ഞങ്ങള്‍ ചെയ്തതില്‍ കറക്ടായിട്ട് വല്ലതുമുണ്ടെങ്കില്‍; സിദ്ദിഖും കൂട്ടുകാരും ഒത്തുകൂടിയപ്പോള്‍

''മിമിക്സ് പരേഡിന്റെ ഇടവേള സമയത്ത് അന്‍സാര്‍ വേദിയില്‍ നിന്നിറങ്ങി വന്നിട്ട് സംഘാടകരോട് വളരെ ഗൗരവത്തില്‍ ഒരു ഡയലോഗ്: ''ഞങ്ങള്‍ ചെയ്തതില്‍ കറക്ടായിട്ടു വല്ലതുമുണ്ടെങ്കില്‍ പറയണം, തിരുത്താനാണ്.''മിസ്റ്റേക്ക് ആണ് അന്‍സാര്‍ ഉദ്ദേശിച്ചതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായെങ്കിലും സംഘാടകര്‍ക്കൊന്നും പിടികിട്ടിയില്ല. കാര്യം മനസ്സിലാകാതെ അവര്‍ വായ പൊളിച്ചു നില്‍ക്കുകയായിരുന്നു.'' മിമിക്സ് പരേഡിന്റെ പഴയൊരു ഫ്രെയിം ഓര്‍ത്തെടുത്ത് സിദ്ദിഖ് പറയുമ്പോള്‍ ചമ്മലോടെ അന്‍സാര്‍ ചിരിച്ചു. അവരുടെ അരികില്‍ നിന്നിരുന്ന ലാലും പ്രസാദും റഹ്മാനും വര്‍ക്കിച്ചനുമൊക്കെ അപ്പോള്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങളായി. നാല്പതു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കാലത്തെ തമാശകളും അബദ്ധങ്ങളും കൃസൃതികളുമൊക്കെ ഓര്‍ത്തെടുത്ത് ആ കൂട്ടുകാര്‍ ചേര്‍ന്നിരുന്നപ്പോള്‍ മുന്നില്‍ തെളിഞ്ഞു ചിരിയുടെ പൂരം.
കൊച്ചിന്‍ കലാഭവന്റെ മിമിക്സ് പരേഡിന് നാല്പതു വര്‍ഷം തികയുന്ന വേളയില്‍ 'ഗൃഹലക്ഷ്മി'ക്കു വേണ്ടി ഒത്തു കൂടിയതായിരുന്നു അവര്‍ ആറുപേരും. 1981 സെപ്റ്റംബര്‍ 21-ന് കലാകേരളത്തിനു മുന്നില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട മിമിക്സ് പരേഡിലെ അംഗങ്ങളായ സിദ്ദിഖ്, ലാല്‍, കലാഭവന്‍ പ്രസാദ്, കലാഭവന്‍ അന്‍സാര്‍, കലാഭവന്‍ റഹ്മാന്‍, വര്‍ക്കിച്ചന്‍ പേട്ട എന്നിങ്ങനെ ആറു പേര്‍. കാലം അവരുടെ രൂപത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും തമാശകളുടെയും കൃസൃതികളുടെയും കാര്യത്തില്‍ അവര്‍ക്ക് പഴയ ചെറുപ്പം തന്നെ.
