'താൻ ചാകാതിരിക്കാൻവേണ്ടി എഴുതിയുണ്ടാക്കിയ സീനാണ്' ശ്രീകുമാരൻ തമ്പി മണിയൻ പിള്ള രാജുവിനോട് പറഞ്ഞു

അർബുദ രോഗത്തിൽ നിന്ന് മുക്തിനേടിയശേഷമുള്ള ആദ്യ ഓണമാണ് മണിയൻ പിള്ള രാജുവിനിത്. ഒപ്പം സിനിമയിൽ അരനൂറ്റാണ്ട് തികയ്ക്കുന്നതിന്റെ സന്തോഷവും. തിരുവനന്തപുരത്തുകാരനായ സുധീർകുമാറിന് ബാലചന്ദ്ര മേനോന്റെ 'മണിയൻ പിള്ള അഥവാ മണിയൻ പിള്ള' എന്ന സിനിമയാണ് മണിയൻ പിള്ള രാജു എന്ന പേര് സമ്മാനിക്കുന്നത്. ഒരുപാട് യാദൃശ്ചികതയും അതിശയങ്ങളും നിറഞ്ഞതാണ് അദ്ദേഹത്തിന്റെ ജീവിതം. അഡയാറിലെ പഠനകാലത്തിനിടെ അവസരം ചോദിച്ച് ശ്രീകുമാരൻ തമ്പിയെ ചെന്നുകണ്ടതിന്റെ ഓർമ്മ ഗൃഹലക്ഷ്മി ഓണപ്പതിപ്പിൽ അദ്ദേഹം പങ്കുവെക്കുന്നുണ്ട്. അതിലേക്ക്....
'അഡയാറിൽ പഠിക്കുമ്പോഴേ സിനിമയിൽ ചാൻസ് നോക്കി നടക്കുന്നുണ്ടായിരുന്നു. അക്കാലത്ത് മല്ലിക (മല്ലികാ സുകുമാരൻ) മദ്രാസിലുണ്ട്. അവർ സ്‌കൂളിൽ എന്റെ സഹപാഠിയായിരുന്നു. ഒരുദിവസം കണ്ടപ്പോൾ മല്ലിക പറഞ്ഞു ശ്രീകുമാരൻ തമ്പി സാർ ഒരു പടം തുടങ്ങുന്നുണ്ട്, ഒന്നു വിളിച്ചുനോക്കെന്ന്. തമ്പി സാർ ചെന്നൈയിൽ തന്നെയുണ്ട്. ഞാൻ പോയി കണ്ടു. ആദ്യം അദ്ദേഹം എന്നെ നിരുത്സാഹപ്പെടുത്തി.
''ഇയാളുടെ വീട്ടിൽ കണ്ണാടിയില്ലേ. പ്രേംനസീറും അടൂർഭാസിയും തിളങ്ങിനിൽക്കുന്ന ഇക്കാലത്ത് ഇയാൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല...''എന്നൊക്കെ പറഞ്ഞു. എങ്കിലും അദ്ദേഹം എന്റെ കൈയിൽനിന്ന് നമ്പർ വാങ്ങി, വിളിക്കാമെന്നും പറഞ്ഞു. ഞാൻ തിരിച്ചെത്തി. കുറച്ചുകഴിഞ്ഞ് ഹോട്ടലിലേക്ക് ഫോൺ വന്നു, ''സുധീർകുമാറാണോ? നാളെ 'മോഹിനിയാട്ട'ത്തിന്റെ ഷൂട്ട് ഉണ്ട്. തനിക്കൊരു സീനുണ്ട്. ചെയ്യാൻ സമ്മതമാണോ ?'' എന്ന് ചോദിച്ചു. ഞാൻ അപ്പോൾത്തന്നെ ഓക്കെ പറഞ്ഞു.
കുറേ നാൾ കഴിഞ്ഞ് ഞാൻ സാറിനോട് സിനിമയിലേക്ക് വിളിച്ചതിനെപ്പറ്റി ചോദിച്ചു, അപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു : ''അന്ന് നീ മടങ്ങിയപ്പോൾ, എന്റെ ഭാര്യ മുകൾനിലയിലെ കർട്ടൺ മാറ്റി നോക്കി. അപ്പോൾ നീ ബസ് സ്റ്റാൻഡിൽനിന്ന് കരയുന്നത് കണ്ടു. നിങ്ങൾ ക്രൂരതയാണ് ചെയ്തതെന്ന് ഭാര്യ പറഞ്ഞു. അവൻ ഹോട്ടലിലേക്കല്ല, ഏതെങ്കിലും റെയിൽവേ ട്രാക്കിലേക്കാകും പോകുക. രണ്ട് കൊല്ലം പഠിച്ച് സ്വപ്നത്തോടെ വന്നതല്ലേ എന്നൊക്കെ പറഞ്ഞു. അതുകൊണ്ട് താൻ ചാകാതിരിക്കാൻവേണ്ടി എഴുതിയുണ്ടാക്കിയ സീനാണ്. പടത്തിൽ അങ്ങനെയൊരു സീനൊന്നുമില്ലായിരുന്നു.''
വിശദമായി വായിക്കാം പുതിയ ലക്കം ഗൃഹലക്ഷ്മിയിൽ. ഓൺലൈൻ വഴി വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Maniyanpilla Raju celebrates 50 years in cinema. Learn about his journey