സൂര്യയുടെ മൂന്ന് സിനിമകൾ വേണ്ടെന്നുവെച്ചോ? കാരണം വെളിപ്പെടുത്തി നസ്രിയ

പന്ത്രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നസ്രിയ നസിം. സൂര്യ നായകനാകുന്ന ജിത്തു മാധവൻ ചിത്രം ‘സീനി’ലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. കരിയറിൽ ആദ്യമായാണ് നസ്രിയ സൂര്യയ്ക്കൊപ്പം അഭിനയിക്കുന്നതും. ചിത്രത്തിന്റെ കേരള പ്രീ-റിലീസ് ചടങ്ങിൽ സംസാരിക്കവേ, നേരത്തേ സൂര്യയ്ക്കൊപ്പം അഭിനയിക്കാൻ ലഭിച്ച മൂന്ന് അവസരങ്ങൾ നസ്രിയ വേണ്ടെന്നുവെച്ചിരുന്നുവെന്ന താരത്തിന്റെ പരാമർശത്തെക്കുറിച്ചും പ്രതികരിച്ചു. മനഃപൂർവം സിനിമകൾ നിരസിച്ചതല്ലെന്നും ഡേറ്റ് പ്രശ്നങ്ങളും മറ്റ് ചില ആശയക്കുഴപ്പങ്ങളുമാണ് അന്ന് ചിത്രങ്ങൾ നടക്കാതെ പോകാൻ കാരണമെന്നും നസ്രിയ വ്യക്തമാക്കി.
“സൂര്യ സാർ പറഞ്ഞത് ഞാൻ അദ്ദേഹത്തിന്റെ മൂന്ന് സിനിമകൾ നിരസിച്ചെന്നാണ്. അതൊരു തമാശ മാത്രമാണ്. യഥാർഥത്തിൽ ഡേറ്റിന്റെ പ്രശ്നങ്ങളും മറ്റ് ചില ആശയക്കുഴപ്പങ്ങളുമാണ് കാരണം. സൂര്യ സാറിന്റെ സിനിമ എങ്ങനെയാണ് ഞാൻ വേണ്ടെന്നുവെക്കുക?” ചിരിച്ചുകൊണ്ട് നസ്രിയ ചോദിച്ചു. ജിത്തു മാധവൻ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷവും താരം പങ്കുവെച്ചു. “ജിത്തു മാധവന്റെ ആദ്യ സിനിമയിലെ നായികയാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഈ ചിത്രത്തിൽ ആക്ഷനും ചെയ്തിട്ടുണ്ട്. എല്ലാവരും മലയാളികളായിരുന്നതിനാൽ ഒരു അവധിക്കാലം പോലെയായിരുന്നു ഷൂട്ടിങ്”, നസ്രിയ പറഞ്ഞു.
തമിഴ് സിനിമകളിൽ അഭിനയിക്കാതിരുന്നതിന്റെ കാരണവും നസ്രിയ വെളിപ്പെടുത്തി. “കഴിഞ്ഞ 12 വർഷത്തിനിടെ തമിഴിൽ ഞാൻ അന്വേഷിച്ചുകൊണ്ടിരുന്ന തരത്തിലുള്ള കഥയും കഥാപാത്രവും എന്നെ തേടിയെത്തിയില്ല. അതുകൊണ്ടാണ് തമിഴ് സിനിമകൾ ചെയ്യാതിരുന്നത്” എന്നായിരുന്നു നസ്രിയയുടെ വാക്കുകൾ.
സൂര്യയ്ക്കൊപ്പമുള്ള ആദ്യ സിനിമ എന്നതിലുപരി ജിത്തു മാധവനുമായുള്ള കൂട്ടുകെട്ടും നസ്രിയയുടെ തിരിച്ചുവരവിനെ ശ്രദ്ധേയമാക്കുന്നു. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും ആരാധകർക്കിടയിൽ ഇതിനകം കൗതുകമുണർത്തിയിട്ടുണ്ട്. 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവനാണ് 'സീൻ' സംവിധാനം ചെയ്യുന്നത്. കോമഡിയും ഭ്രാന്തൻ നിമിഷങ്ങളും നിറഞ്ഞ മിസ്റ്ററി എന്റർടെയ്നറായാണ് ചിത്രം ഒരുങ്ങുന്നത്. ഡിഎസ്പി ഇമ്പരാജ് എന്ന കഥാപാത്രമായാണ് സൂര്യ എത്തുന്നത്. നസ്രിയയെക്കൂടാതെ നസ്ലിനും പ്രധാനവേഷത്തിലെത്തുന്നു. ജോൺ വിജയ്, ആനന്ദ് രാജ് എന്നിവരാണ് മറ്റു താരങ്ങൾ. ദീപാവലി റിലീസായി ചിത്രം നാളെ തിയേറ്ററുകളിലെത്തും. നീണ്ട ഇടവേളയ്ക്കുശേഷമുള്ള നസ്രിയയുടെ തമിഴ് തിരിച്ചുവരവും സൂര്യയുമായുള്ള ആദ്യ കൂട്ടുകെട്ടും ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ വലിയ പ്രതീക്ഷ നൽകുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi