അച്ഛന്റെ മഹായാനം, മക്കളുടെ കണ്ണൂര്‍ സ്‌ക്വാഡ്, അന്നും ഇന്നും ഒരേയൊരു മമ്മൂട്ടി...

വര്‍ഷം 1989 നവംബര്‍, ആ മാസമാണ് ലോഹിതദാസിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ 'മഹായാനം' എന്ന സിനിമ തിയേറ്ററുകളിലേക്കെത്തിയത്. കണ്ണുകളില്‍ പൗരുഷത്തിന്റെ കനല്‍ത്തരി നിറച്ച ലോറി ഡ്രൈവര്‍ ചന്ദ്രനായി മമ്മൂട്ടി നിറഞ്ഞാടിയപ്പോള്‍ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായി അത് മാറി. ഒരുപാട് നിരൂപക പ്രശംസകള്‍, മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം എന്നിവ മമ്മൂട്ടിയ്ക്ക് മഹായാനം സമ്മാനിച്ചു. എന്നാല്‍, സീമയും മുകേഷും ബാലന്‍.കെ.നായരുമെല്ലാം ഒരുമിച്ച ആ സിനിമ ബോക്‌സോഫീസില്‍ അര്‍ഹമായ വിജയം നേടിയില്ല. ഹണി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സി.ടി.രാജനായിരുന്നു ' മഹായാനം' നിര്‍മിച്ചത്. ബോക്‌സോഫീസില്‍ സിനിമ അര്‍ഹമായ വിജയം നേടാതെ പോയതോടെ നിര്‍മാതാവും സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടു.
സിനിമയെ ഒരുപാട് സ്‌നേഹിച്ച ആ നിര്‍മാതാവ് അതോടെ നിര്‍മാണരംഗത്തോട് വിടപറഞ്ഞു. ജീവിത പ്രാരാബ്ദങ്ങളില്‍ ഉഴലുമ്പോഴും മനസ്സില്‍ സിനിമയോടുള്ള ഇഷ്ടം സി.ടി.രാജന്‍ മനസ്സില്‍ സൂക്ഷിച്ചു. മക്കളായ റോണിയും റോബിയും രാജന്റെ കൈകളിൽ തൂങ്ങി തിയേറ്ററുകളുടെ ഇരുട്ടില്‍ പുതിയ സിനിമകള്‍ കണ്ട് കൈയടിച്ചു. അച്ഛനിലെ സിനിമാ ലഹരി മക്കളിലും വൈകാതെ നിറഞ്ഞു. റോണി അഭിനയരംഗത്തും റോബി ഛായാഗ്രഹണ രംഗത്തും പിച്ചവച്ത് മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കാലൂന്നി. അവരേക്കാളേറെ ആ സിനിമാ പ്രവേശം സന്തോഷിപ്പിച്ചത് പിതാവ് രാജനെയാണ്.
തലമുറകളുടെ നടന്‍...
വര്‍ഷം 2023, സെപ്തംബര്‍ 28, കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമ പ്രദര്‍ശനത്തിനെത്തി. നായകനായും നിര്‍മാതാവായും മമ്മൂട്ടി, സംവിധായകന്‍ നവാഗതനായ റോബി വര്‍ഗീസ് രാജ്, തിരക്കഥാകൃത്തിന്റെ റോളില്‍ സഹോദരനും അഭിനേതാവുമായ ഡോ.റോണി ഡേവിഡ് രാജ്, ആദ്യ പ്രദര്‍ശനത്തിനായി ഇരുട്ട് നിറഞ്ഞ തിയേറ്റര്‍ മുറിയിലേക്ക് പ്രൊജക്ടര്‍ വെളിച്ചം പാഞ്ഞുവന്നപ്പോള്‍ പ്രാര്‍ഥനയോടെ ഒരുപിതാവ് ആള്‍ക്കൂട്ടത്തിനിടയിലുണ്ടായിരുന്നു. പഴയ നിര്‍മാതാവായ സി.ടി. രാജന്‍, കണ്ണൂര്‍ സ്‌ക്വാഡിന്റെ സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും അച്ഛന്‍. ആദ്യ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ തന്നെ കേരളം കണ്ണൂര്‍ സ്‌ക്വാഡ് സൂപ്പര്‍ഹിറ്റെന്ന് വിധിയെഴുതി. കണ്ടവരെല്ലാം ഒരേസ്വരത്തില്‍ മികവിന്റെ അഞ്ച് നക്ഷത്രങ്ങളും സിനിമയ്ക്ക് നല്‍കി. കണ്ണൂര്‍ സ്‌ക്വാഡ് നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ആ വിജയം റോബിനും റോണിയും സമര്‍പ്പിക്കുക സിനിമ സ്വപ്‌നം കാണാന്‍ തങ്ങളെ പഠിപ്പിച്ച പിതാവ് കെ.ടി.രാജനെയായിരിക്കും.