കലാഭവന് അടുത്തുള്ള നോര്‍ത്ത് സെവന്‍ ഹോട്ടലിലെ റസ്റ്റോറന്റില്‍ ഒത്തുകൂടി വിശേഷങ്ങള്‍ പറയാന്‍ തുടങ്ങുമ്പോള്‍ പ്രസാദാണ് ആദ്യ ഡയലോഗടിച്ചത്: ''ഓരോ പ്ലേറ്റ് തമാശ പോരട്ടെ.'' ആ സമയത്തു തന്നെയാണ് തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പ് വാര്‍ത്ത ടി.വി. സ്‌ക്രീനില്‍ തെളിഞ്ഞത്. പന്ത്രണ്ടുകോടി അടിച്ച ഭാഗ്യവാന്‍ ആരാണെന്ന് എല്ലാവരും അന്വേഷിക്കുമ്പോള്‍ താന്‍ എഴുതിയ പഴയൊരു ലോട്ടറി സ്‌കിറ്റിന്റെ കഥ സിദ്ദിഖ് പറഞ്ഞു. സ്‌കിറ്റിലെ ഒരു കഥാപാത്രത്തിന് ലോട്ടറി അടിക്കുന്നുണ്ട്. അയാള്‍ തുക വാങ്ങാനെത്തുമ്പോള്‍ അധികൃതര്‍ നികുതി കഴിഞ്ഞുള്ള തുകയാണ് സമ്മാനമായി നല്‍കിയത്. അതോടെ ടിക്കറ്റിന്റെ ഉടമ വലിയ ദേഷ്യത്തിലായി. ടിക്കറ്റില്‍ പറഞ്ഞ തുക മുഴുവന്‍ നല്‍കാതിരിക്കുന്നത് ചതിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്തൊക്കെ പറഞ്ഞാലും മുഴുവന്‍ തുക നല്‍കില്ലെന്ന് അധികൃതര്‍ പറഞ്ഞതോടെ ടിക്കറ്റ് ഉടമയുടെ മറുപടിയെത്തി. ''ദാ, എന്നാല്‍ ടിക്കറ്റ് നിങ്ങള്‍ മടക്കിയെടുത്തോളൂ. എന്നിട്ട് എനിക്ക് ടിക്കറ്റിന്റെ കാശ് മടക്കിത്തരൂ.''സിദ്ദിഖിന്റെ പഴയ സ്‌കിറ്റിലെ ഡയലോഗ് കേട്ട് കൂട്ടുകാര്‍ പൊട്ടിച്ചിരിയുടെ താളമിട്ടു.
പുട്ടും തേങ്ങാപ്പീരയും പോലെ മിമിക്രിയും ഗാനമേളയും
പുട്ടിനിടയിലെ തേങ്ങാപ്പീര പോലെ ഗാനമേളക്കിടയിലെ ഐറ്റമായിരുന്നു മിമിക്രി. അതിനെ മിമിക്സ് പരേഡ് എന്ന മുഴുനീള പരിപാടിയായി അവതരിപ്പിക്കാനുള്ള കാരണം എന്തായിരുന്നു? ചോദ്യത്തിന് അതിവേഗത്തില്‍ പ്രസാദിന്റെ മറുപടിയെത്തി: ''ആബേലച്ചന്റെ ധൈര്യം.'' കൂട്ടുകാരുടെ ചിരിയുടെ താളത്തില്‍ പ്രസാദ് തന്നെ വിശദീകരണവും നല്‍കി. ''ഞങ്ങളൊന്നും പ്രതീക്ഷിക്കാത്ത വിധത്തിലുള്ള ബമ്പര്‍ ഹിറ്റ് തന്നെയായിരുന്നു മിമിക്സ് പരേഡ്. ആബേലച്ചന്‍ മിമിക്സ് പരേഡ് തുടങ്ങാമെന്നു പറഞ്ഞപ്പോഴും പത്തിരുപത് പരിപാടികള്‍ക്കപ്പുറം അതു പോകില്ലെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ മിമിക്സ് പരേഡ് ഒരു ബമ്പര്‍ ഹിറ്റായി മാറിയത് അതിവേഗത്തിലായിരുന്നു. കോളേജുകളിലും ഫൈന്‍ ആര്‍ട്സ് സൊസൈറ്റി പരിപാടികളിലുമാണ് ഞങ്ങള്‍ക്ക് ഏറെ വേദികള്‍ കിട്ടിയത്. കാണികളുടെ എണ്ണം കൂടിയതിനാല്‍ ഒരു ദിവസം ഒരേ കോളേജില്‍ തന്നെ രണ്ടു തവണ പരിപാടി നടത്തേണ്ടി വന്നിട്ടുണ്ട്. പരിപാടികള്‍ കൂടിയിട്ട് ഷോകളുടെ എണ്ണം ചുരുക്കണമെന്നു വരെ അക്കാലത്ത് ഞങ്ങള്‍ വിചാരിച്ചിരുന്നു. ധൈര്യത്തോടൊപ്പം കാശിന്റെ കാര്യത്തിലും മിമിക്സ് പരേഡിന് ആബേലച്ചന്‍ വലിയ പിന്തുണയാണ് നല്‍കിയത്. അന്ന് കലാഭവനിലെ ഗാനമേളക്കാര്‍ക്ക് ഒരു പരിപാടിക്ക് എഴുപത്തഞ്ച് രൂപ നല്‍കുമ്പോള്‍ ഞങ്ങള്‍ക്ക് നൂറു രൂപ വീതമാണ് അച്ഛന്‍ തന്നിരുന്നത്.'' പ്രസാദ് മിമിക്സ് പരേഡിന്റെ തുടക്കകാലം ഓര്‍ത്തെടുത്തു.
