കോടികൾ വാരിക്കൂട്ടി രാവണപ്രഭു; റീ റിലീസിലും ആവേശം കൊള്ളിച്ച മോഹൻലാൽ ചിത്രം

ചിത്രത്തിന്റെ പുതിയ പോസ്റ്റർ/ ഇൻസ്റ്റഗ്രാം(kavitha_theatre)
ചിത്രത്തിന്റെ പുതിയ പോസ്റ്റർ/ ഇൻസ്റ്റഗ്രാം(kavitha_theatre)

മലയാളത്തിലെ റീ റിലീസുകളില്‍ തിയേറ്ററുകളില്‍ ഏറ്റവും കൂടുതൽ ഓളം സൃഷ്ടിച്ചിട്ടുള്ളത് മോഹന്‍ലാല്‍ ചിത്രങ്ങളാണ്. ഛോട്ടാ മുംബൈ ആയിരുന്നു അക്കൂട്ടത്തില്‍ ഒടുവിലത്തേത്. ഇപ്പോഴിതാ അതിന് തുടര്‍ച്ചയായി മറ്റൊരു മോഹന്‍ലാല്‍ ചിത്രം കൂടി റീ റിലീസിലൂടെ തിയേറ്ററുകളിലും ബോക്സ് ഓഫീസ് ആവേശം സൃഷ്ടിക്കുകയാണ്. 

രഞ്ജിത്തിന്‍റെ സംവിധാന അരങ്ങേറ്റചിത്രമായിരുന്നു 2001-ൽ പുറത്തിറങ്ങിയ രാവണപ്രഭു. മോഹൻലാലിൻ്റെ 1993-ലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ദേവാസുര'ത്തിൻ്റെ തുടർച്ചയായി പുറത്തിറങ്ങിയ  രാവണപ്രഭു ഒക്ടോബർ 10-നാണ് റീ റിലീസ് ചെയ്തത്. അഡ്വാന്‍സ് ബുക്കിങ്ങിൽ തന്നെ കളക്ഷനുകൾ വാരിക്കൂട്ടിയ ചിത്രം ബോക്സ് ഓഫീസിലും കുതിക്കുമെന്നുറപ്പായിരുന്നു. 

രാവണപ്രഭുവിനെ ആഘോഷിക്കുന്ന ആരാധകരുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. റീ റിലീസ് ചെയ്ത് രണ്ട് ദിവസം പൂർത്തിയാകുമ്പോൾ സിനിമയുടെ കളക്ഷൻ കണക്കുകളാണ് പുറത്തു വരുന്നത്. 1.45 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബോക്സ് ഓഫീസ് കളക്ഷനിൽ മുന്നിട്ടുനിൽക്കുന്ന 'കാന്താര: ചാപ്റ്റർ 1' ഒഴികെയുള്ള നിലവിലെ എല്ലാ സിനിമകളെക്കാളും മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവെച്ചത്.

ആദ്യഘട്ട കണക്കുകൾ പ്രകാരം, രാവണപ്രഭു കേരള ബോക്സ് ഓഫീസിൽ നിന്ന് ആദ്യ ദിനത്തിൽ 70 ലക്ഷം രൂപ നേടി. കോവിഡ് മഹാമാരിക്കിടയിൽ 2022-ൽ വീണ്ടും റിലീസ് ചെയ്ത മോഹൻലാലിൻ്റെ 'സ്ഫടികം' കഴിഞ്ഞാൽ, ഒരു റീ-റിലീസ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ ആദ്യ ദിന കളക്ഷനാണിത്.

ശനി, ഞായർ ദിവസങ്ങളിലെ മികച്ച ബുക്കിങ് കണക്കിലെടുക്കുമ്പോൾ, ചിത്രം വാരാന്ത്യത്തിൽ 2 കോടി രൂപ ഗ്രോസ് കളക്ഷൻ നേടുമെന്ന് ഉറപ്പാണ്.
കേരളത്തിലെ റീ-റിലീസ് ചിത്രങ്ങളുടെ ആദ്യ ദിന കളക്ഷനിലെ ആദ്യ അഞ്ച് സ്ഥാനങ്ങളും മോഹൻലാലിൻ്റെ സിനിമകൾക്കാണ്. മണിച്ചിത്രത്താഴ്, ഛോട്ടാ മുംബൈ, ദേവദൂതൻ എന്നിവയാണ് ഈ പട്ടികയിലെ മറ്റ് ചിത്രങ്ങൾ.

ഇതിനിടയിൽ ചിത്രത്തിന്റെ പുതിയ പോസ്റ്ററിൽ നിന്നും ഗിരീഷ് പുത്തഞ്ചേരിയുടെ പേര് ഒഴിവാക്കിയതിൽ വിമർശനങ്ങളും ഉയരുന്നുണ്ട്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ  രാവണപ്രഭു 4K അറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്. വരും ദിവസങ്ങളിൽ സിനിമയുടെ കളക്ഷൻ ഉയരാനാണ് സാധ്യത.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Mohanlal`s `Ravananprabhu` re-release is creating box office buzz in Kerala, grossing 1.42Cr in 2 days.