'ഷാരൂഖ് സമ്മതിച്ചിരുന്നെങ്കിൽ എന്നെ പുറത്താക്കിയേനെ; അഭിനയിക്കാത്ത സിനിമയ്ക്ക് നഷ്ടപരിഹാരം എന്തിന്'

'ഡോൺ 3'യിൽനിന്ന് നടൻ രൺവീർ സിങ് പിൻമാറിയത് വലിയ വാർത്തയായിരുന്നു. രൺവീറും സിനിമയുടെ സംവിധായകൻ ഫർഹാൻ അക്തറും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് അതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്.
അതിനുപിന്നാലെ സിനിമയിൽനിന്നുള്ള പിൻമാറ്റത്തിന്റെ പേരിൽ രൺവീർ നഷ്ടപരിഹാരമായി 40 കോടി നൽകണമെന്ന് നിർമാതാക്കൾ ആവശ്യപ്പെട്ടതും ചർച്ചയായിരുന്നു. എക്സൽ എന്റർടെയിൻമെന്റ് ആണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. സിനിമയുടെ ലൊക്കേഷനും മറ്റും തീരുമാനിക്കപ്പെട്ടശേഷമാണ് രൺവീർ പുറത്തുപോയതെന്നും അത് കമ്പനിക്ക് നഷ്ടമുണ്ടാക്കിയെന്നുമാണ് അവർ പറയുന്നത്. മാസങ്ങളുടെ ആസൂത്രണം പാളംതെറ്റാൻ ഇത് കാരണമായെന്നും ചെലവുകൾ കൂട്ടിയെന്നുമാണ് നിർമാതാക്കളുടെ വാദം. എന്നാൽ, തന്റെ ഭാഗത്തുനിന്നുള്ള വിശദീകരണമൊന്നും രൺവീർ ഇതുവരെ നൽകിയിരുന്നില്ല.
ഇപ്പോഴിതാ പ്രശ്നത്തിൽ തന്റെ വാദങ്ങളുമായി എത്തിയിരിക്കുകയാണ് രൺവീർ. നിർമാതാക്കളിൽ നിന്ന് ഒരു പൈസ പോലും വാങ്ങിയിട്ടില്ലാത്തതിനാൽ പണം നൽകാൻ താൻ ബാധ്യസ്ഥനല്ലെന്ന് രൺവീർ വെളിപ്പെടുത്തുന്നതെന്ന് ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നു. അതുകൊണ്ട് ഇത്രയും വലിയ തുക നൽകുന്ന പ്രശ്നമേയില്ല. മറ്റൊരു ഉദാഹരണവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
''സഞ്ജയ് ലീലാ ബൻസാലി സംവിധാനം ചെയ്യുന്ന 'ബൈജു ബാവ്ര' എന്ന ചിത്രത്തിൽ അഭിനയിക്കേണ്ടിയിരുന്നതായിരുന്നു. ഒരു വർഷത്തോളം അതിലെ, വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രത്തിനായി സമയം മാറ്റിവെച്ചു. നല്ല തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തു. അതിനിടെ പല സിനിമകളും തേടിയെത്തിയെങ്കിലും, ഈ സിനിമയ്ക്കായി അതെല്ലാം വേണ്ടെന്നുവെച്ചു. എന്റെ ഒരുവർഷമാണ് അതിനായി മാറ്റിവെച്ചത്. പക്ഷേ അതിനുശേഷം സഞ്ജയ് ആ സിനിമ നിർത്തിവെച്ചു. റൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവരെവെച്ച് 'ലവ് & വാർ' എന്ന ചിത്രത്തിന്റെ ജോലി തുടങ്ങുകയും ചെയ്തു. ആ വേഷത്തിനായി തയ്യാറെടുക്കാൻ ചെലവഴിച്ച ഒരു വർഷത്തേക്ക് എനിക്ക് പ്രതിഫലമൊന്നും ലഭിച്ചിരുന്നില്ല. ഇതെല്ലാം ഈ വ്യവസായത്തിന്റെ സ്വഭാവമാണ്. അങ്ങനെയാണ് ഈ ബിസിനസ് നടക്കുന്നത്. ചിലപ്പോൾ സിനിമകൾ നിർമിക്കപ്പെടില്ല, അല്ലെങ്കിൽ വിവിധകാരണങ്ങളാൽ മാറ്റിവെക്കും. അതിനൊന്നും ആരും പ്രതിഫലം വാങ്ങില്ല''.
'ഡോണി'ന്റെ തിരക്കഥയിൽ താൻ സന്തുഷ്ടനായിരുന്നില്ലെന്നും ഒരുപാട് മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെട്ടുവെന്നും അതിനുശേഷം കിട്ടിയ ഫൈനൽ ഡ്രാഫ്റ്റും തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും രൺവീർ പറയുന്നു. അതിനിടെ ആദ്യ ഭാഗങ്ങളിൽ അഭിനയിച്ച ഷാരൂഖ് ഖാനെ നിർമാതാക്കൾ സമീപിച്ചതായി വാർത്തകളുണ്ടായിരുന്നു. ഷാരൂഖ് സമ്മതിച്ചിരുന്നുവെങ്കിൽ, യാതൊരു പ്രതിഫലവും നൽകാതെ തന്നെ അവർ ആ സിനിമയിൽനിന്ന് പുറത്താക്കുമായിരുന്നുവെന്നും രൺവീർ വാദിക്കുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ranveer Singh denies owing 40 crore compensation to Don 3 producers, citing industry norms. Learn why he refused to pay