കാശിന്റെ തമാശകള്‍ പറഞ്ഞിരിക്കുമ്പോഴാണ് റഹ്മാന്‍ ഒരു കഥ പറഞ്ഞത്. ''വലിയ പിശുക്കരായിരുന്നു അന്ന് പലരും. ഒരിക്കല്‍ കോഴിക്കോട്ട് ഒരു പരിപാടി കഴിഞ്ഞ് ഞങ്ങള്‍ സംഘാടകര്‍ക്കൊപ്പം മിഠായിത്തെരുവില്‍ പോയി. ഹല്‍വ കണ്ടപ്പോള്‍ എല്ലാവരും അതു വാങ്ങാമെന്നു വിചാരിച്ചു. ഞാന്‍ രണ്ടു കിലോ വാങ്ങിയപ്പോള്‍ സിദ്ദിഖും ലാലുമൊക്കെ മൂന്നു കിലോ വീതം വാങ്ങി. പ്രസാദ് മാത്രം ഒന്നും വാങ്ങാതെ നില്‍ക്കുന്നതു കണ്ടപ്പോള്‍ കാര്യം തിരക്കി. വീട്ടില്‍ എല്ലാവര്‍ക്കും ഷുഗറായതു കൊണ്ട് വാങ്ങുന്നില്ലെന്നായിരുന്നു പ്രസാദിന്റെ മറുപടി. എന്നാല്‍ കൂട്ടുകാര്‍ക്കോ ചേട്ടന്‍മാര്‍ക്കോ ഒക്കെ കൊടുക്കാല്ലോയെന്നു പറഞ്ഞപ്പോള്‍ അവര്‍ക്കും ഷുഗറാണെന്നായിരുന്നു പ്രസാദിന്റെ മറുപടി. ഒടുവില്‍ ഞങ്ങളെല്ലാം ഹല്‍വ വാങ്ങി കാശ് കൊടുക്കാന്‍ നേരത്ത് സംഘാടകരുടെ പ്രഖ്യാപനമെത്തി. ആരും കാശു കൊടുക്കേണ്ട, ഹല്‍വയെല്ലാം അവരുടെ ചെലവിലാണ്. അതു കേട്ടതോടെ പ്രസാദിന്റെ മുഖം ഒന്നു കാണേണ്ടതായിരുന്നു.'' റഹ്മാന്‍ പറഞ്ഞതു കേട്ട് പ്രസാദും ചിരിച്ചു.
മിമിക്സ് പരേഡിലെ വരുമാനത്തിന്റെ കാര്യം പ്രസാദ് പറഞ്ഞപ്പോഴാണ് സിദ്ദിഖ് മറ്റൊരു തമാശയുടെ അക്കൗണ്ട് തുറന്നത്. ''അന്നു ഞാന്‍ സ്‌കൂളില്‍ എല്‍.ഡി. ക്ലര്‍ക്കായിട്ട് ജോലി ചെയ്യുന്നു. 230 രൂപ ശമ്പളം. എന്നാല്‍ മിമിക്സ് പരേഡിന് ആബേലച്ചന്‍ നൂറു രൂപ വെച്ച് തരും. മാസം പത്തു പരിപാടി കിട്ടിയാല്‍ തന്നെ ആയിരം രൂപ കൈയ്യില്‍ വരുമായിരുന്നു. പ്രൊഫസര്‍മാര്‍ക്കു പോലും അന്ന് ഇത്ര ശമ്പളമുണ്ടായിരുന്നില്ല. അവരേക്കാള്‍ സമ്പന്നരായിട്ടായിരുന്നു അന്നൊക്കെ ഞങ്ങളുടെ നടപ്പ്.'' സിദ്ദിഖ് പറയുമ്പോള്‍ അന്‍സാര്‍ ഇടയില്‍ കയറി.
