മമ്മൂട്ടിയും ദുൽഖറും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം; നിർമ്മാതാവിന്റെ സ്വപ്നത്തിന് ദുൽഖറിന്റെ മറുപടി

മമ്മൂട്ടിയും ദുൽഖറും
മമ്മൂട്ടിയും ദുൽഖറും

മമ്മൂട്ടിയും ദുൽഖർ സൽമാനും ഒരു സിനിമയിൽ ഒന്നിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സിനിമാപ്രേമികൾക്കിടയിൽ എന്നും വലിയ ആവേശമാണ് ഉണർത്താറുള്ളത്. ഇരുവരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരു വലിയ സിനിമ നിർമ്മിക്കാനുള്ള ആഗ്രഹം പ്രമുഖ തെലുങ്ക് നിർമ്മാതാവ് അല്ലു അരവിന്ദ് പങ്കുവെച്ചു. ദുൽഖർ സൽമാനുമായി നടത്തിയ സംഭാഷണത്തിനിടെയായിരുന്നു അല്ലു അരവിന്ദിന്റെ വെളിപ്പെടുത്തൽ. ഇതിന് ദുൽഖർ നൽകിയ രസകരമായ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമാ ലോകത്തും ശ്രദ്ധ നേടുന്നത്.

ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് പ്രകാരം, സംഭാഷണത്തിനിടെ അല്ലു അരവിന്ദ് തന്നെയാണ് ഈ സ്വപ്ന പദ്ധതി മുന്നോട്ടുവെച്ചത്. "നിങ്ങളെയും നിങ്ങളുടെ പിതാവ് മമ്മൂട്ടിയെയും വെച്ച് ഒരു ബിഗ് ടിക്കറ്റ് ചിത്രം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം" എന്ന് അല്ലു അരവിന്ദ് വ്യക്തമാക്കി, ഒട്ടും മടിക്കാതെ ദുൽഖർ മറുപടി നൽകി: "ഞാൻ ഇപ്പോൾത്തന്നെ തയ്യാറാണ്, പക്ഷേ നിങ്ങൾ എന്റെ വാപ്പച്ചിയോട് ചോദിക്കേണ്ടി വരും."

മമ്മൂട്ടിയോട് സംസാരിച്ച് അദ്ദേഹത്തെ സമ്മതിപ്പിക്കാമെന്ന് അല്ലു അരവിന്ദ് ഉറപ്പുനൽകിയതോടെ, പ്രോജക്റ്റിന്റെ ഭാഗമാകാൻ താൻ സന്നദ്ധനാണെന്ന് ദുൽഖർ വീണ്ടും പറഞ്ഞു. മലയാളത്തിന് പുറമെ തെലുങ്ക് സിനിമാ ലോകത്തും മമ്മൂട്ടിക്കും ദുൽഖറിനും വലിയ ആരാധകവൃന്ദമുണ്ട്. ഇരുവരും ഒരുമിക്കുന്ന ഒരു ചിത്രം ഭാഷാഭേദമന്യേ വലിയ സ്വീകാര്യത നേടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ദുൽഖർ സൽമാൻ പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം 'ആകാശംലോ ഒക താര' നവംബർ 20-ന് തിയേറ്ററുകളിലെത്തും. വിദൂര ഗ്രാമത്തിൽ നിന്നുള്ള ഒരു പെൺകുട്ടിയുടെ ബഹിരാകാശ സഞ്ചാരിയാകാനുള്ള സ്വപ്നത്തെ പിന്തുണയ്ക്കുന്ന കൃഷ്ണ എന്ന കഥാപാത്രമായാണ് ദുൽഖർ എത്തുന്നത്. അല്ലു അരവിന്ദിന്റെ ഗീതാ ആർട്സ് ഉൾപ്പെടെയുള്ള ബാനറുകളാണ് ചിത്രം നിർമ്മിക്കുന്നത്.

ഇതേ ദിവസം തന്നെയാണ് മമ്മൂട്ടി വേഷമിടുന്ന തമിഴ് ചിത്രം 'ഓം' തിയേറ്ററുകളിൽ എത്തുന്നത്. ധനുഷ് നായകനാകുന്ന ചിത്രത്തിൽ സായ് പല്ലവി, ശ്രീലീല, നസീറുദ്ദീൻ ഷാ തുടങ്ങി വൻ താരനിര അണിനിരക്കുന്നുണ്ട്. അച്ഛന്റെയും മകന്റെയും ചിത്രങ്ങൾ ഒരേ ദിവസം തിയേറ്ററുകളിലെത്തുന്നു എന്നതും സിനിമാപ്രേമികൾക്ക് ഇരട്ടി ആവേശമാണ് സമ്മാനിക്കുന്നത്.

തങ്ങളുടെ സിനിമകളുടെ പ്രമോഷന്റെ ഭാഗമായി, മമ്മൂട്ടിയും ദുൽഖർ സൽമാനും ഒരുമിച്ച് ഒരു പ്രമോഷണൽ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Producer Allu Aravind expressed his desire to make a big-budget multi-starrer film featuring Mammootty and Dulquer Salmaan., Dulquer positively responded that he is ready, but Allu Aravind needs to convince Mammootty., Dulquer Salmaan's Telugu movie 'Aakashamlo Oka Tara' and Mammootty's Tamil film 'Om' are releasing on the same day, November 20., Both actors recently appeared in a joint promotional video ahead of their film releases.