ഗീതുവിനെ അൺഫോളോ ചെയ്ത് പാർവതി? 'വാർത്തയാക്കാൻ മാത്രം ഒന്നുമില്ല' എന്ന് പാർവതി

പാർവതി തിരുവോത്ത്, ഗീതു മോഹൻദാസ് | Instagram
പാർവതി തിരുവോത്ത്, ഗീതു മോഹൻദാസ് | Instagram

'ടോക്‌സിക്: എ ഫെയറിടെയ്ൽ ഫോർ ഗ്രോൺ-അപ്‌സ്' റിലീസായപ്പോൾ ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെട്ടത് സംവിധായിക ഗീതു മോഹൻദാസും നടി പാർവതി തിരുവോത്തുമാണ്. എന്നാൽ സിനിമ റിലീസിനുമുമ്പാണ് പാർവതി ഇൻസ്റ്റഗ്രാമിൽ ഗീതുവിനെ അൺഫോളോ ചെയ്തത് പലരും കണ്ടുപിടിച്ചത്. അതോടെ ഇരുവരും തമ്മിൽ എന്തോ പ്രശ്‌നമുണ്ടെന്ന തരത്തിൽ അഭ്യൂഹങ്ങളുമുയർന്നു. ഒടുവിൽ ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പാർവതി ഇതിനോട് പ്രതികരിച്ചു. ഗീതുവിനെ അൺഫോളോ ചെയ്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ പാർവതി ഇങ്ങനെ പറഞ്ഞു: ''അവിടെ പ്രത്യേകിച്ച് ഒന്നും സംഭവിച്ചിട്ടില്ല. ഇതിനെ വാർത്തയാക്കാൻ മാത്രം ഒന്നുമില്ല. സ്ത്രീകളെ സ്ത്രീകൾക്കെതിരെ തിരിക്കാനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു. അത്തരം കാര്യങ്ങൾക്ക് ഇനി ഞാൻ വഴങ്ങിക്കൊടുക്കാൻ പോകുന്നില്ല''.

സംഭവങ്ങളുടെയെല്ലാം തുടക്കം വർഷങ്ങൾക്കുമുമ്പാണ്. കൃത്യമായി പറഞ്ഞാൽ 'കസബ' റിലീസായശേഷം. മമ്മൂട്ടിയെ നായകനാക്കി നിർമിച്ച 'കസബ'യെക്കുറിച്ച് അഭിപ്രായം പറഞ്ഞതിനെത്തുടർന്ന് പാർവതി കടുത്ത ട്രോളിങ്ങിന് വിധേയയായിരുന്നു. സിനിമയിൽ സ്ത്രീവിരുദ്ധതയുള്ള സീനുകളും ഡയലോഗുകളുമുണ്ടെന്നായിരുന്നു അവരുടെ പ്രധാനവിമർശനം.

2016-ൽ രാജ്യാന്തരചലച്ചിത്രമേളയുടെ ഓപ്പൺ ഫോറത്തിലായിരുന്നു സംഭവം. അതിൽ ഗീതു മോഹൻദാസും പാർവതിയും പങ്കെടുത്തിരുന്നു. അതിനിടെ ആദ്യം സിനിമയുടെ പേരെടുത്തു പറയാതെയായിരുന്നു പാർവതി 'കസബ'യ്‌ക്കെതിരെ വിമർശനം നടത്തിയത്. തൊട്ടരികിലുള്ള ഗീതുവാണ് 'സേ ഇറ്റ്' എന്നുപറഞ്ഞ് പാർവതിയെ പേരുപറയാൻ പ്രേരിപ്പിച്ചത്. അതിനുശേഷമാണ് 'കസബ'യുടെ പേര് പാർവതി പറയുന്നതും.

വർഷങ്ങൾക്കുശേഷം 'ടോക്‌സിക്' റിലീസായപ്പോൾ വീണ്ടും 'കസബ'യെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ഉയർന്നുവരികയായിരുന്നു. 'കസബ'യെ വിമർശിച്ച ഗീതു സംവിധാനം ചെയ്ത 'ടോക്‌സിക്കി'ലെ ഇന്റിമേറ്റ് സീനുകളാണ് ചില ആരാധകരെ ചൊടിപ്പിച്ചത്.

ചിത്രം റിലീസായശേഷം അതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ പാർവതിക്കും നേരിടേണ്ടിവന്നു. 'കസബ'യുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ കരിയറിനെ ബാധിച്ചോ എന്ന ചോദ്യത്തിന് ഒരഭിമുഖത്തിൽ പാർവതി മറുപടി പറഞ്ഞു. ആ തിരിച്ചടികളെ താനിപ്പോൾ നഷ്ടങ്ങളായി കാണുന്നില്ലെന്നാണ് അവർ വ്യക്തമാക്കിയത്. ''ഇന്നും ആ സിനിമയെക്കുറിച്ച് ചോദിച്ചാൽ ഞാൻ അത് തന്നെയായിരിക്കും പറയുക. മറ്റുള്ളവർ എന്തുതന്നെ പറഞ്ഞാലും, സത്യം സത്യം തന്നെയാണ്'' എന്നും പാർവതി പറഞ്ഞു. അതിൽ തന്റെ നിലപാട് വ്യക്തമാക്കുന്നതിന് എത്രയോ മുമ്പ് തന്നെ സിനിമയ്‌ക്കെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നുവെന്നും താരം പറയുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi