'ബാഷ 2', 'പേട്ട 2' നിരസിച്ചതിന്റെ കാരണം വ്യക്തമാക്കി രജനികാന്ത്; 'ജയിലർ 2'വിന് സമ്മതിച്ചത് എന്തുകൊണ്ട്?

രജനികാന്ത്/Mbi
രജനികാന്ത്/Mbi

സൂപ്പർഹിറ്റ് ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങളോട് പൊതുവെ താൽപര്യമില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തമിഴ് സൂപ്പർതാരം രജനികാന്ത്. 'ബാഷ 2', 'പേട്ട 2' എന്നീ ചിത്രങ്ങളുടെ നിർദേശങ്ങൾ നിരസിച്ച താരം, 'ജയിലർ 2' ചെയ്യാൻ സമ്മതിച്ചതിന്റെ കാരണവും വ്യക്തമാക്കി. ആദ്യഭാഗത്തിന്റെ കഥയിൽ രണ്ടാം ഭാഗത്തിനുള്ള സാധ്യത ശക്തമായിരിക്കണമെന്നാണ് തന്റെ നിലപാടെന്ന് താരം പറഞ്ഞു. 'ജയിലർ 2'വിന്റെ പ്രീ-റിലീസ് പരിപാടിയായ 'ജയിലർ 2 സൂപ്പർ ഷോ'യിൽ സംസാരിക്കുകയായിരുന്നു രജനികാന്ത്.

''സീക്വലുകളോട് പൊതുവെ എനിക്ക് താൽപര്യമില്ല. ആദ്യഭാഗം എടുത്ത് അതിൽ അൽപം മസാല കൂടി ചേർത്ത് മറ്റൊരു സിനിമയാക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. 'ബാഷ 2'വിന്റെ നിർദേശം എനിക്ക് ലഭിച്ചിരുന്നു. കാർത്തിക് സുബ്ബരാജ് 'പേട്ട 2'വുമായും സമീപിച്ചു. വിജയ് സേതുപതിയുടെ കഥാപാത്രത്തെ കൂടുതൽ വികസിപ്പിക്കാനായിരുന്നു പദ്ധതി. എന്നാൽ, ഈ രണ്ട് ചിത്രങ്ങളും ചെയ്യാൻ എനിക്ക് താൽപര്യമുണ്ടായിരുന്നില്ല. 'ജയിലർ' ഒ.ടി.ടി.യിൽ റിലീസ് ചെയ്തശേഷം ഞാൻ വീണ്ടും കണ്ടു. വർമ്മയുടെ കഥാപാത്രത്തെ അവസാനിപ്പിക്കാനൊരുങ്ങുന്ന സമയത്ത്, അതിലും വലിയൊരു ശൃംഖലയുണ്ടെന്നും അവർ അയാളെയും വെറുതെ വിടില്ലെന്നും പറയുന്നുണ്ട്. അതുകൊണ്ടുതന്നെ രണ്ടാം ഭാഗത്തിന് അനുയോജ്യമായ കഥയായിരുന്നു 'ജയിലറി'ന്റേത്'', താരം പറഞ്ഞു.

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന 'ജയിലർ 2'വിൽ രജനികാന്ത് തന്നെയാണ് നായകൻ. ആദ്യം മറ്റൊരു തെലുങ്ക് ചിത്രത്തിൽ പ്രവർത്തിക്കാനായിരുന്നു സംവിധായകന്റെ പദ്ധതിയെന്നും പിന്നീട് അത് മാറ്റിവെച്ച് 'ജയിലർ 2'വിന് മുൻഗണന നൽകിയെന്നും രജനികാന്ത് പറഞ്ഞു.

അതേസമയം, ധനുഷും മമ്മൂട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ ചിത്രം 'ഓം: ചാപ്റ്റർ 1'ന്റെ റിലീസ് തീയതിയിൽ മാറ്റമുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. ഒക്ടോബർ 16-ന് തിയേറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രം നവംബർ 26-ലേക്ക് മാറ്റിയെന്നാണ് വിവരം. 'ജയിലർ 2'വുമായുള്ള ബോക്‌സ് ഓഫീസ് മത്സരം ഒഴിവാക്കാനാണ് റിലീസ് മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi