'സിനിമകളിലെ ബെഡ്‌റൂം സീനുകൾ കണ്ട് ഞെട്ടി; ആ ചുംബനസീൻ വിവാദത്തിന് പ്രസക്തിയില്ല'

സംഭവബഹുലമാണ് ബോളിവുഡ് നടി രേഖയുടെ കരിയറും സ്വകാര്യജീവിതവും. ബാലതാരമായെത്തിയ അവർ ബോളിവുഡ് കീഴടക്കുന്നതാണ് കണ്ടത്. തെലുഗുവിലും കന്നഡയിലും അഭിനയിച്ചുകൊണ്ടാണ് തുടക്കമെങ്കിലും പിന്നീട് ആ ഭാഷകളിലേക്ക് തിരിഞ്ഞുനോക്കാൻ പോലും അവർക്ക് സമയം കിട്ടിയില്ല. അതിനൊപ്പം തന്നെ അവരുടെ സ്വകാര്യജീവിതവും ചർച്ചയായി.

പക്ഷേ രേഖയുടെ കരിയറിൽ അവർ ഏറെ അപമാനിക്കപ്പെട്ടൊരു സമയമുണ്ട്. 'ദോ ശിക്കാരി' എന്ന സിനിമയുടെ ചിത്രീകരണസമയത്തായിരുന്നുവത്. 'അഞ്ചാന സഫർ' എന്നായിരുന്നു സിനിമയുടെ ആദ്യപേര്. രേഖയുടെ ആദ്യചിത്രം കൂടിയാവേണ്ടതായിരുന്നുവിത്. എന്നാൽ, സെൻസർ ബോർഡിൽനിന്നുള്ള അനുമതി കിട്ടാത്തതിനാൽ 10 വർഷത്തോളം കഴിഞ്ഞാണ് സിനിമ റിലീസായത്.

കുൽജീത് പൽ നിർമിച്ച ചിത്രത്തിലെ നായകനായത് ബിശ്വജീത് ചാറ്റർജിയാണ്. ചിത്രത്തിലെ ഒരു ലിപ്‌ലോക്ക് സീൻ കുറേക്കാലത്തേക്കുള്ള ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. ചുംബനസീൻ എങ്ങനെ ചിത്രീകരിക്കണമെന്ന് സംവിധായകനും നായകനും ആദ്യമേ തന്നെ തീരുമാനിച്ചിരുന്നു. അതിനനുസരിച്ച് ബിശ്വജീത് രേഖയുടെ ചുണ്ടുകളിൽ ചുംബിച്ചു. മിനിറ്റുകളോളം നീണ്ടുനിന്നു ചുംബനം. സംവിധായകൻ കട്ട് വിളിച്ചതുമില്ല.

ചുറ്റുമുള്ള അണിയറപ്രവർത്തകർ കൈയടിച്ച് അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അന്ന് രേഖയ്ക്ക് 15 വയസ്സേയുള്ളൂ. ആ സീൻ കഴിഞ്ഞതോടെ ആ പെൺകുട്ടി പൊട്ടിക്കരഞ്ഞു. വിവാദമായപ്പോൾ ബിശ്വജീത് കാലുമാറി. സംവിധായകന്റെ നിർദേശമനുസരിച്ചാണ് താനങ്ങനെ ചെയ്തതെന്ന് അദ്ദേഹം വെളിപ്പെടുത്തി. രേഖയുടെ സ്വാഭാവികപ്രതികരണം ലഭിക്കാനായിരുന്നുവത്രേ അവരോടത് ആദ്യം പറയാതിരുന്നത്.

ആ സീനിനെക്കുറിച്ച് സംസാരിക്കുകയാണ് ബിശ്വജീത് ഇപ്പോൾ. എഎൻഐ യുമായുള്ള ഒരു പോഡ്കാസ്റ്റിൽ ഈ സംഭവത്തെക്കുറിച്ച് സംസാരിക്കവേ, 'അനിമൽ' ഉൾപ്പെടെയുള്ള ഇന്നത്തെ സിനിമകളിലെ ഇന്റിമേറ്റ് സീനുകളുമായിട്ടാണ് ബിശ്വജിത്ത് ഈ വിവാദത്തെ താരതമ്യം ചെയ്തത്.

''ഇന്നത്തെ കാലത്ത് ആ വിവാദത്തിന് വലിയ പ്രസക്തിയൊന്നുമില്ല. ഇന്ന് ഓൺ-സ്‌ക്രീൻ ചുംബനം എന്നത് നിസ്സാരമായ ഒരു കാര്യമാണ്. 'അനിമൽ' പോലുള്ള സിനിമകളിലെ ഇന്നത്തെ ബെഡ്റൂം രംഗങ്ങൾ കാണുമ്പോൾ ഞാൻ ഞെട്ടിപ്പോകാറുണ്ട്''.

ആ വിവാദത്തിന് ശേഷം താൻ രേഖയെ കണ്ടിരുന്നതായി ബിശ്വജീത് വെളിപ്പെടുത്തി. ''അതിനുശേഷം അവർ എന്റെ സിനിമയിൽ അഭിനയിച്ചു. ഞാനായിരുന്നു അതിന്റെ നിർമാതാവും സംവിധായകനും. ഞാൻ അവരോട് സംസാരിക്കുകയും അവർ എന്റെ സിനിമയിൽ പ്രവർത്തിക്കുകയും ചെയ്തു. വിവാദങ്ങൾ ഉണ്ടാകണം, അവയെക്കുറിച്ച് സംസാരിക്കണം. വെറുതെ സമയം പോക്കാൻ വേണ്ടിയെങ്കിലും അത്തരം കാര്യങ്ങൾ പറയേണ്ടതുണ്ട്''.

വർഷങ്ങൾക്ക് ശേഷം, ഒരു പരിപാടിക്കിടെ ആ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ, മാധ്യമങ്ങൾ ചെറിയൊരു കാര്യത്തെ ഊതിപ്പെരുപ്പിക്കുകയാണുണ്ടായതെന്ന് പറഞ്ഞ് ബിശ്വജീത് ആ വിവാദത്തെ ചിരിച്ചുതള്ളിയിരുന്നു. കഥയ്ക്ക് ആ ചുംബനം ആവശ്യമായിരുന്നുവെന്നും താൻ ആ രംഗം കുറച്ചുകൂടി ഇംപ്രോവൈസ് ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Actor Biswajeet Chatterjee discusses the infamous kissing scene from Rekha's early career film 'Anjana Safar'. He compared the historical controversy to modern-day intimate scenes in films like 'Animal'. Biswajeet claims the scene was shot as per the director's instructions to capture natural reactions.