''ഇവര്‍ക്ക് നൂറ് രൂപ വെച്ച് കൊടുക്കുമ്പോള്‍ ആബേലച്ചന്‍ എനിക്കു നൂറ്റിനാല്പത് രൂപ തരുമായിരുന്നു. സംഘാടകരുമായി സംസാരിച്ച് തുക വാങ്ങുന്ന ജോലി എനിക്കായിരുന്നു. ആ വകയിലാണ് നാല്പത് രൂപ അധികമായി കിട്ടിയത്. കണക്കറിയാവുന്ന ആളെ വേണമല്ലോ തുകയുടെ കാര്യമൊക്കെ വിശ്വസിച്ച് ഏല്‍പ്പിക്കാന്‍. അക്കാലത്ത് ഒരു ലിറ്റര്‍ പെട്രോളിന് അഞ്ചു രൂപ കൊടുത്താല്‍ മതി.'' അന്‍സാര്‍ പറയുമ്പോള്‍ സിദ്ദിഖ് കൗണ്ടറടിച്ചു. ''എനിക്കന്ന് പെട്രോള്‍ കാശും ലാഭമായിരുന്നു. കാരണം സൈക്കിളിന് പെട്രോള്‍ അടിക്കേണ്ടല്ലോ!''
കണക്കറിയാവുന്ന അന്‍സാറിനെ ആബേലച്ചന്‍ 'ട്രഷററാക്കിയ' കഥ പറഞ്ഞപ്പോള്‍ പ്രസാദ് മറ്റൊരു കഥയും ഓര്‍ത്തെടുത്തു. ''കണക്ക് നന്നായിട്ട് അറിയാമെന്നായിരുന്നു ഇവന്റെ തെറ്റിദ്ധാരണ. അന്ന് മിക്കവാറും പത്തിന്റെ നോട്ടായിട്ടാണ് കാശ് കിട്ടുന്നത്. സംഘാടകരില്‍ നിന്ന് കാശു കിട്ടിയാല്‍ അന്‍സാര്‍ അത് എല്ലാര്‍ക്കും വീതിക്കുന്നത് ചീട്ടുകളിയില്‍ ചീട്ടു വിളമ്പുന്നതു പോലെയാണ്. കെട്ടില്‍ നിന്ന് പത്തു രൂപ എനിക്കു തന്നാല്‍ അടുത്തത് സിദ്ദിഖിനു കൊടുക്കും. പിന്നെ റഹ്മാനും വര്‍ക്കിച്ചനും ലാലിനുമൊക്കെ കൊടുത്ത ശേഷം വീണ്ടും അടുത്ത റൗണ്ട് കാശു തരും. എന്നിട്ട് ഇടക്കിടയ്ക്ക് ഞങ്ങളോട് ചോദിക്കും 'ഇപ്പോ എത്ര രൂപയായി' എന്ന്. കണക്കറിയാമെങ്കില്‍ ആദ്യം തന്നെ അതു കൃത്യമായി എണ്ണി ഓരോരുത്തര്‍ക്കും തന്നാല്‍ പോരേ!''
