കന്നഡയിൽ തന്നെയിതുവരെ വിലക്കിയിട്ടില്ലെന്ന് രശ്മിക മന്ദാന

ബോളിവുഡിലും തെലുങ്കിലും തിളങ്ങിനിൽക്കുന്ന നടി രശ്മിക മന്ദാന കന്നഡ സിനിമാവ്യവസായത്തിൽ സഹകരിക്കുന്നില്ലെന്ന വിവാദം ഏറെക്കാലമായുണ്ട്. കന്നഡ സൂപ്പർഹിറ്റായ 'കിരിക്ക് പാർട്ടി'യിലൂടെയാണവർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അടുത്തിടെ, ഗുഡ് ന്യൂസ് കന്നഡയോട് സംസാരിക്കവെ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് രശ്മിക.
ഋഷഭ് ഷെട്ടിയുടെ 'കാന്താര' കണ്ടിരുന്നോ എന്നും, കണ്ടിരുന്നെങ്കിൽ അണിയറപ്രവർത്തകരുമായി എന്തെങ്കിലും അഭിപ്രായം പങ്കുവെച്ചിരുന്നോ എന്നും രശ്മികയോട് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു. "ചിത്രം റിലീസ് ചെയ്ത് ആദ്യത്തെ രണ്ടുമൂന്നു ദിവസങ്ങളിൽ ഞാൻ കണ്ടിരുന്നില്ല. പിന്നീട് ചിത്രം കാണുകയും ടീമിന് മെസ്സേജ് അയക്കുകയും ചെയ്തു. അവർ 'നന്ദി' എന്ന് മറുപടിയും തന്നു." എല്ലാ കാര്യങ്ങളും പരസ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും നടി വ്യക്തമാക്കി.
"നോക്കൂ, ഉള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് ലോകത്തിനറിയില്ല. വ്യക്തിപരമായ ജീവിതത്തിൽ എപ്പോഴും ക്യാമറ വെക്കാനാവില്ല. സന്ദേശങ്ങൾ ഓൺലൈനിൽ പങ്കുവെക്കുന്ന ആളുകളുമല്ല ഞങ്ങൾ. അതുകൊണ്ട്, ഒരു വ്യക്തിയുടെ ജീവിതത്തെക്കുറിച്ച് ആളുകൾ എന്ത് പറയുന്നു എന്നത് ഒരു വിഷയമേയല്ല. പക്ഷേ, പ്രൊഫഷണൽ ജീവിതത്തെക്കുറിച്ച് അവർ പറയുന്നത് പരിഗണിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യും."
കന്നഡ സിനിമയിൽ വിലക്ക് നേരിടുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ, "ഇതുവരെ എനിക്ക് വിലക്കൊന്നും ഏർപ്പെടുത്തിയിട്ടില്ല" എന്നും താരം മറുപടി പറഞ്ഞു. ഒരു കലാകാരൻ എങ്ങനെ ജീവിക്കണം, പ്രവർത്തിക്കണം എന്നത് പൊതുകാഴ്ചപ്പാടുകളിൽ ഊന്നിയാവരുത്. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കനുസരിച്ച് ജീവിക്കാൻ ഒരാൾക്കാവില്ല. തെറ്റിദ്ധാരണകളും അപൂർണ്ണമായ അറിവും പലപ്പോഴും വിമർശനങ്ങളെ ശക്തിപ്പെടുത്തുമെന്നും രശ്മിക പറഞ്ഞു.
ആയുഷ്മാൻ ഖുറാനയുടെ നായികയായി 'തമ്മ' എന്ന ചിത്രമാണ് രശ്മികയുടേതായി വരാനിരിക്കുന്നത്. ഒക്ടോബർ 21-ന് ചിത്രം തിയേറ്ററുകളിലെത്തും. 'ദി ഗേൾഫ്രണ്ട്' എന്ന തെലുങ്ക് റൊമാൻ്റിക് കോമഡി ചിത്രത്തിലും രശ്മിക അഭിനയിക്കുന്നുണ്ട്. ഇത് നവംബറിൽ തിയേറ്ററുകളിലെത്തും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Rashmika Mandanna clarifies her absence from Kannada cinema and addresses ban rumors. She discusses public perception vs. professional feedback and upcoming projects.