സീതയ്ക്ക് ചുരുണ്ടമുടിയില്ല,സീതയേക്കാൾ സുന്ദരി ശൂർപ്പണഖ;സായ് പല്ലവിയെ ബോളിവുഡ് ടാർഗറ്റ് ചെയ്യുന്നുവോ?

സായ് പല്ലവി, ദീപിക ചിഖ്‌ലിയ | Instagram
സായ് പല്ലവി, ദീപിക ചിഖ്‌ലിയ | Instagram

ഇക്കഴിഞ്ഞ ദിവസമാണ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ' (Ramayana) സിനിമയുടെ ട്രെയിലർ പുറത്തുവന്നത്. റൺബീർ കപൂറും സായ് പല്ലവിയുമാണ് (Sai Pallavi) നായകനും നായികയുമായെത്തുന്നത്. ചിത്രത്തിൽ രാവണനാവുന്നത് യഷ് ആണ്. അതിനൊപ്പം കാജൽ അഗർവാൾ, രാകുൽപ്രീത് സിങ്, അരുൺ ഗോവിൽ, രവി ദുബെ, വിവേക് ഒബ്‌റോയ് തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു. നമിത് മൽഹോത്രയാണ് നിർമാണം.

രണ്ടുഭാഗങ്ങളിലായി റിലീസാവുന്ന ചിത്രത്തിന്റെ ആദ്യഭാഗം നവംബർ 8-നാണ് റിലീസ് ചെയ്യുന്നത്. രണ്ടാം ഭാഗം 2027-ലും. ചിത്രത്തിന്റെ നിർമാണച്ചെലവും മറ്റും നേരത്തെ ചർച്ചയായിരുന്നു. ഇന്ത്യൻസിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കുമിത്. എന്നാൽ ട്രെയിലർ വന്നതോടെ ചർച്ച കാസ്റ്റിങ്ങിലേക്ക് വഴിമാറി. രാമനേക്കാൾ പ്രേക്ഷകരെ ആകർഷിച്ചത് രാവണനായെത്തിയ യഷിനെയാണ്. സായ് പല്ലവിയുടെ സീതയെയും ആളുകൾക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല. ആദ്യമായി സീതയേക്കാൾ സുന്ദരിയായി ശൂർപ്പണഖയെ തോന്നുന്നുവെന്നും നെറ്റിസൺസ് അഭിപ്രായപ്പെടുന്നു. രാകുൽപ്രീത് സിങ്ങാണ് ശൂർപ്പണഖയാവുന്നത്. ഇത്തരം ചർച്ചകളോട് അണിയറപ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതിനിടെ ദൂരദർശനിൽ വർഷങ്ങൾക്കുമുമ്പ് സംപ്രേഷണം ചെയ്ത 'രാമായൺ' സീരിയലിലെ സീതയെയും പുതിയ സിനിമയിലെ സീതയെയും താരതമ്യം ചെയ്യുന്ന തിരക്കിലാണ് ചില പ്രേക്ഷകർ. സീരിയലിലെ സീതയെ അവതരിപ്പിച്ചത് ദീപിക ചിഖ്‌ലിയയാണ്. ഇന്നും ഐക്കോണിക് സീത എന്നാണവർ അറിയപ്പെടുന്നത്.

നേരത്തെ ദീപിക ചിഖ്‌ലിയയും ഇക്കാര്യത്തിൽ അഭിപ്രായവുമായി എത്തിയിരുന്നു. സായ് പല്ലവിയെ 'അസാമാന്യ അഭിനേത്രി' എന്നു വിശേഷിപ്പിച്ച ദീപിക, സായ് പല്ലവിയുടെ സീതയായുള്ള അഭിനയം കണ്ടശേഷമേ അഭിപ്രായം പറയുകയുള്ളൂവെന്ന് വ്യക്തമാക്കി. ''സായ് പല്ലവിയുടെ അഭിനയം ഞാൻ കണ്ടിട്ടുണ്ട്. മികച്ചൊരു നടിയാണ്. എന്നാൽ സീതയുടെ വേഷത്തിൽ എങ്ങനെയിരിക്കുമെന്ന് എനിക്കറിയില്ല. കാണുമ്പോഴേ നമുക്കത് മനസ്സിലാവൂ. നിലവിൽ എനിക്കതിനെക്കുറിച്ച് ഒരു ധാരണയുമില്ല'', അവർ 'വെറൈറ്റി ഇന്ത്യ'യോട് പറഞ്ഞു.

എന്നാൽ, സീതയുടെത് ചുരുണ്ടമുടിയല്ലെന്നും ദീപിക കൂട്ടിച്ചേർത്തു. ''തുളസീദാസിന്റെ രാമായണത്തിൽ സീതയെ വർണ്ണിച്ചിരിക്കുന്നത് ബദാം ആകൃതിയിലുള്ള കണ്ണുകളും പ്രത്യേക ഉയരവും മുടിയും ചർമ്മനിറവുമുള്ള ഒരു സ്ത്രീയായാണ്. രാമാനന്ദ് സാഗർ അന്വേഷിച്ചിരുന്നതും അത്തരം ഒരു രൂപമായിരുന്നു; അദ്ദേഹം അത് എന്നിൽ കണ്ടെത്തുകയും ചെയ്തു. എന്നാൽ ചുരുണ്ടമുടിയുള്ള സീതയെക്കുറിച്ച് രാമായണത്തിൽ പരാമർശിച്ചിട്ടില്ല''.

എന്നാൽ, ബോളിവുഡും ചില പ്രേക്ഷകരും ആവശ്യമില്ലാതെ സായ് പല്ലവിയെ ടാർഗറ്റ് ചെയ്യുകയാണെന്നും ഒരുപക്ഷം പ്രേക്ഷകർ പറയുന്നു. ട്രെയിലർ മാത്രം കണ്ട് ഒരാളുടെ പ്രകടനത്തെ വിലയിരുത്തേണ്ടതില്ലെന്നും അവർ പറയുന്നു.

രാമാനന്ദ സാഗറാണ് 'രാമായൺ' സീരിയലിന്റെ സംവിധാനം നിർവഹിച്ചത്. 1987 മുതൽ 1988 വരെയായിരുന്നു സീരിയൽ ദൂരദർശനിൽ സംപ്രേഷണം ചെയ്തത്. അക്കാലത്ത് ഏറ്റവും ചെലവേറിയ സീരിയലുമായിരുന്നു രാമായൺ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Nitesh Tiwari's Ramayana releases its first part on November 8, 2026. Sai Pallavi's casting as Sita faces scrutiny regarding her appearance compared to the original series. Deepika Chikhalia, the iconic Sita from the 1987 series, weighs in on the casting