ഹൃദയം മിടിക്കുന്നുണ്ടോ എന്നറിയാനായി ഞാനാ നെഞ്ചില്‍ ചെവി വെച്ച് നോക്കുമായിരുന്നു: പ്രിയങ്ക ചോപ്ര

അഭിനേത്രി പ്രിയങ്ക ചോപ്രയുടെയും ഗായകന്‍ നിക് ജൊനാസിന്റെയും മകള്‍ മാള്‍ട്ടി മേരിക്ക് രണ്ടുവയസ്സ്. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് താരദമ്പതികള്‍ കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷിച്ചത്. 'ഞങ്ങളുടെ കുഞ്ഞ് മാലാഖയ്ക്ക് രണ്ടുവയസ്സ്' എന്നുപറഞ്ഞ് നിക് ജൊനാസ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ചു.
2022 ജനുവരിയിലാണ് പ്രിയങ്ക ചോപ്രയ്ക്കും നിക് ജൊനാസിനും വാടകഗര്‍ഭപാത്രത്തിലൂടെ കുഞ്ഞ് ജനിച്ചത്. മാള്‍ട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മുഴുവന്‍ പേര്. പ്രിയങ്കയുടെ അമ്മയുടെയും നിക്കിന്റെ അമ്മയുടെയും പേര് കൂടി ഉള്‍പ്പെടുത്തിയാണ് കുഞ്ഞിന് ഈ പേരിട്ടത്.
മാസം തികയും മുമ്പേയായിരുന്നു മാള്‍ട്ടിയുടെ ജനനം. അതുകൊണ്ട് തന്നെ ജനിച്ചയുടന്‍ നിയോ നേറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലേക്ക് മാറ്റി. 100 ദിവസം മാള്‍ട്ടി അവിടെ തന്നെയായിരുന്നു. പേടിയോടെ കഴിഞ്ഞ ആ നാളുകളെക്കുറിച്ച് പ്രിയങ്ക പിന്നീട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ''മാള്‍ട്ടിയെ പുറത്തെടുക്കുമ്പോള്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ ഞാനുമുണ്ടായിരുന്നു. തീരെ കുഞ്ഞായിരുന്നു അവള്‍, എന്റെ കൈകളേക്കാളും ചെറുത്. അതിനുശേഷം മൂന്നുമാസത്തോളം വീടും ഐ.സി.യു.വും മാത്രമായിരുന്നു ഞങ്ങളുടെ ലോകം. ചില ദിവസങ്ങളില്‍ സങ്കടം തീരെ പിടിച്ചുനിര്‍ത്താന്‍ പറ്റാതെ വരും. അവളെ നഷ്ടപ്പെടുമോ എന്നായിരുന്നു ഞങ്ങളുടെ പേടി''.
കുഞ്ഞ് വീട്ടിലെത്തിയശേഷമുള്ള മദേഴ്‌സ് ഡേയിലാണ് തങ്ങള്‍ക്ക് കുഞ്ഞുണ്ടായ വിവരം പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുന്നത്. ''വീട്ടിലെത്തിയശേഷവും പേടിയായിരുന്നു. ഉറക്കമില്ലാത്ത ദിനങ്ങള്‍...ഒന്ന് മയങ്ങിപ്പോയാലും പെട്ടെന്ന് തന്നെ ഞെട്ടിയുണരും. അപ്പോഴൊക്കെ അവളുടെ ഹൃദയം ശരിയായി മിടിക്കുന്നുണ്ടോ എന്നറിയാനായി ഞാനാ കുഞ്ഞ് നെഞ്ചില്‍ ചെവി വെച്ച് നോക്കുമായിരുന്നു. ആഴ്ചകളോളം അങ്ങനെ നീണ്ടു. ഇനിയൊന്നും പേടിക്കാനില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നതുവരെ വല്ലാത്ത അവസ്ഥയിലായിരുന്നു ഞങ്ങള്‍''.
കുഞ്ഞ് വന്നശേഷം തങ്ങളുടെ ജീവിതം മാറിയതിനെക്കുറിച്ചും പ്രിയങ്ക പറയാറുണ്ട്. ''ഞങ്ങളുടെ രണ്ടുപേരുടെയും പരിഗണനകള്‍ മാറി. എനിക്ക് ഷൂട്ടുണ്ടാവും. നിക്കിനും അതുപോലെ മ്യൂസിക്ക് ടൂറുകളുണ്ടാവും. അപ്പോഴൊക്കെയും ഞങ്ങളിലാരെങ്കിലും മാള്‍ട്ടിയോടൊപ്പമുണ്ടെന്ന് ഉറപ്പാക്കാറുണ്ട്. ഇപ്പോള്‍ ഏത് തീരുമാനവും എടുക്കുന്നതിനുമുമ്പ് അവളെക്കുറിച്ചാണ് ആദ്യം ചിന്തിക്കുക. ഏറ്റവും സന്തോഷവതിയായ കുഞ്ഞാണവള്‍''.
സാമൂഹ്യമാധ്യമങ്ങളിലും താരമാണ് മാള്‍ട്ടി. നിക് പാടുന്ന വേദികളിലേക്ക് കുഞ്ഞ് കാലടി വെച്ച് കയറാന്‍ ശ്രമിച്ചും ആരാധകര്‍ക്കുനേരെ ടാറ്റാ കൊടുത്തും അവള്‍ താരമാവുകയാണ്.
Content Highlights: priyanka chopra-nick jonas kid turns two