ഗൂഗിള്‍ ട്രാന്‍സിലേറ്റര്‍ പോലുള്ള വരികള്‍; പരം സുന്ദരിയിലെ പാട്ടിനും ട്രോൾ

സിദ്ധാര്‍ഥ് മല്‍ഹോത്ര, ജാന്‍വി കപൂര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തുഷാര്‍ ജലോട്ട സംവിധാനം ചെയ്യുന്ന സിനിമയാണ് 'പരം സുന്ദരി'. ഒരു റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നറായ സിനിമയുടെ ട്രെയിലർ വലിയ ട്രോളുകളാണ് ഏറ്റുവാങ്ങുന്നത്. ഇപ്പോഴിതാ സിനിമയിലെ ഏറ്റവും പുതിയ ഗാനരംഗവും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സച്ചിന്‍ ജിഗര്‍ സംഗീത സംവിധാനം ചെയ്ത ഡെയ്ഞ്ചര്‍ എന്ന ഗാനമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയാ ട്രോളുകളിൽ നിറയുന്നത്.
ഡെയ്ഞ്ചര്‍ എന്നാരംഭിക്കുന്ന പാട്ടിലെ മലയാളം വരികളാണ് ട്രോളുകള്‍ നേരിടുന്നത്. 'ചുവപ്പ് നിറത്തിലെ സാരിയില്‍ ഞങ്ങള്‍ എല്ലാം ഡെയ്ഞ്ചര്‍ ആണല്ലോ' എന്ന മലയാളം വരിയിലൂടെയാണ് ഗാനം ആരംഭിക്കുന്നത്. എന്നാല്‍ ഇത് ഇതേ അര്‍ഥമുള്ള ഹിന്ദി വരികളുടെ മോശം ട്രാന്‍സ്ലേഷന്‍ ആണെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്.
ഗൂഗിള്‍ ട്രാന്‍സ്ലേറ്ററില്‍ ഇട്ടാണോ വരികള്‍ ഉണ്ടാക്കിയതെന്നാണ് പലരും ചോദിക്കുന്നത്. കേരളത്തെ പശ്ചാത്തലമാക്കി ഒരു സിനിമ ചെയ്യുമ്പോള്‍ അതിലെ മലയാളം വരികൾ ഒട്ടും നീതി പുലര്‍ത്തുന്നില്ലെന്നാണ് ആരാധകരുടെ അഭിപ്രായം.
ട്രെയ്ലർ റിലീസിന് പിന്നാലെ ചിത്രത്തിലെ മലയാളം ഡയലോഗുകള്‍ക്കും ജാന്‍വിയുടെ കഥാപാത്രത്തിനും ട്രോളുകള്‍ ലഭിച്ചിരുന്നു. ചിത്രത്തില്‍ സിദ്ധാര്‍ഥ് നോര്‍ത്ത് ഇന്ത്യനായും ജാന്‍വി മലയാളിയായിട്ടുമാണ് എത്തുന്നത്. പരം എന്ന കഥാപാത്രമായി സിദ്ധാര്‍ഥ് എത്തുമ്പോള്‍ സുന്ദരി ആയിട്ടാണ് ജാന്‍വി എത്തുന്നത്. ട്രെയ്ലറില്‍ ജാന്‍വി സ്വന്തം പേര് പറയുന്ന ഡയലോഗുകള്‍ വ്യക്തമല്ലെന്നും ഒരു മലയാളിയായി സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ലെന്നുമാണ് കമന്റുകള്‍. ചെന്നൈ എക്‌സ്പ്രസിലെ മീനമ്മയ്ക്കും കേരള സ്റ്റോറിയിലെ ശാലിനി ഉണ്ണികൃഷ്ണനും ഒത്ത എതിരാളിയാകും ഈ സുന്ദരി എന്ന തരത്തിലായിരുന്നു ട്രോളുകള്‍.
കേരളത്തില്‍ മോഹന്‍ലാല്‍ തമിഴില്‍ രജനികാന്ത് തെലുങ്കില്‍ അല്ലു അര്‍ജുനും കന്നഡയില്‍ യഷും ആണ് മറ്റു സൂപ്പര്‍സ്റ്റാറുകള്‍ എന്നാണ് ട്രെയ്ലറില്‍ ജാന്‍വിയുടെ കഥാപാത്രം പറയുന്നത്. ചിത്രത്തിലെ ആദ്യ ഗാനമായ 'പര്‍ദേശിയ' നേരത്തെ പുറത്തുവന്നിരുന്നു.
ജാന്‍വി, സിദ്ധാര്‍ത്ഥ് എന്നിവരെ കൂടാതെ, രഞ്ജി പണിക്കര്‍, സിദ്ധാര്‍ത്ഥ ശങ്കര്‍, മന്‍ജോത് സിങ്, സഞ്ജയ് കപൂര്‍, ഇനായത് വര്‍മ്മ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. 2025 ഓഗസ്റ്റ് 29 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Param Sundari Song draws criticism for google translated malayalam lyrics