ഇന്നാണെങ്കിൽ ആ സിനിമ ജെൻ സി വലിയ വിജയമാക്കുമായിരുന്നു, കാലത്തിന് മുന്നേ സഞ്ചരിച്ച കഥയുമായിരുന്നു അത്

സിനിമയിൽ റാണി മുഖർജിയും പൃഥ്വിരാജും /IMDb
സിനിമയിൽ റാണി മുഖർജിയും പൃഥ്വിരാജും /IMDb

റാണി മുഖർജിയുടെ 2012-ൽ പുറത്തിറങ്ങിയ ചിത്രമാണ് 'അയ്യ'. റാണിയുടെ സ്വപ്ന നായകനായെത്തിയതോ സാക്ഷാൽ പൃഥ്വിരാജ് സുകുമാരൻ. 'അയ്യ' അതിന്റെ കാലഘട്ടത്തിന് മുൻപേ സഞ്ചരിച്ച ഒന്നായിരുന്നു എന്നും, ചിത്രം ഇന്ന് റിലീസ് ചെയ്തിരുന്നെങ്കിൽ 'ജെൻ സി'കൾ ഇതിനെ ഒരു വമ്പൻ ഹിറ്റാക്കുമായിരുന്നു എന്നും പറയുകയാണ് റാണി മുഖർജി. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തുണ്ടായ രസകരമായ അനുഭവങ്ങളെക്കുറിച്ചും സിനിമ നൽകുന്ന സന്ദേശത്തെക്കുറിച്ചും സൂമിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അവർ സംസാരിച്ചു. "എനിക്ക് 'അയ്യ' ഒരുപാട് ഇഷ്ടമാണ്. ഈ സിനിമയുടെ ചിത്രീകരണ വേളയാണ് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചത്. പൂനെയിലായിരുന്നു ഷൂട്ടിങ്. മറാത്തി സിനിമയിലെ മികച്ച കുറച്ച് അഭിനേതാക്കളെ അവിടെ വച്ച് പരിചയപ്പെടാൻ സാധിച്ചു. അവർ വളരെയധികം കഴിവുള്ളവരാണ്."

"വളരെ വ്യത്യസ്തമായ ഒരു കഥയായിരുന്നു അത്. നല്ല മണമുള്ള ഒരാളോട് പ്രണയം തോന്നുക എന്നത് സങ്കൽപ്പിക്കുക! അത് വളരെ രസകരവും കാലത്തിന് മുൻപേ സഞ്ചരിച്ച ഒരു കഥയുമായിരുന്നു. ഇന്നത്തെ കാലത്താണ് അത് ഇറങ്ങിയതെങ്കിൽ 'ജെൻ സി' ഇതിനെ വലിയ വിജയമാക്കുമായിരുന്നു എന്ന് ഞാൻ കരുതുന്നു. കാരണം, ഒരു സ്ത്രീക്ക് സങ്കൽപ്പലോകത്ത് വിഹരിക്കാൻ കഴിയുമെന്ന് ആദ്യമായി കാണിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു അത്. അങ്ങനെ ചെയ്യുന്നത് തെറ്റല്ല എന്ന് ആ സിനിമ പറയുന്നു."

"ഇന്നത്തെ തലമുറയ്ക്ക് ഇത് സാധാരണ കാര്യമായിരിക്കാം. എന്നാൽ അക്കാലത്ത് അങ്ങനെയായിരുന്നില്ല. സ്ത്രീകൾക്ക് സങ്കൽപ്പങ്ങൾ ഉണ്ടാകുന്നതും മനോഹരമായ മറ്റൊരു ശരീരത്തോട് ആകൃഷ്ടരാകുന്നതും തെറ്റല്ല എന്ന് ആ സിനിമ പറഞ്ഞു വെച്ചു," റാണി കൂട്ടിചേർത്തു.

മീനാക്ഷി ദേശ്പാണ്ഡെ എന്ന മറാത്തി പെൺകുട്ടിയുടെ കഥയാണ് 'അയ്യ'. മാതാപിതാക്കൾ അവൾക്കായി വരനെ അന്വേഷിക്കുന്നതിനിടയിൽ, ഒരു തമിഴ് യുവാവായ സൂര്യയുമായി (പൃഥ്വിരാജ് സുകുമാരൻ) അവൾ പ്രണയത്തിലാകുന്നു. അത്യന്തം നിഗൂഢതകളുള്ള, മനംമയക്കുന്ന ഗന്ധമുള്ള ഒരു കലാകാരനായാണ് പൃഥ്വിരാജ് ഇതിൽ വേഷമിട്ടത്.

റാണി മുഖർജിയുടെ ഏറ്റവും പുതിയ ചിത്രമാണ് 'മർദാനി 3.' സോഷ്യൽ മീഡിയയിൽ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽ ഡിസിപി ശിവാനി ശിവാജി റോയിയായി തിരിച്ചെത്തുന്ന റാണി, എൻഐഎയിൽ ചേർന്ന് ഭിക്ഷാടക മാഫിയയെ തുരത്തുന്നതും കാണാതായ പെൺകുട്ടികളെ രക്ഷിക്കുന്നതുമാണ് പ്രമേയം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Rani Mukerji reflects on her 2012 film `Aiyyaa` starring Prithviraj Sukumaran. She believes a modern release would make it a Gen Z hit. Read her thoughts on the film`s unique message and shoot.