ഡോക്ടറാകേണ്ട സായ് പല്ലവി നടിയായതെങ്ങനെ? ദൈവത്തിന്റെ 'പ്രിസ്ക്രിപ്ഷൻ' എന്ന് രൺബീർ കപൂർ

ബിഗ് ബജറ്റ് ചിത്രം ‘രാമായണ’ത്തിന്റെ ഓരോ വിശേഷവും ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീരാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയുമാണ് എത്തുന്നത്. ചിത്രത്തിലെ നായിക സായ് പല്ലവിയെക്കുറിച്ചുള്ള രസകരമായൊരു വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അമിതാഭ് ബച്ചൻ അവതാരകനായ കൗൻ ബനേഗാ ക്രോർപതി 18ന്റെ വേദിയിൽ നടന്ന രസകരമായ സംഭവമാണ് വൈറലായത്.
“ഡോക്ടറാകാനാണ് പഠിച്ചത്. എന്നിട്ടും ഇവിടെ എത്തി. എങ്ങനെയാണ് ഇത് സംഭവിച്ചത്?” എന്നായിരുന്നു അമിതാഭിന്റെ ചോദ്യം. “ദൈവം എഴുതിയതാണ് ഞാൻ അഭിനയിക്കണമെന്നത്” എന്നായിരുന്നു സായ് പല്ലവിയുടെ മറുപടി. ഇതുകേട്ട രൺബീർ കപൂർ തമാശയോടെ ഇടപെട്ടു. “ദൈവത്തിന്റെ പ്രിസ്ക്രിപ്ഷനായിരുന്നു അത്, സായ് അഭിനയിക്കണമെന്നായിരുന്നു അതിൽ എഴുതിയിരുന്നത്”. ഈ പ്രൊമോ വീഡിയോ സോഷ്യൽമീഡിയയിൽ ചിരിപടർത്തുകയാണ്.
രാമായണത്തിൽ സീതയായി അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ മനസ്സിലുണ്ടായ ചിന്തകളെക്കുറിച്ചും സായ് പല്ലവി പ്രമോയിൽ സംസാരിക്കുന്നുണ്ട്. “പതിവുപോലെ കഥാപാത്രത്തിന് എന്ത് നൽകാൻ കഴിയുമെന്നതിനെക്കാൾ, സീതയെ അവതരിപ്പിക്കുന്നതിലൂടെ എനിക്ക് എന്ത് പഠിക്കാനാകും എന്നതിനെക്കുറിച്ചാണ് ചിന്തിച്ചത്. എനിക്ക് ലഭിക്കാവുന്ന അറിവുകളെക്കുറിച്ചാണ് ഓർത്തത്. ഒരു മുൻവിധികളുമില്ലാതെ ആ വേഷത്തിലേക്ക് കടക്കാൻ ഞാൻ ആഗ്രഹിച്ചു. സീതാദേവിയോട് പ്രാർഥിച്ചശേഷമാണ് ഞാൻ മുന്നോട്ടുപോയത്”, താരം പറഞ്ഞു.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം രാമായണത്തിൽ ശ്രീരാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും ലക്ഷ്മണനായി രവി ദുബെയും രാവണനായി യാഷും ഹനുമാനായി സണ്ണി ഡിയോളുമാണ് എത്തുന്നത്. അരുൺ ഗോവിൽ, ലാറ ദത്ത, രകുൽ പ്രീത് സിങ്, കാജൽ അഗർവാൾ, വിവേക് ഒബ്റോയ് എന്നിവരും ചിത്രത്തിലുണ്ട്. യാഷും നമിത് മൽഹോത്രയും ചേർന്ന് നിർമിക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് പുറത്തിറക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. ആദ്യ ഭാഗം നവംബർ അഞ്ചിനും രണ്ടാം ഭാഗം 2027 ദീപാവലി സമയത്തും റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi