സിനിമയിൽ രശ്മിക പുക വലിക്കുമോ? അവസരം വന്നാൽ ഇങ്ങനെ മറുപടി പറയുമെന്ന് താരം

രാജ്യത്തെ സൂപ്പർതാരങ്ങൾക്കൊപ്പം നായികവേഷത്തിലെത്തി ഒന്നിനുപുറകെ മറ്റൊന്നായി നടി രശ്മിക മന്ദാന നേട്ടങ്ങൾ കൈവരിക്കുകയാണ്. തന്റെ പുതിയ ചിത്രമായ 'മൈസയുടെ' ഫസ്റ്റ്-ലുക്ക് പോസ്റ്റർ കഴിഞ്ഞദിവസമാണ് അവർ പുറത്തിറക്കിയത്. മുൻവേഷങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായി ചോരപുരണ്ട ആയുധവുമായി രൗദ്രഭാവം പൂണ്ട് നിൽക്കുന്ന രശ്മികയെ പോസ്റ്ററിൽ കാണാം.
'അനിമൽ' സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിലും സിനിമാ വ്യവസായത്തിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെപ്പറ്റിയും മനസ്സുതുറന്നിരിക്കുകയാണ് താരമിപ്പോൾ. സ്ക്രീനിൽ പുകവലിക്കുന്ന ഒരു വേഷം കിട്ടിയാൽ ഒരിക്കലും ചെയ്യില്ലെന്നാണ് രശ്മികയുടെ തീരുമാനം. ''സ്ക്രീനിലോ യഥാർഥജീവിതത്തിലോ ഒരിക്കലും പുകവലിക്കില്ല, കാരണം പുകവലിയെന്ന ആശയം തന്നെ എനിക്കിഷ്ടമല്ല. അതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്, അത് സ്വയം സൂക്ഷിക്കാൻ ഞാനിഷ്ടപ്പെടുന്നു. ആരെങ്കിലും വന്ന് അങ്ങനെ ചെയ്യണമെന്നു പറഞ്ഞാൽ, എനിക്ക് ചിലപ്പോൾ ആ സിനിമ തന്നെ വേണ്ടെന്ന് വെക്കേണ്ടിവരും''- ലണ്ടനിൽ ബർഖ ദത്ത് സംഘടിപ്പിച്ച 'വീ ദ വിമൻ' ഫെസ്റ്റിവലിൽ പങ്കെടുത്തുകൊണ്ട് അവർ പറഞ്ഞു.
ബോളിവുഡ് ചിത്രമായ 'അനിമലിന്' ലഭിച്ച ഭിന്നാഭിപ്രായങ്ങളെപ്പറ്റി ചോദിച്ചപ്പോൾ ആ സിനിമയെ ഒരു സിനിമയായിട്ടാണ് കണ്ടതെന്ന് രശ്മിക മറുപടി പറഞ്ഞു. "ഞാൻ ഒരു സിനിമയെ സിനിമയായിട്ടാണ് കാണുന്നത്, ഒരു തരത്തിലും സ്വാധീനിക്കപ്പെടാൻ വേണ്ടിയല്ല. നിങ്ങൾ ഒരു സിനിമ കണ്ട് സ്വാധീനിക്കപ്പെടുന്ന ഒരാളാണെങ്കിൽ, ഇഷ്ടമുള്ള സിനിമകൾ മാത്രം കാണുക. എല്ലാ സിനിമയും പോയി കാണാൻ ആരും ആരെയും നിർബന്ധിക്കുന്നില്ല. നമ്മിലോരോരുത്തരിലും സുഖകരമല്ലാത്ത സ്വഭാവങ്ങളുണ്ട്, നമ്മൾ ഒരിക്കലും കറുപ്പും വെളുപ്പുമല്ല, നമ്മിൽ ചാരനിറവുമുണ്ട്. സന്ദീപ് റെഡ്ഡി വാംഗ താളം തെറ്റിയ ഒരു കഥാപാത്രത്തെക്കുറിച്ചാണ് സംസാരിച്ചത്, അത്രമാത്രം. എനിക്ക് തോന്നുന്നത് ആളുകൾ അതിനെ ആഘോഷിച്ചു എന്നാണ്, അത് കളക്ഷൻ നേടി. ആളുകൾക്കിഷ്ടപ്പെടാം, ഇഷ്ടപ്പെടാതിരിക്കാം, അത് അവരുടെ വ്യക്തിപരമായ കാര്യമാണ്. ഞങ്ങൾ ഒരു സിനിമയുണ്ടാക്കി. സിനിമയെ സിനിമയായി കാണുക, ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടനെ അതിന്റെ പേരിൽ വിലയിരുത്തരുത്."
രൺബീർ കപൂർ നായകനായ ‘അനിമൽ’ സ്ത്രീവിരുദ്ധതയേയും അക്രമത്തെയും പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമർശനമുണ്ടായിരുന്നു. അതേസമയം, സിനിമയിൽ വിജയം നിലനിർത്തുന്നതാണ് ഏറ്റവും കഠിനമായി തനിക്ക് തോന്നിയതെന്നും അവർ അഭിപ്രായപ്പെട്ടു, "പുരുഷന്മാർക്ക് വിജയം നേടുന്നതിലാണ് കാര്യം, എന്നാൽ സ്ത്രീകൾക്ക് വിജയം നിലനിർത്തുന്നതാണ് യഥാർഥയുദ്ധം എന്ന് ഞാൻ വിശ്വസിക്കുന്നു,"-അവർ പറഞ്ഞു.
ആയുഷ്മാൻ ഖുറാനയ്‌ക്കൊപ്പമുള്ള 'തമ', 'ദി ഗേൾഫ്രണ്ട്', 'റെയിൻബോ', 'പുഷ്പ 3' എന്നീ ചിത്രങ്ങളാണ് രശ്മികയുടേതായി ഇനി വരാനിരിക്കുന്നത്. ഒടുവിലത്തെ ഹിന്ദി ചിത്രം 'സിക്കന്ദർ' ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കിയിരുന്നില്ല.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi