87-ാം വയസ്സില്‍ ധര്‍മേന്ദ്രയുടെ കിസ്സിങ് സീന്‍, ഒറ്റ സീന്‍ കൊണ്ട് താന്‍ ലോകത്തെ ഞെട്ടിച്ചുവെന്ന് ധര്‍മേന്ദ്ര

ധർമേന്ദ്ര,ശബാന ആസ്മി (Getty Images)
ധർമേന്ദ്ര,ശബാന ആസ്മി (Getty Images)

‘ബോളിവുഡിന്റെ ഹീമാന്‍’ ധര്‍മേന്ദ്ര അഭിനയിച്ച അവസാനചിത്രം ‘ഇക്കീസ്’ റിലീസ് ചെയ്യാനിരിക്കുകയാണ്. അദ്ദേഹം ജീവിച്ചിരിക്കെ റിലീസ് ചെയ്ത അദ്ദേഹത്തിന്റെ അവസാന ചിത്രങ്ങളില്‍ ഒന്നാണ് കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ‘റോക്കി ഓര്‍ റാണി കി പ്രേം കഹാനി.’ ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ 87 വയസ്സായിരുന്നു ധര്‍മേന്ദ്രയ്ക്ക്. 35 വര്‍ഷങ്ങള്‍ക്ക് ശേഷം ധര്‍മേന്ദ്രയും ശബാന ആസ്മിയും ഒന്നിച്ച ചിത്രമായിരുന്നു ഇത്.

സിനിമയിലെ ഇരുവരുടെയും കിസ്സിങ് സീന്‍ വലിയ ചര്‍ച്ചയായി. അത് ബോളിവുഡിന്റെ പക്വതയായും അനാവശ്യവിവാദമുണ്ടാക്കലായും വ്യാഖ്യാനിക്കപ്പെട്ടു. പ്രമോഷനെത്തിയ അഭിനേതാക്കള്‍ക്ക് നിരവധി ചോദ്യങ്ങളാണ് അഭിമുഖീകരിക്കേണ്ടി വന്നത്. ‘’ഒറ്റയടിക്ക് പൂര്‍ത്തിയാക്കിയ സീന്‍’’ എന്നാണ് ശബാന ആസ്മി അതേക്കുറിച്ചു പ്രതികരിച്ചത്. ധര്‍മേന്ദ്രയുടെ മറുപടി രസകരമായിരുന്നു. ‘സൗന്ദര്യാത്മകമായ രംഗം’ എന്ന് സീനിനെ ഓര്‍ത്തെടുത്ത് ധര്‍മേന്ദ്ര റൊമാൻസിന്‌ പ്രായമില്ലെന്നും കൂട്ടിച്ചേര്‍ത്തു. മുമ്പ് രണ്‍വീറിനോട് പറഞ്ഞ വാക്കുകള്‍ അദ്ദേഹം ആരാധകര്‍ക്ക് മുന്നില്‍ ആവര്‍ത്തിച്ചു. ‘’ഞാന്‍ രണ്‍വീറിനോട് പറഞ്ഞു, നിനക്ക് ഈ സിനിമയില്‍ ഒരുപാട് കിസ്സിങ് സീനുകള്‍ ഉണ്ട്. പക്ഷേ ഒറ്റ സീന്‍ കൊണ്ട് ഞാന്‍ ലോകത്തെ ഞെട്ടിച്ചു.’’ 

മുതിര്‍ന്ന കഥാപാത്രങ്ങളുടെ റൊമാന്‍സ് പൊതുവെ സിനിമയില്‍ കാണാറേയില്ല. പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന അണിയറപ്രവര്‍ത്തകരുടെ ഭയം തന്നെയാണ് കാരണം. ആ പതിവാണ് ധര്‍മേന്ദ്ര- ശബാന ആസ്മി-കരണ്‍ ജോഹര്‍ ത്രയം തിരുത്തിയത്. നായകനായ രൺവീർ സിങ്ങിന്റെ മുത്തച്ഛനായ ധര്‍മേന്ദ്രയുടെ കഥാപാത്രവും നായികയായ ആലിയ ഭട്ടിന്റെ മുത്തശ്ശിയായ ശബാനയും തമ്മിലുള്ള പ്രണയം സിനിമ ഭംഗിയായി അവതരിപ്പിച്ചു. ബോളിവുഡിലെ എക്കാലത്തെയും റൊമാന്റിക് ഗാനങ്ങള്‍ കൂട്ടിയിണക്കിയാണ് ഇരുവരുടെയും പ്രണയത്തെ കരണ്‍ ജോഹര്‍ സ്‌ക്രീനിലെത്തിച്ചത്. 

1977 ല്‍ ‘ഖേല്‍ ഖിലാരി കാ’ എന്ന ഹേമാമാമാലിനി-ധര്‍മേന്ദ്ര ചിത്രത്തില്‍ ശബാന അഭിനയിച്ചിട്ടുണ്ട്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും സ്‌ക്രീനില്‍ വീണ്ടും ഒരുമിച്ചു. ‘മര്‍ദോം വലി ബാത്’ എന്ന സിനിമ വലിയ പരാജയമായിരുന്നു. ഇരുവരും ഒന്നിച്ചെത്തിയ അടുത്ത സിനിമ റിലീസ് ചെയ്യാനായില്ല. അതോടെ ഭാഗ്യമില്ലാത്ത ജോഡി എന്ന്‌ സിനിമാലോകം ഇരുവരെയും അടയാളപ്പെടുത്തി. അതിനുശേഷമാണ്‌ മറ്റൊരു സംവിധായകനും ഇവരെ സ്‌ക്രീനില്‍ ഒരുമിപ്പിക്കാതിരുന്നത്. 35 വര്‍ഷങ്ങള്‍ക്ക് ശേഷം കരണ്‍ ജോഹര്‍ ആ ധൈര്യം കാട്ടി. സിനിമ ഹിറ്റാകുകയും ചെയ്തു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Dharmendra and Shabana Azmi`s bold kiss scene in Rocky Aur Rani Ki Prem Kahani sparks debate about age and romance in Bollywood. Learn more about this iconic pairing.