പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സൈനിക നീക്കം; ഓപ്പറേഷൻ സിന്ദൂർ സിനിമയാകുന്നോ?

വിവേക് രഞ്ജൻ അഗ്നിഹോത്രിയും ഭൂഷൺ കുമാറും | IMDb
വിവേക് രഞ്ജൻ അഗ്നിഹോത്രിയും ഭൂഷൺ കുമാറും | IMDb

ഓപ്പറേഷൻ സിന്ദൂർ സിനിമയാകുന്നു. നിർമ്മാതാവ് ഭൂഷൺ കുമാറും സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രിയും ഇന്നലെയാണ്, തങ്ങളുടെ പുതിയ ചിത്രമായ 'ഓപ്പറേഷൻ സിന്ദൂർ' (Operation Sindoor) പ്രഖ്യാപിച്ചത്. 2025-ലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ, പാകിസ്ഥാനിലും പാകിസ്ഥാൻ അധിനിവേശ കശ്മീരിലുമുള്ള ഭീകര സങ്കേതങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ സൈനിക നീക്കത്തിൽ നിന്നാണ് ഈ സിനിമ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്.

റിട്ടയേർഡ് ലെഫ്റ്റനന്റ് ജനറൽ കെ.ജെ.എസ്. 'ടൈനി' ധില്ലന്റെ 'Operation Sindoor: The Untold Story of India’s Deep Strikes Inside Pakistan' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന ചിത്രം ഭൂഷൺ കുമാറിന്റെ ടി-സീരീസും (T-Series) അഗ്നിഹോത്രിയുടെ ഐ ആം ബുദ്ധ പ്രൊഡക്ഷൻസും (I Am Buddha Productions) ചേർന്നാണ് നിർമ്മിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ തന്ത്രപരമായ നിശ്ചയദാർഢ്യത്തിന്റെയും ധീരതയുടെയും കൃത്യതയുടെയും നിർണ്ണായക നിമിഷങ്ങളെ അടയാളപ്പെടുത്തുന്നതാണ് ഈ സൈനിക നീക്കമെന്ന് നിർമ്മാതാക്കൾ പറഞ്ഞു.

2025-ൽ ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനുള്ള സിനിമാറ്റിക്കായ മറുപടിയാണ് ഈ ചിത്രമെന്ന് അവർ വിശേഷിപ്പിച്ചു. അന്ന് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും വിനോദസഞ്ചാരികളായിരുന്നു.

"ചില കഥകൾ നമ്മൾ തിരഞ്ഞെടുക്കുന്നതല്ല, അവ നമ്മളെ തിരഞ്ഞെടുക്കുന്നതാണ്. സത്യസന്ധതയോടും ധൈര്യത്തോടും ഉത്തരവാദിത്തത്തോടും കൂടി പറയേണ്ട ഒന്നാണ് ഓപ്പറേഷൻ സിന്ദൂർ. ഇതൊരു സിനിമ മാത്രമല്ല, വെളിപ്പെടുത്തൽ കൂടിയാണ്,” ഭൂഷൺ കുമാർ പറഞ്ഞു.

"ഓപ്പറേഷൻ സിന്ദൂരിലൂടെ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ പ്രതികാരം ചെയ്യുക മാത്രമല്ല, ആധുനിക യുദ്ധതന്ത്രങ്ങളിൽ കരുത്ത് പ്രകടിപ്പിക്കുക കൂടി ചെയ്തിരിക്കുന്നു. ഇന്ത്യൻ സായുധ സേനയുടെ വിവിധ വിഭാഗങ്ങളുമായി സഹകരിച്ച് ഞങ്ങൾ വിപുലമായ ഗവേഷണം നടത്തിയിട്ടുണ്ട്. പൊതുസമൂഹത്തിന് അറിയാവുന്നതിനേക്കാൾ സങ്കീർണ്ണവും കൃത്യവുമായ യാഥാർത്ഥ്യമാണ് ഇതിന് പിന്നിലുള്ളത്," വിവേക് രഞ്ജൻ അഗ്നിഹോത്രിയും പ്രതികരിച്ചു.

'ദി കശ്മീർ ഫയൽസ്', 'ദി താഷ്‌കന്റ് ഫയൽസ്', 'ദി ബംഗാൾ ഫയൽസ്' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഗ്നിഹോത്രി, അസ്വസ്ഥതയുണ്ടാക്കുമെങ്കിലും അത്യാവശ്യമായ ചില കഥകൾ പറയുന്നതിലാണ് താൻ വിശ്വസിക്കുന്നതെന്നും കൂട്ടിച്ചേർത്തു. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Film adaptation of Lt. Gen. KJS Dhillon's book 'Operation Sindoor'., Directed by Vivek Agnihotri and produced by T-Series and I Am Buddha Productions., Based on India's strategic military response to the 2025 Pahalgam terror attack., Promises an in-depth, research-backed portrayal of modern Indian warfare.