മൈക്കിളിന് കൈയടി, ‘ജാഫർ ജാക്സൺ മൈക്കിളിന്റെ തനിപ്പകർപ്പ്’, മൂന്നുദിവസത്തിനുള്ളിൽ 217 മില്യൺ ഡോളർ

പോപ് ഇതിഹാസം മൈക്കിൾ ജാക്സന്റെ ജീവിതം ആസ്പദമാക്കിയൊരുക്കിയ ബയോപിക് 'മൈക്കിൾ' ലോകത്താകമാനം വലിയ സ്വീകാര്യത നേടുകയാണ്. സിനിമയിൽ മൈക്കിൾ ജാക്സനായെത്തുന്നത്, അദ്ദേഹത്തിന്റെ സഹോദരന്റെ മകൻ ജാഫർ ജാക്സനാണ്. ഇത്രയും മികച്ച രീതിയിൽ മൈക്കിളിനെ അവതരിപ്പിക്കാൻ ജാഫറിനല്ലാതെ മറ്റാർക്കുമാവില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. ആദ്യ മൂന്നുദിവസത്തിനുള്ളിൽ ലോകമെമ്പാടും 217 മില്യൺ ഡോളറിലധികം കളക്ഷൻ ചിത്രം നേടിക്കഴിഞ്ഞു.
ഇന്ത്യയിൽ ആദ്യ ദിനം പ്രോജക്റ്റ് ഹെയ്ൽ മേരിയെ മറികടന്നു
റയാൻ ഗോസ്ലിംഗ് അഭിനയിച്ച സയൻസ് ഫിക്ഷൻ ചിത്രം 'പ്രോജക്ട് ഹെയ്ൽ മേരി'യുടെ ആദ്യ ദിന കളക്ഷനായ 2.70 കോടി രൂപയെ 'മൈക്കിൾ' ഇന്ത്യയിൽ മറികടന്നു. 'മൈക്കിൾ' ആദ്യ ദിനത്തിൽ 6.48 കോടി രൂപയാണ് നേടിയത്. ദേശീയ സിനിമാ ശൃംഖലകളിലെ (പിവിആർ, ഐനോക്സ്, സിനിപോളിസ്) പ്രകടനം വിലയിരുത്തുമ്പോൾ 'മൈക്കിളി'നും 'പ്രോജക്ട് ഹെയ്ൽ മേരി'ക്കും ഇടയിലുള്ള അന്തരം വ്യക്തമാണ്. ഈ ശൃംഖലകളിൽ 'മൈക്കിൾ ജാക്സൺ' ബയോപിക്കിന്റെ ആദ്യ ദിനത്തിൽ ഏകദേശം 45,000 ടിക്കറ്റുകൾ വിറ്റുപോയതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആദ്യ വാരാന്ത്യത്തിൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ 19 കോടി രൂപയിൽ കൂടുതൽ നേടി. വടക്കേ അമേരിക്കയിലും കാനഡയിലും ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ 97 മില്യൺ ഡോളറായിരുന്നു. അന്റോയിൻ ഫുക്വയാണ് ചിത്രത്തിന്റെ സംവിധാനം.
ഇന്ത്യയിലെ ഏറ്റവും കൂടുതൽ മുൻകൂട്ടി ടിക്കറ്റ് വിറ്റഴിഞ്ഞ ഹോളിവുഡ് ചിത്രങ്ങളിൽ നാലാം സ്ഥാനത്താണ് ഇപ്പോൾ 'മൈക്കിൾ'. 'അവെഞ്ചേഴ്സ്: എൻഡ്‌ഗെയിം', 'ഓപ്പൺഹൈമർ', 'ബാർബി' എന്നിവയാണ് ഇതിന് മുന്നിലുള്ളത്.
ചിത്രത്തെക്കുറിച്ച്
ജാക്സൺ ഫാമിലിയുടെ പോപ്പ് ബാൻഡായ ജാക്സൺ 5-ലെ പ്രതിഭാധനനായ ബാലതാരത്തിൽ നിന്ന് ലോകത്തെ വിസ്മയിപ്പിച്ച പോപ്പ് ഇതിഹാസമായി വളർന്ന മൈക്കിൾ ജാക്സന്റെ ജീവിതമാണ് 'മൈക്കിൾ' പറയുന്നത്. വേദികളിലെ മാന്ത്രികതയും വ്യക്തിപരമായ വെല്ലുവിളികളും ഇതിലുൾപ്പെടുന്നു. ഏപ്രിൽ 24-നാണ് 'മൈക്കിൾ' തിയേറ്ററുകളിലെത്തിയത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Michael grossed $217 million globally in its opening 3-day weekend., Indian box office collection reached Rs 19.89 crore within the first 3 days., The film outperformed genre predecessors like Elvis and Bohemian Rhapsody in India., Secured the fourth-highest all-time advance booking for a Hollywood film in India., Stars Jaafar Jackson as the King of Pop, directed by Antoine Fuqua.