പ്രസാദ് പറയുമ്പോള്‍ അന്‍സാര്‍ വീണ്ടും ഇടയില്‍ കയറി. ''ഒരിക്കല്‍ തോപ്പുംപടിയില്‍ ഒരു പരിപാടി കഴിഞ്ഞ് എല്ലാവര്‍ക്കും തുക കൊടുത്ത ശേഷം രണ്ടു രൂപ ബാക്കിയായി. അത് ആര്‍ക്കാണെന്ന കാര്യത്തില്‍ തര്‍ക്കമായി. ഒടുവില്‍ അത് ഞാനും പ്രസാദും കൂടി പങ്കിടാന്‍ തീരുമാനിച്ചു. പക്ഷേ, ചേഞ്ച് ഇല്ലാത്തതിനാല്‍ ഒരു രൂപയുടെ നോട്ടിനു വേണ്ടി അന്ന് തോപ്പുംപടിയിലെ എല്ലാ കടയിലും ഞങ്ങള്‍ കയറിയിറങ്ങി. സത്യത്തില്‍ രണ്ടാളുടെ കൈയിലും ഒരു രൂപ നോട്ട് ഉണ്ടായിരുന്നു. മുഴുവനായി കിട്ടുകയാണെങ്കില്‍ കിട്ടിക്കോട്ടേയെന്ന് കരുതിയാണ് അക്കാര്യം ഒളിപ്പിച്ചു വെച്ച് ഞങ്ങള്‍ രണ്ടാളും അന്ന് അവിടത്തെ കട മുഴുവന്‍ കയറിയിറങ്ങിയത്.'' അന്‍സാര്‍ പഴയ കഥ ഓര്‍ത്തെടുത്തപ്പോള്‍ കൂട്ടുകാരെല്ലാം നിറഞ്ഞ ചിരിയിലായിരുന്നു.
ചിരിയുടെ ടോപ്പ് ഗിയറില്‍
മിമിക്സ് പരേഡുമായി വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചപ്പോഴുള്ള തമാശകളും ഈ കൂട്ടുകാര്‍ മറന്നിട്ടില്ല. പരേഡ് സംഘത്തിന്റെ ഡ്രൈവറായിരുന്ന കേശവന്‍ ചേട്ടന്റെ രസകരമായ കഥ പറഞ്ഞത് സിദ്ദിഖാണ്. ''കേശവന്‍ ചേട്ടന്‍ ആളൊരു പാവമായിരുന്നു. വണ്ടിയോടിക്കുമ്പോള്‍ ചേട്ടന്‍ പല കഥകളും പറയും. ഞങ്ങള്‍ തൃശ്ശൂര്‍ ഭാഗത്ത് ഒരു പരിപാടിക്ക് പോകുമ്പോള്‍ വഴി തെറ്റി. പരിപാടി നടക്കുന്ന സ്ഥലത്തു നിന്ന് കുറേദൂരം മാറിപ്പോയെന്ന് മനസ്സിലായതോടെ കേശവന്‍ ചേട്ടന്‍ ആകെ ടെന്‍ഷനിലായി. ഞാന്‍ പറഞ്ഞു: ''ചേട്ടാ വഴി തെറ്റിയെന്നു തോന്നുന്നു. ചേട്ടനൊരു കാര്യം ചെയ്യൂ. വണ്ടിയിലെ ടാങ്കില്‍ നിന്നു കുറച്ചു ഡീസല്‍ എടുത്ത് മാറ്റിവെക്ക്. ഡീസല്‍ തീര്‍ന്ന് വണ്ടി നിന്നാല്‍ മാറ്റിവെച്ച ഡീസല്‍ എടുത്തൊഴിച്ച് യാത്ര തുടരാമല്ലോ.'' ഞാന്‍ പറഞ്ഞതു കേട്ട് കേശവന്‍ ചേട്ടന്‍ ഉടനെ വണ്ടി നിര്‍ത്തി. ഡീസല്‍ മാറ്റാന്‍ പോകുന്ന കേശവന്‍ ചേട്ടനെ കണ്ട് ഞങ്ങള്‍ അന്ന് എത്ര ചിരിച്ചെന്നോ!'' ആ കഥയുടെ ബാക്കി റഹ്മാന്‍ പൂരിപ്പിച്ചു. ''വണ്ടിയുടെ ഗിയര്‍ ബഹുകേമമായിരുന്നു. നോക്കി ഗിയറിട്ടില്ലെങ്കില്‍ ഗിയര്‍ കേശവന്‍ ചേട്ടന്റെ കൈയിലിരിക്കും.''റഹ്മാന്‍ പറയുമ്പോള്‍ കൂട്ടുകാരെല്ലാം ചിരിയുടെ ടോപ് ഗിയറിലായിരുന്നു.
