14 ദിവസത്തിനുള്ളിൽ 1500 കോടി, 'ധുരന്ധറി'നെയും മറികടന്ന് 'രാമായണ'; റെക്കോഡുകളെല്ലാം ഇനി പഴങ്കഥ

നവംബർ 5-നാണ് 'രാമായണ: പാർട്ട് 1' സിനിമ റിലീസായത്. ലോകമാകെയുള്ള തിയേറ്ററുകളിൽ എത്തുന്നതിനുമുമ്പ് ലോസ് ഏഞ്ചൽസിലെ അക്കാദമി മ്യൂസിയത്തിൽ ചിത്രത്തിന്റെ പ്രീമിയർ നടന്നിരുന്നു. അതിനുശേഷം മുംബൈയിലും സ്പെഷൽ പ്രീമിയർ ഷോ സംഘടിപ്പിച്ചു. നിതേഷ് തിവാരി സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് നമിത് മൽഹോത്രയും നടൻ യഷും ചേർന്നാണ്.
തിയേറ്ററുകളിലെത്തിയ സിനിമ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോഴിതാ ബോക്സോഫീസിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് ചിത്രം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മാറിയിരിക്കുകയാണ് 'രാമായണ'. 'ധുരന്ധർ' എന്ന രൺവീർ സിങ് ചിത്രത്തെ മറികടന്നാണ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
സാക്നിൽക് (Sacnilk) റിപ്പോർട്ടനുസരിച്ച്, റിലീസായി 14-ാമത്തെ ദിവസം ചിത്രം നേടിയത് 23.20 കോടി രൂപയാണ്. അതോടെ ചിത്രത്തിന്റെ ഇന്ത്യയിലെ കളക്ഷൻ 844.40 കോടി രൂപയായി ഉയർന്നു. രാജ്യത്തുടനീളമുള്ള 21,215 ഷോകളിൽനിന്നാണ് ഈ വരുമാനം ലഭിച്ചത്. അതേസമയം, മാർച്ച് 19-ന് തിയേറ്ററിലെത്തിയ 'ധുരന്ധർ: ദ റിവഞ്ച്' പതിനാലാം ദിവസം 20.10 കോടി രൂപയാണ് നേടിയത്.
അതിനൊപ്പം 14 ദിവസങ്ങൾക്കുള്ളിൽ ആഗോളതലത്തിൽ 1,500 കോടി രൂപയെന്ന നിർണായക നാഴികക്കല്ലും ചിത്രം പിന്നിട്ടു. ഇന്ത്യയിൽ 1,000 കോടി രൂപയിലധികം ഗ്രോസ് കളക്ഷൻ നേടുന്ന ആറാമത്തെ ഇന്ത്യൻ സിനിമയായും 'രാമായണ' മാറി.
നേരത്തെ 'രാമായണ' നിർമിക്കുന്നതിന്റെ പേരിൽ താനേറെ പഴി കേട്ടിരുന്നുവെന്ന് നിർമാതാവ് നമിത് മൽഹോത്ര പറഞ്ഞിരുന്നു. ''ഇന്ത്യയിൽ ഇതിനകം തന്നെ നിരവധി രാമായണങ്ങൾ ഉണ്ടായിരിക്കെ, എന്തിനാണ് വീണ്ടും രാമായണം നിർമ്മിക്കുന്നത്? കഥ എല്ലാവർക്കും അറിയാവുന്നതല്ലേ? എന്നി ചോദ്യങ്ങൾ പലരും ചോദിക്കാറുണ്ട്. എന്നാൽ ഞാൻ പറയുന്നത് ഇതാണ്: ഇതുവരെ നിങ്ങൾ കണ്ടിട്ടില്ലാത്ത രീതിയിലുള്ള ഒരു രാമായണ ആഖ്യാനമാണ് ഞങ്ങൾ ഒരുക്കുന്നത്. ടെലിവിഷൻ പരിപാടികളിലോ തെരുവ് നാടകങ്ങളിലോ രാംലീലയിലോ ഒന്നും കാണാത്തത്ര വിപുലമായ രീതിയിലും, അതിശയിപ്പിക്കുന്ന ദൃശ്യഭംഗിയോടെയുമാണ് ഞങ്ങൾ രാമായണം അവതരിപ്പിക്കുന്നത്. അവതാർ, അവഞ്ചേഴ്സ്, സ്പൈഡർമാൻ തുടങ്ങിയ വിസ്മയിപ്പിക്കുന്ന ചലച്ചിത്രസൃഷ്ടികൾക്ക് ഒപ്പമാണ് ഞങ്ങൾ രാമായണത്തെയും പ്രതിഷ്ഠിക്കുന്നത്''.
രണ്ട് ഭാഗങ്ങളിലായിട്ടാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രണ്ടാം ഭാഗം 2028-ലാണ് തിയേറ്ററുകളിലെത്തുക. രണ്ടു ഭാഗങ്ങൾക്കുമായി ചെലവഴിച്ചത് 4000 കോടി രൂപയാണ്. അതോടെ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയായും ഇതുമാറി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ramayana: Part 1 crossed Rs 1,500 crore globally within 14 days of release., Surpassed Ranveer Singh's Dhurandhar to become India's highest-grossing film., Achieved Rs 844.40 crore net collection in India from 21,215 shows on day 14., Directed by Nitesh Tiwari and produced by Namit Malhotra and Yash