‘കയറിൽ തൂങ്ങിനിന്ന് ചുമരിൽ പെയിന്റടിക്കുന്ന സൂരിയെ ഒരുകാലത്ത് ഞാൻ കണ്ടിട്ടുണ്ട്’; പാ. വിജയ്

ഹാസ്യനടനിൽ നിന്ന് ശ്രദ്ധേയനായ നായകനിലേക്കുള്ള സൂരിയുടെ വളർച്ച തമിഴ് സിനിമയിൽ പലപ്പോഴും ചർച്ചയായിട്ടുള്ളതാണ്. ഇപ്പോഴിതാ ആ യാത്രയുടെ ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് കവിയും ഗാനരചയിതാവുമായ പാ. വിജയ്. പുതിയ ചിത്രം 'മണ്ടാടി'യുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു സൂരിയെ വികാരാധീനനാക്കിയ വാക്കുകൾ പാ. വിജയ് പങ്കുവെച്ചത്. സൂരിയുടെ പഴയകാലത്തെ ഓർത്തെടുത്ത പാ. വിജയ്, ഇന്ന് അദ്ദേഹം എത്തിനിൽക്കുന്ന ഉയരത്തെക്കുറിച്ചും വേദിയിൽ സംസാരിച്ചു.
''ഒരുകാലത്ത് നിങ്ങളെ ഒരു കയറിൽ തൂങ്ങി നിന്ന് ചുമരിൽ പെയിന്റടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇന്ന് സിനിമ നിങ്ങളെ ഉയരങ്ങളിലേക്ക് ഉയർത്തുകയാണ്. നിങ്ങളുടെ ചുമലുകളിൽ സിനിമ തന്നെ നൃത്തം ചെയ്യുകയാണ്,'' പാ. വിജയിന്റെ ഈ വാക്കുകൾ കേട്ട് കണ്ണീരടക്കാൻ പാടുപെടുന്ന സൂരിയെ വേദിയിൽ കാണാമായിരുന്നു. തുടർന്ന് സൂരിയോടുള്ള വ്യക്തിപരമായ സ്നേഹവും പാ. വിജയ് പങ്കുവെച്ചു. ''എന്റെ സുഹൃത്തേ, തമിഴ്നാട്ടിൽ നിങ്ങൾ ഒരുപാട് കാലം ജീവിക്കട്ടെ. എന്റെ പ്രിയപ്പെട്ട സൂരി, നിങ്ങൾക്ക് ദീർഘായുസ്സുണ്ടാകട്ടെ,'' എന്നും അദ്ദേഹം ആശംസിച്ചു
സൂരിയുടെ യാത്രയെക്കുറിച്ച് മാത്രമല്ല, 'മണ്ടാടി' സിനിമയെക്കുറിച്ചും പാ. വിജയ് വേദിയിൽ വലിയ പ്രതീക്ഷ പങ്കുവെച്ചു. സംവിധായകൻ മതിമാരൻ പുകഴേന്തിയുടെ സംവിധാന മികവിനെയും അദ്ദേഹം പ്രശംസിച്ചു. ലോകപ്രശസ്ത സംവിധായകൻ ക്രിസ്റ്റഫർ നോളനുമായും മതിമാരന്റെ സിനിമാ കാഴ്ചപ്പാടിനെ താരതമ്യം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രശംസ. ''ലോകമെമ്പാടും ക്രിസ്റ്റഫർ നോളനെപ്പോലുള്ള മികച്ച സംവിധായകർ സിനിമയ്ക്കായി മത്സരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. അതിനപ്പുറം നമ്മുടെ തമിഴ് സിനിമയിൽ സംവിധായകൻ മതിമാരൻ അതിനെയും മറികടക്കുന്ന ഒരു മികച്ച കവിതയാണ് എഴുതിയിരിക്കുന്നത്,'' എന്നും പാ. വിജയ് പറഞ്ഞു.
സഹനടനായും ഹാസ്യനടനായും സിനിമയിൽ തുടക്കം കുറിച്ച സൂരി, പിന്നീട് നായകനായി തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. 'വിടുതലൈ പാർട്ട് 1', 'ഗരുഡൻ', 'മാമൻ' തുടങ്ങിയ ചിത്രങ്ങളിലെ ഗൗരവമുള്ളതും ശക്തവുമായ കഥാപാത്രങ്ങളിലൂടെ താരം കൂടുതൽ ശ്രദ്ധനേടുകയായിരുന്നു. ഹാസ്യകഥാപാത്രങ്ങളിൽ മാത്രം ഒതുങ്ങാതെ വൈകാരികവും തീവ്രവുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും തനിക്ക് കഴിയുമെന്ന് സൂരി തെളിയിച്ചു. ഈ മാറ്റത്തിന്റെ മറ്റൊരു പ്രധാന ഘട്ടമാണ് 'മണ്ടാടി'. അതുകൊണ്ടുതന്നെ തന്റെ പഴയകാലത്തെ ഓർമിപ്പിച്ചുകൊണ്ട് പാ. വിജയ് നടത്തിയ പ്രശംസ സൂരിയെ സംബന്ധിച്ച് ഏറെ വൈകാരികമായ നിമിഷമായി മാറുകയായിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: pa-vijay-emotional-soori-struggle-mandadi-audio-launch