അച്ഛനുള്ള മക്കളുടെ സമ്മാനമായി കണ്ണൂര്‍ സ്‌ക്വാഡിന്റെ മഹാവിജയം മാറും. അച്ഛൻ സ്വപ്‌നം കണ്ട അതേ നായകനെ വച്ച് മക്കളുണ്ടാക്കുന്ന വിജയം. മമ്മൂട്ടി എന്ന നടനെ തലമുറകളുടെ നായകനെന്ന് സിനിമാ ലോകം വിളിക്കുന്നതിനുള്ള കാരണം തലമുറകളെ വിസ്മയിപ്പിക്കുന്ന അദ്ദേഹത്തിന്റെ അഭിനയശേഷി തന്നെയാണ്. തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ മഹായാനം സമ്മാനിച്ച നിര്‍മാതാവിന് കാലത്തിനിപ്പുറം മമ്മൂട്ടി നല്‍കുന്ന ആദരം കൂടിയാണ് കണ്ണൂര്‍ സ്‌ക്വാഡ്. അതേ നിര്‍മാതാവിന്റെ മക്കള്‍ സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും റോളുകളില്‍ മമ്മൂട്ടിയുടെ അരികിലേക്ക് എത്തിയപ്പോള്‍ നായകനാകുന്നതിനൊപ്പം ആ സിനിമയുടെ നിര്‍മാണവും കൂടി മമ്മൂട്ടി ഏറ്റെടുത്തു.
സംവിധായകന്‍ റോബി വര്‍ഗീസിന്റെ ഭാര്യ അഞ്ജുവാണ് ഈയൊരു കൗതുകത്തെ കുറിച്ച് സാമൂഹ്യമാധ്യമത്തില്‍ കുറിച്ചത്. കണ്ണൂര്‍ സ്‌ക്വാഡില്‍ പ്രധാനവേഷം ചെയ്ത നടന്‍ അസീസ് നെടുമങ്ങാടും ഈ അപൂര്‍വതയെ കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ എഴുതിയിട്ടുണ്ട്.
അഭിനയം, ഛായാഗ്രഹണം..
ഛായാഗ്രഹണ വഴിയിലൂടെയാണ് റോബിന്‍ രാജ് മലയാള സിനിമയില്‍ തന്റെ വരവറിയിച്ചത്. ഗ്രേറ്റ് ഫാദര്‍, ജോണ്‍ ലൂഥര്‍, വെള്ളം എന്നീ ശ്രദ്ധേയ സിനിമകളുടെ ക്യാമറ ചലിപ്പിച്ചത് റോബിനായിരുന്നു. ആദ്യ സംവിധാന സംരംഭമായ കണ്ണൂര്‍ സ്‌ക്വാഡില്‍ റോബിനൊപ്പം സഹോദരനും അഭിനേതാവുമായ റോണിയും എഴുത്തുകാരനായി കൂടെ കൂടി. റോണിയും മുഹമ്മദ് ഷാഫിയും ചേര്‍ന്നാണ് കണ്ണൂര്‍ സ്‌ക്വാഡിന് തിരക്കഥയൊരുക്കിയത്. റോണി ചിത്രത്തില്‍ ഒരുപ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനിയില്‍ നിന്ന് പ്രദര്‍ശനത്തിനെത്തിയ മൂന്നാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ജോണറില്‍ പെടുന്ന ചിത്രം യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് കഥ പറയുന്നത്.
Content Highlights: mammootty kannur squad director father is producer of film mahayanam