'എന്നോട് ദേഷ്യപ്പെട്ട്, മൈക്ക് വലിച്ചെറിഞ്ഞ് അദ്ദേഹം പോയി'; അനുഭവം പങ്കുവെച്ച് പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര / AFP
പ്രിയങ്ക ചോപ്ര / AFP

നൃത്തമാണെങ്കിലും ആക്ഷൻസീനുകളാണെങ്കിലും റൊമാൻസാണെങ്കിലും മനോഹരമായി അവതരിപ്പിക്കുന്ന നടിയാണ് പ്രിയങ്ക ചോപ്ര. കഠിനാധ്വാനം ചെയ്താണ് ഇന്ന് ഗ്ലോബൽ സ്റ്റാർ എന്ന തലത്തിലേക്ക് പ്രിയങ്ക എത്തിനിൽക്കുന്നതും. ആ യാത്രയിൽ ഉയർച്ചകളും താഴ്ചകളുമെല്ലാമുണ്ടായി.

തന്റെ കരിയറിനിടെ ഏറ്റവും ഓർമിക്കപ്പെടുന്ന അനുഭവം പങ്കുവെക്കുകയാണ് പ്രിയങ്ക ഇപ്പോൾ. 'അന്ദാസ്' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയുണ്ടായ ഒരനുഭവമാണത്. നന്നായി നൃത്തം ചെയ്യാത്തതിന് കൊറിയോഗ്രാഫർ രാജു ഖാൻ തന്നെ ശാസിച്ചത് അവരിപ്പോഴും ഓർക്കുന്നു. നല്ലൊരു നർത്തകിയല്ലെന്ന് പറഞ്ഞ് ദേഷ്യപ്പെട്ട് രാജു മൈക്ക് വലിച്ചെറിഞ്ഞെന്നും പ്രിയങ്ക പറയുന്നു.

വോഗ് അറേബ്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക തന്റെ ആദ്യകാലങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്. ''ഞാൻ ആദ്യമായി നൃത്തം ചെയ്യാൻ തുടങ്ങിയപ്പോൾ വളരെ മോശം നർത്തകിയായിരുന്നു. ഒരേ സമയം അഭിനയിക്കാനും നൃത്തസംവിധാനം ചെയ്യാനും എനിക്ക് കഴിഞ്ഞില്ല, അതോടൊപ്പം എന്റെ സഹനടനുമായി ഏകോപിച്ച് അഭിനയിക്കാനും എനിക്ക് കഴിഞ്ഞിരുന്നില്ല. 19 അല്ലെങ്കിൽ 20 വയസ്സുള്ള എന്റെ തലച്ചോറിന് അത് വളരെ കൂടുതലായിരുന്നു''.

രാജു ഖാൻ തന്നോട് ദേഷ്യപ്പെടുകയും മൈക്ക് എറിയുകയും ചെയ്തതെങ്ങനെയെന്ന് അവർ വെളിപ്പെടുത്തുന്നു. ''ഞാൻ ദക്ഷിണാഫ്രിക്കയിൽ രാജു ഖാനൊപ്പം ചിത്രീകരണം നടത്തുകയായിരുന്നു. 'അന്ദാസ്' എന്ന സിനിമയിലെ 'ആയേഗാ മസാ' എന്ന പാട്ടായിരുന്നു ചിത്രീകരിച്ചിരുന്നത്. ഇടയ്ക്കുവെച്ച് എന്റെ താളം നഷ്ടപ്പെട്ടു. രാജു ഖാൻ വളരെയധികം അസ്വസ്ഥനായി മൈക്ക് താഴേക്ക് എറിഞ്ഞു, 'നിങ്ങൾ ഒരു സൗന്ദര്യമത്സരത്തിൽ നിന്ന് വന്നതായിരിക്കാം. പക്ഷേ ഒരു നടിയാകുന്നതിന് മുമ്പ് നൃത്തം എങ്ങനെ പഠിക്കണമെന്ന് അറിയൂ' എന്ന് പറഞ്ഞു. അദ്ദേഹം പോയി, എനിക്ക് വളരെ നാണക്കേടായി''.

മികച്ച നർത്തകിയാകാനും വെല്ലുവിളി മറികടക്കാനും, താൻ നൃത്തം പഠിക്കാൻ തുടങ്ങിയെന്നും കത്രീന കൈഫിനൊപ്പം ഒരു ദിവസം ആറ് മണിക്കൂർ പരിശീലിച്ചിരുന്നെന്നും പ്രിയങ്ക ഓർത്തെടുത്തു. താൻ നല്ലൊരു നർത്തകിയായശേഷം രാജു ഖാനും താനും തമ്മിൽ നല്ല സൗഹൃദത്തിലായെന്നും പ്രിയങ്ക പറയുന്നു.

ജോധാ അക്ബർ, ലഗാൻ, കോയി... മിൽ ഗയാ, ഏക് ഹസീനാ ഥീ, ഏക് ദീവാനാ ഥാ, ജോളി എൽഎൽബി 2, അന്ദാസ് 2, ബോർഡർ 2, സിംഗം റിട്ടേൺസ്, ദബങ് 2, ദബങ് തുടങ്ങിയ സിനിമകളിൽ കൊറിയോഗ്രാഫി ചെയ്തത് രാജു ഖാനാണ്. സുപ്രസിദ്ധ കൊറിയോഗ്രാഫർ സരോജ് ഖാന്റെ മകൻ കൂടിയാണ് രാജു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Priyanka Chopra recalls early career struggles during the filming of Andaaz. Choreographer Raju Khan scolded Priyanka for her lack of dancing skills.