിമയുടെ സെറ്റിൽ തികച്ചും വ്യത്യസ്തയായ ഒരു വ്യക്തിയാണ്” ധനുഷ് പറഞ്ഞു. സിനിമാ മാധ്യമത്തെ പൂർണ്ണമായി കീഴടക്കിയ ഒരു നടിയുടെ ആത്മവിശ്വാസവും ഗൗരവവുമാണ് ഇന്ന് അവരുടെ പെരുമാറ്റത്തിലും സംസാരത്തിലും കാണാനാകുന്നതെന്നും അത് അത്ഭുതപ്പെടുത്തുന്ന മാറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഓം' സിനിമയിൽ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെയാണ് സായ്‌ അവതരിപ്പിച്ചിരിക്കുന്നത്. അനധികൃത രക്തചന്ദനക്കടത്തിനെക്കുറിച്ച് അന്വേഷിക്കുന്ന സി.ബി.ഐ ഓഫീസറായ നിത്യ റെഡ്ഡി എന്ന കഥാപാത്രം. ധനുഷിനും സായ്‌ പല്ലവിക്കുമൊപ്പം മമ്മൂട്ടിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം നവംബർ 20-ന് തീയേറ്ററുകളിലെത്തും.

അതേസമയം, രണ്ടുഭാഗങ്ങളായി ഒരുങ്ങുന്ന നിതീഷ് തിവാരിയുടെ 'രാമായണ'ത്തിൽ സായ്‌ പല്ലവി സീതയായി എത്തുമ്പോൾ റൺബീർ കപൂറാണ് രാമനായെത്തുന്നത്. യഷ്, സണ്ണി ഡിയോൾ, രവി ദുബെ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ ആദ്യഭാഗം നവംബർ 5-നാണ് തീയേറ്ററുകളിൽ എത്തിയത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Actor Dhanush came out in support of Sai Pallavi amid online trolling over her role as Sita in Nitesh Tiwari's 'Ramayana'., Dhanush praised Sai Pallavi's dedication, purity, and devotion during the audio launch of their upcoming film 'OM'., He highlighted the transformation of Sai Pallavi from her 'Maari 2' days to the confident actress she is today., 'OM' features Dhanush, Sai Pallavi, and Mammootty, releasing on November 20., Nitesh Tiwari's 'Ramayana' features Sai Pallavi as Sita and Ranbir Kapoor as Rama, with its first part released on November 5.