ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടത് രാജ്യത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. സഞ്ചാരികളുടെ പറുദീസയായ ജമ്മു കശ്മീർ അതോടെ വീണ്ടും ചർച്ചകളിലാവുന്നു.
കശ്മീരിലെ എല്ലാ സ്ഥലങ്ങളും വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്. എങ്കിലും ആളുകൾ കൂടുതലെത്തുന്നത് ഗുൽമാർഗ്, സോനാമാർഗ്, ശ്രീനഗർ, പഹൽഗാം എന്നീ സ്ഥലങ്ങളിലേക്കാണ്.
അനന്ത് നാഗ് ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് പഹൽഗാം. മനോഹരമായ ഹിൽസ്‌റ്റേഷനാണിത്. പുഹേൽ, ഗോം എന്നീ കശ്മീരി വാക്കുകളിൽനിന്നാണ് ഈ ഗ്രാമത്തിന് പേരുലഭിച്ചതെന്ന് പറയപ്പെടുന്നു. പുഹേൽ എന്നാൽ ആട്ടിടയൻ, ഗോം എന്നാൽ ഗ്രാമവും. പുഹേൽഗോം കാലക്രമേണ പഹൽഗാം ആയതാണത്രേ.
പഹൽഗാമിനടുത്തുള്ള ചന്ദൻവാരിയിൽനിന്നാണ് എല്ലാ വർഷവും അമർനാഥ് യാത്രയുടെ തുടക്കം. ചന്ദൻവാരിയിലേക്ക് 16 കിലോമീറ്റർ ദൂരമാണുള്ളത്. സഞ്ചാരികൾ പഹൽഗാമിലിറങ്ങി, ടാക്‌സി വിളിച്ചാണ് ചന്ദൻവാരിയിലേക്ക് പോവുന്നത്.
പല ബോളിവുഡ് ചിത്രങ്ങളിലും പഹൽഗാമിന്റെ മനോഹാരിത കാണാം. ആലിയ ഭട്ട് നായികയായ 'ഹൈവേ', സൽമാൻ ഖാന്റെ 'ബജ്‌രംഗി ഭായ്ജാൻ', കത്രീന കൈഫിന്റെ 'ഫിതൂർ' തുടങ്ങിയവ അവയിൽ ചിലതുമാത്രം. 'ബജ്‌രംഗി ഭായ്ജാനി'ലെ 'ഭർ ദോ' എന്ന ഖവ്വാലി പൂർണമായും ചിത്രീകരിച്ചത് പഹൽഗാമിലാണ്.

ഇതിനോട് ചേർന്ന്, സഞ്ചാരികളെ ആകർഷിക്കുന്ന കുറേ സ്ഥലങ്ങളുണ്ട്. അമർനാഥ് ക്ഷേത്രം, ബേതാബ് വാലി എന്നിവയാണ് അവയിൽ പ്രധാനം.
അമർനാഥ് ക്ഷേത്രം
ഹിമാലയൻ മലനിരകളിലാണ് ഈ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രകൃതിനിർമിതമായ ഈ ക്ഷേത്രം, വർഷത്തിലേറെ സമയവും മഞ്ഞുമൂടിയ നിലയിലാണുണ്ടാവുന്നത്. മഞ്ഞിൽ രൂപംകൊണ്ട സ്വയംഭൂവായ ശിവലിംഗമാണ് ഭക്തരെ ആകർഷിക്കുന്നത്. വേനൽക്കാലത്ത് മഞ്ഞുരുകി, ഈ ശിവലിംഗം അപ്രത്യക്ഷമാവുകയും ചെയ്യും. ഇന്ത്യൻ സൈന്യത്തിന്റെ സുരക്ഷയിലാണ് അമർനാഥ് യാത്ര നടത്തുന്നത്.
എല്ലാ വർഷവും നിശ്ചിതദിവസങ്ങളിൽ മാത്രമേ ക്ഷേത്രത്തിലേക്ക് പോവാനുള്ള അനുമതിയുള്ളൂ. ശ്രീ അമർനാഥ്ജി ക്ഷേത്രം ബോർഡാണ് യാത്രയ്ക്കുള്ള തീയതി പ്രഖ്യാപിക്കുന്നത്. ഈ വർഷത്തെ തീയതി കുറച്ചുദിവസം മുമ്പാണ് ബോർഡ് പുറത്തുവിട്ടത്. ജൂലായ് 3 മുതൽ ഓഗസ്റ്റ് 9 വരെയാണത്.

ബേതാബ് വാലി
ഹജൻ വാലി അഥവാ ഹജൻ താഴ്‌വര എന്നാണിതിന്റെ ആദ്യപേര്. പഹൽഗാമിൽനിന്ന് 15 കിലോമീറ്റർ ദൂരത്തിലാണത്. എങ്ങും പച്ചപ്പ് മാത്രം നിറഞ്ഞ പുൽമേടുകൾ, മഞ്ഞുമൂടിയ മലനിരകൾ എന്നിവയാണ് ഈ താഴ്വരയുടെ പ്രത്യേകത. 1983-ൽ പുറത്തിറങ്ങിയ 'ബേതാബ്' എന്ന സിനിമയിലെ ഏറെ ഭാഗങ്ങളും ഇവിടെയാണ് ചിത്രീകരിച്ചത്. അങ്ങനെയാണ് ബേതാബ് താഴ്‌വര എന്ന പേരുവന്നത്. പഹൽഗാമിൽനിന്ന് 15 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്.
ബൈസരൻ വാലി
ബൈസരൻ വാലിയാണ് മറ്റൊരു പ്രധാന ആകർഷണം. മനോഹരമായ ഭൂപ്രകൃതിയാണിതിന്റെ പ്രത്യേകത. അതുകൊണ്ട് മിനി സ്വിറ്റ്സർലൻഡ് എന്നാണ് അറിയപ്പെടുന്നത്. പൈൻമരങ്ങളും മഞ്ഞുമൂടിയ മലനിരകളുമാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത.
Content Highlights: tourists favorite spot pahalgam
Published: 23 Apr 2025, 12:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented