'ആ നായികമാർ ധരിച്ചതുതന്നെയാണ് ഞാനും ധരിച്ചത്'; തുറന്നടിച്ച് നോറ ഫത്തേഹി

നോറ ഫത്തേഹി / IMDb, Screengrab
നോറ ഫത്തേഹി / IMDb, Screengrab

ഇക്കഴിഞ്ഞ ദിവസമാണ് നോറ ഫത്തേഹി നൃത്തം ചെയ്ത ഐറ്റംസോങ് അശ്ലീല ഉള്ളടക്കത്തിന്റെ പേരിൽ പിൻവലിച്ചത്. ധ്രുവ് സർജ നായകനായുള്ള 'കെഡി: ദ ഡെവിൾ' (KD: The Devil) എന്ന സിനിമയിൽനിന്നുള്ളതാണ് ഈ പാട്ട്. സഞ്ജയ് ദത്ത്, ശിൽപ ഷെട്ടി എന്നിവർക്കൊപ്പമാണ് ഗാനരംഗത്ത് നോറയും അഭിനയിക്കുന്നത്. ഈ പാട്ടിന്റെ ഹിന്ദി പതിപ്പായ 'സർകെ ചുനാർ തേരി സർകെ'യാണ് പ്രശ്‌നങ്ങളിൽ പെട്ടത്.

പുറത്തിറങ്ങിയതിനുപിന്നാലെ പാട്ടിനെതിരെ വലിയ വിമർശനമുണ്ടായി. സംഗീതസംവിധായകരും ഗാനരചയിതാക്കളുമുൾപ്പെടെ പാട്ടിനെതിരെ രംഗത്തെത്തി. വരികൾ അശ്ലീലമാണെന്ന ആരോപണങ്ങളിൽ സെൻസർ ബോർഡിന് പരാതി ലഭിച്ചു. ഒടുവിൽ ആ പാട്ട് യൂട്യൂബിൽനിന്ന് നീക്കംചെയ്തു. നോറയ്ക്കും ഇതിന്റെ പേരിൽ ഒരുപാട് ട്രോളുകൾ നേരിടേണ്ടി വന്നു. പിന്നാലെ ഹിന്ദി പതിപ്പിനെക്കുറിച്ച് തനിക്കറിവുണ്ടായിരുന്നില്ലെന്ന് നോറ വെളിപ്പെടുത്തിയിരുന്നു. കന്നഡ പതിപ്പിനുവേണ്ടിയുള്ള കരാറിൽ മാത്രമാണ് താൻ ഒപ്പിട്ടതെന്നും അവർ പറഞ്ഞിരുന്നു.

എന്നാൽ, സോഷ്യൽമീഡിയ ഉപയോക്താക്കൾ നോറയെ വീണ്ടും ആക്രമിച്ചു. അവരുടെ വിശദീകരണങ്ങളിൽ വ്യക്തതയില്ലെന്നായിരുന്നു അവരുടെ വിമർശനം. 'ആരെങ്കിലും വരികൾ അറിയാതെ ആ പാട്ടിൽ നൃത്തം ചെയ്യുമോ' എന്നാണ് ഒരാൾ ചോദിച്ചത്. പിന്നാലെ അതിനു മറുപടിയുമായി നോറയെത്തി. ''പക്ഷേ ഞാൻ ആ വരികൾക്ക് അനുസരിച്ചല്ല നൃത്തം ചെയ്തത്. എന്റെ വീഡിയോയിൽ ഞാൻ പറഞ്ഞതൊന്നും നിങ്ങൾക്ക് മനസ്സിലായില്ലേ? ഞാൻ ഹിന്ദി പതിപ്പിൽ പെർഫോം ചെയ്തിട്ടില്ല. ഹിന്ദി പതിപ്പ് റിലീസ് ചെയ്യുന്നതുവരെ ഞാനത് കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല. നിങ്ങൾ ഈ വീഡിയോ പൂർണ്ണമായും കണ്ടിട്ടില്ലെന്ന് വ്യക്തമാണ്. ഇത് നിങ്ങളെ ശരിക്കും ബാധിച്ചിട്ടുണ്ടെങ്കിൽ, ദയവായി ഈ ഗാനം നിർമ്മിച്ച ആളുകളോട് ഈ വിഷയം ഉന്നയിക്കുകയും എന്റെ അനുവാദമില്ലാതെ എന്റെ ചിത്രം അതിൽ അറ്റാച്ച് ചെയ്യുകയും ചെയ്തവരോട് ഈ വിഷയം ഉന്നയിക്കുക''.

പാട്ടിൽ നോറ ധരിച്ച വസ്ത്രങ്ങളും അവരുടെ നൃത്തച്ചുവടുകളും ചിലർ മോശമാണെന്ന് ചൂണ്ടിക്കാണിച്ചു. അതിന് നോറ മറുപടി നൽകിയതിങ്ങനെ, ''ഞാൻ സത്യം പറഞ്ഞു, അത്രയേ ഉള്ളൂ. വസ്ത്രധാരണത്തെയും നൃത്തത്തെയും സംബന്ധിച്ചിടത്തോളം, നിങ്ങളുടെ പ്രിയപ്പെട്ട എല്ലാ നായികമാരും നടിമാരും മുമ്പ് ചെയ്തതിൽ നിന്ന് വ്യത്യസ്തമല്ല ഞാൻ ധരിച്ചതൊന്നും. എല്ലാ ഗാനങ്ങളിലും വസ്ത്രങ്ങൾ അങ്ങനെയാണ്, ചലനങ്ങൾ അങ്ങനെയാണ്. ഞാൻ പാട്ടുകൾ ചെയ്യാൻ തുടങ്ങിയപ്പോൾ മാത്രമല്ല അങ്ങനെയായത്. ഈ ലോകം സൃഷ്ടിച്ചത് ഞാനാണെന്ന് നടിക്കരുത്. സിനിമാമേഖലയിലെ മുൻകാല ഗാനങ്ങളിൽനിന്ന് വ്യത്യസ്തമല്ല ഇവയൊന്നും. ഇത് ഗ്ലാമർ വിനോദ ലോകത്തിന്റെ ഭാഗമാണ്. നിങ്ങൾക്ക് ഇത് ഇഷ്ടപ്പെട്ടില്ലെങ്കിൽ പെർഫോമർമാരെ പിന്തുടരരുത്, വിനോദ ലോകത്തെ പിന്തുടരരുത്. ഇവിടെ പ്രശ്നം അശ്ലീലമായ ഹിന്ദി വരികളാണ്'', നോറ കൂട്ടിച്ചേർത്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Nora Fatehi clarifies she only signed for the Kannada version of the song. The actress denies performing in the controversial Hindi version. Nora defends her costume and dance choices, comparing them to industry standards.