കലാഭവനില്‍ മിമിക്സ് പരേഡിന് എത്തുന്നതിനു മുമ്പേ സുഹൃത്തുക്കളായിരുന്നു ലാലും പ്രസാദും. ആ കാലം ലാല്‍ ഓര്‍ത്തെടുത്തു. ''ഒരു തരത്തില്‍ പറഞ്ഞാല്‍ പ്രസാദാണ് ഞാന്‍ മിമിക്രിയിലേക്കു വരാന്‍ കാരണം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ എനിക്ക് ഒരു തവണ ഗ്രൂപ്പ് ഡാന്‍സിന് രണ്ടാം സമ്മാനം കിട്ടി. രണ്ടു ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. അപ്പോഴാണ് അധികമാരും പങ്കെടുക്കാത്ത മത്സരങ്ങളില്‍ പങ്കെടുത്ത് ഇനിയും സമ്മാനം നേടിയാലോയെന്നു ഞാന്‍ ചിന്തിച്ചത്. അങ്ങനെ പ്രസാദ് മാത്രം മത്സരിച്ചിരുന്ന മോണോ ആക്ടില്‍ ഞാന്‍ പങ്കെടുത്തു. ആ വര്‍ഷം എനിക്ക് ഒന്നാം സമ്മാനം കിട്ടി. ഇവന് രണ്ടാം സമ്മാനവും. അന്നു കിട്ടിയ ആത്മവിശ്വാസത്തിലാണ് ഞാന്‍ മിമിക്രിയുടെ ലോകത്തേക്ക് വരുന്നത്.'' ലാല്‍ പറഞ്ഞതു കേട്ട് എല്ലാരും ചിരിച്ചപ്പോഴും പ്രസാദ് ഗൗരവാഭിനയത്തില്‍ തന്നെയായിരുന്നു.
''കലാഭവന്റെ മിമിക്സ് പരേഡിന് തുടക്കം കുറിച്ച ആറു പേരുടെ ഈ സംഘത്തിന്റെ ഏറ്റവും വലിയ സവിശേഷത എന്താണ്?'' ആ ചോദ്യത്തിന് ഉത്തരം പറഞ്ഞത് അതുവരെ കാര്യമായി സംസാരിക്കാതിരുന്ന വര്‍ക്കിച്ചന്‍ പേട്ടയാണ്. ''പണ്ട് സ്‌കൂളിലും കോളേജിലുമൊക്കെ ഒന്നിച്ചു പഠിച്ചിരുന്ന പല കൂട്ടുകാരെയും ഇപ്പോള്‍ കാണുമ്പോള്‍ തിരിച്ചറിയാന്‍ പറ്റാറില്ല. കാരണം പലരുടെയും മുടി പോയിട്ടുണ്ടാകും. എന്നാല്‍ ഞങ്ങളെ നോക്കൂ, ഇതുവരെ ഒരാളുടെ പോലും മുടി പോയിട്ടില്ല.'' വര്‍ക്കിച്ചന്‍ പറയുമ്പോള്‍ പ്രസാദ് ഇടയില്‍ കയറി: ''മുടി പോയില്ലെന്നു മാത്രമല്ല, ഉള്ള മുടിയൊക്കെ കറുപ്പിച്ചു വെച്ചിട്ടുമുണ്ട്.''
പ്രസാദിന്റെ ഡയലോഗ് കേട്ട് കൂട്ടുകാരെല്ലാം അന്യോന്യം തലകളിലേക്ക് നോക്കി. പിന്നെ സിദ്ദിഖിന്റെ തന്നെ'ഫ്രണ്ട്സ്' എന്ന സിനിമയില്‍ ശ്രീനിവാസന്‍ ചിരിക്കുന്നതുപോലെ ചിരിതുടങ്ങി. ആ ചിരിയില്‍ പഴയ കാലത്തിന്റെ പല ഓര്‍മകളും വീണ്ടും വീണ്ടും കയറിവരുന്നുണ്ടായിരുന്നു.
Content Highlights: Remembering Director Siddique