‘മലയാള സിനിമയിൽ എഴുത്തുകാർക്കാണ് അധികാരം’: പൃഥ്വിരാജ് സുകുമാരൻ

മലയാള സിനിമയുടെ ഏറ്റവും വലിയ ശക്തി എന്താണ്? മികച്ച താരങ്ങൾ, സംവിധായകർ, സാങ്കേതികപ്രവർത്തകർ തുടങ്ങി പല ഉത്തരങ്ങളുണ്ടാകാം. എന്നാൽ മലയാള സിനിമയെ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം എഴുത്തുകാർക്കുള്ള പ്രാധാന്യമാണെന്ന് നടനും നിർമാതാവുമായ പൃഥ്വിരാജ് സുകുമാരൻ. ഒരു സിനിമയുടെ തുടക്കം തന്നെ പലപ്പോഴും എഴുത്തുകാരനിൽ നിന്നായിരിക്കുമെന്നും, ആ രീതിയാണ് മലയാള സിനിമയുടെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിൽ നടന്ന ഒരു പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. ദി ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ സംഭാഷണത്തിനിടയിലും മലയാള സിനിമയിലെ താരങ്ങളും നിർമാണ കമ്പനികളും തമ്മിലുള്ള സാമ്പത്തിക ഘടനയെക്കുറിച്ചും അദ്ദേഹം സംസാരിക്കുകയുണ്ടായി.
സ്വന്തം ബാനറായ പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കീഴിൽ താൻ അഭിനയിക്കുന്ന നിരവധി സിനിമകൾ നിർമിച്ചിട്ടുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. പല ചിത്രങ്ങളിലും സാധാരണ രീതിയിലുള്ള പ്രതിഫലം വാങ്ങുന്നതിന് പകരം സിനിമയിൽ സാമ്പത്തിക പങ്കാളിത്തമാണ് താൻ സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പൃഥ്വിരാജിന്റെ അഭിപ്രായത്തിൽ അതിനേക്കാൾ പ്രധാനപ്പെട്ടത് സിനിമയുടെ സൃഷ്ടിയിൽ ആരാണ് ആദ്യം മുന്നോട്ടുവരുന്നത് എന്നതാണ്.
''ഇന്നും മലയാള സിനിമയെക്കുറിച്ച് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം എഴുത്തുകാർക്കാണ് അധികാരം എന്നതാണ്. ഒരു സിനിമയുടെ ആശയവുമായി ആദ്യം ഒരു താരത്തെ സമീപിക്കുന്നത് സാധാരണയായി സംവിധായകനോ നിർമാണ കമ്പനിയുടെ പ്രതിനിധിയോ മാനേജരോ ആയിരിക്കില്ല, എഴുത്തുകാരനായിരിക്കും. ഒരു എഴുത്തുകാരൻ നടനെ സമീപിച്ച്, ''ഞാൻ ഒരു കഥ എഴുതിയിട്ടുണ്ട്. നിങ്ങൾക്ക് അത് കേൾക്കാൻ താൽപര്യമുണ്ടോ?'' എന്ന് ചോദിക്കും. നടന് കഥ ഇഷ്ടപ്പെട്ടാൽ അടുത്ത ചർച്ച പണത്തെക്കുറിച്ചോ ഡേറ്റിനെക്കുറിച്ചോ ആയിരിക്കണമെന്നില്ല. മറിച്ച്, ആ കഥ സംവിധാനം ചെയ്യാൻ ഏറ്റവും അനുയോജ്യനായ സംവിധായകൻ ആരായിരിക്കുമെന്നായിരിക്കും ചർച്ച.
എനിക്ക് കഥ ഇഷ്ടപ്പെട്ടാൽ, ഇത് ആര് സംവിധാനം ചെയ്താൽ നന്നായിരിക്കും എന്ന് നമ്മൾ ആലോചിക്കും. പിന്നീട് അതിന് അനുയോജ്യനായ സംവിധായകനെ സമീപിക്കും. അതിനുശേഷമാണ് ഈ സിനിമയെ പിന്തുണയ്ക്കാൻ അനുയോജ്യമായ നിർമാണ കമ്പനിയെ തീരുമാനിക്കുന്നത്'', എന്നായിരുന്നു പൃഥ്വിരാജിന്റെ വിശദീകരണം.
ഒരു താരത്തെയോ സംവിധായകനെയോ നിർമാണ കമ്പനിയെയോ കേന്ദ്രീകരിച്ച് കഥ ഒരുക്കുന്നതിനു പകരം, കഥയ്ക്ക് അനുയോജ്യരായ താരത്തെയും സംവിധായകനെയും നിർമാതാവിനെയും കണ്ടെത്തുന്ന രീതിയാണ് മലയാള സിനിമയുടെ പ്രത്യേകതയെന്ന് പൃഥ്വിരാജ് ചൂണ്ടിക്കാട്ടി.
''ഈ രീതി നമ്മൾ ഒരിക്കലും നഷ്ടപ്പെടുത്തരുതെന്നാണ് എന്റെ ആഗ്രഹം. ആ പ്രക്രിയയും രീതിയും നിലനിർത്തണം. എന്നാൽ അത് നഷ്ടപ്പെടുന്നതിന്റെ ചില സൂചനകൾ ഞാൻ കാണുന്നുണ്ട്'', പൃഥ്വിരാജ് പറഞ്ഞു. മലയാള സിനിമയുടെ കഥപറച്ചിൽ രീതിയെയും അതിന്റെ സൃഷ്ടിപ്രക്രിയയെയും കുറിച്ചുള്ള പൃഥ്വിരാജിന്റെ ഈ നിരീക്ഷണം ശ്രദ്ധേയമാകുകയാണ്.
നടി കരീന കപൂർ, സംവിധായിക മേഘ്‌ന ഗുൽസാർ എന്നിവർക്കൊപ്പം പുതിയ ചിത്രമായ 'ദായ്‌റ'യെക്കുറിച്ചുള്ള പരിപാടിയിൽ സംസാരിക്കവെയാണ് പൃഥ്വിരാജ് മലയാള സിനിമയുടെ ഈ പ്രത്യേകതയെപ്പറ്റി വിശദീകരിച്ചത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi