നടി പ്രിയങ്ക ചോപ്രയുടെയും ഗായകൻ നിക് ജോനസിന്റെയും മകളായ മാൾട്ടി മേരി, മാസം തികയാതെയാണ് ജനിച്ചത്. 2022 ജനുവരിയിൽ വാടകഗർഭധാരണത്തിലൂടെയാണ് മാൾട്ടി പിറന്നുവീണത്. എന്നാൽ, മാസം തികയാത്തതിനാൽ 100 ദിവസത്തോളം കുഞ്ഞ് നിയോ നേറ്റൽ ഐ.സി.യു.വിലായിരുന്നു.

To advertise here,

ഓപ്പറേഷനിലൂടെ പുറത്തെടുക്കുമ്പോൾ കൈപ്പത്തിയേക്കാൾ ചെറുതായിരുന്നു കുഞ്ഞ് എന്ന് പ്രിയങ്ക പലപ്പോഴും ഭീതിയോടെ ഓർത്തെടുത്തിട്ടുണ്ട്. ''അവളെ ജീവനോടെ കിട്ടില്ലേ എന്ന് ഞങ്ങൾ പേടിച്ചിട്ടുണ്ട്. അവളുടെ ഹൃദയം ശരിയായിട്ടാണോ മിടിക്കുന്നതെന്ന് അറിയാൻ കുഞ്ഞിന്റെ നെഞ്ചിൽ ചെവിവെച്ച് നോക്കുമായിരുന്നു''.

ആറുതവണയിലേറെ കുഞ്ഞിന് രക്തം മാറ്റിവെക്കേണ്ടിവന്നിട്ടുണ്ട്. ആ മോശം ദിനങ്ങൾ ഓർത്തെടുക്കുകയാണ് പ്രിയങ്ക ഇപ്പോൾ. ''ഞങ്ങളും കുഞ്ഞിനൊപ്പം എൻ.ഐ.സി.യു.വിലുണ്ടായിരുന്നു. എന്റെ മുന്നിൽവെച്ചാണ് അവളാദ്യമായി കരഞ്ഞത്, ഒരു പൂച്ചക്കുഞ്ഞിന്റെ ശബ്ദം പോലെയായിരുന്നുവത്. അതുമാത്രമേയുണ്ടായിരുന്നുള്ളൂ. കുഞ്ഞ് ജനിച്ചത് അപ്പോൾ പുറംലോകത്തെ അറിയിക്കണമെന്ന് ഞങ്ങൾക്കില്ലായിരുന്നു. കാരണം അവൾക്ക് എന്തുവേണമെങ്കിലും സംഭവിക്കാം. എന്നാൽ ഞങ്ങൾ എപ്പോഴും ആസ്പത്രിയിലാണല്ലോ. എങ്ങനെയോ ആ വാർത്ത ചോർന്നു. അവളുടെ ജനനം ഞങ്ങൾ അനൗൺസ് ചെയ്താലും ഇല്ലെങ്കിലും, അത് മാധ്യമങ്ങളിൽ വരുമെന്ന് ഞങ്ങൾക്കുറപ്പായി. അങ്ങനെയാണ് അവളുടെ ജനനത്തെക്കുറിച്ച് പുറംലോകത്തെ അറിയിക്കാൻ ഞങ്ങൾ നിർബന്ധിതരായത്'', ജയ് ഷെട്ടിയുമായുള്ള പോഡ്കാസ്റ്റിൽ പ്രിയങ്ക പറഞ്ഞു.

മൂന്നുമാസത്തോളം തങ്ങളുടെ തിരക്കുകളിൽനിന്നെല്ലാം ബ്രേക്കെടുത്ത് ആസ്പത്രിയിൽ തന്നെയായിരുന്നു നിക്കും പ്രിയങ്കയും. ''നിക് കുഞ്ഞിനുവേണ്ടി പലപ്പോഴും തന്റെ ഗിറ്റാർ വായിച്ച് പാട്ടുപാടുമായിരുന്നു. മഹാമൃത്യുഞ്ജയ മന്ത്രം, ഗായത്രി മന്ത്രം തുടങ്ങിയവയുള്ള ഒരു ചെറിയ ഐപോഡ് എന്റെ കൈവശമുണ്ടായിരുന്നു. അതെല്ലാം ദിവസം മുഴുവൻ അവളുടെ തൊട്ടിലിൽ മൃദുവായി മുഴങ്ങി. അവൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന ധാരാളം ആളുകൾ ഉണ്ടായിരുന്നു. എന്തായാലും ഈ ഗ്രഹത്തിലെത്താനുള്ള അവളുടെ യാത്ര വളരെ കഠിനമായിരുന്നു', പ്രിയങ്ക കൂട്ടിച്ചേർത്തു.

തങ്ങളുടെ ജോലിത്തിരക്കുകൾക്കിടയിലും കുഞ്ഞിനൊപ്പം നിക്കോ താനോ ഉണ്ടെന്ന് ഉറപ്പാക്കാറുണ്ടെന്ന് പ്രിയങ്ക എപ്പോഴും പറയാറുണ്ട്. എസ്.എസ്.രാജമൗലി ചിത്രമായ 'വാരണാസി'യുടെ ഷൂട്ടിങ്ങിനും പ്രിയങ്കയ്ക്കൊപ്പം മാൾട്ടിയുമുണ്ടായിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi