‘എന്റെ ആരോഗ്യപ്രശ്‌നങ്ങൾ മാറുന്നതുവരെ അവർ കാത്തിരുന്നു, ഇപ്പോൾ എന്നെ കണ്ടില്ലെങ്കിൽ ധനുഷിന് ഉറക്കം വരില്ല’

ധനുഷ്, മമ്മൂട്ടി/Instagram
ധനുഷ്, മമ്മൂട്ടി/Instagram

മമ്മൂട്ടിയും ധനുഷും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് മെഗാസ്റ്റാർ നടത്തിയ രസകരമായ പരാമർശങ്ങൾ ശ്രദ്ധ നേടുകയാണ്. 'ഒ.എം' എന്ന സിനിമയുടെ കൊച്ചിയിൽ നടന്ന പ്രമോഷൻ പരിപാടിയിലാണ് ധനുഷുമായുള്ള അടുപ്പത്തെക്കുറിച്ച് മമ്മൂട്ടി മനസ്സുതുറന്നത്. പതിവ് നർമശൈലിയിൽ നടത്തിയ താരത്തിന്റെ വാക്കുകൾ സദസ്സിൽ ചിരി പടർത്തി. ആദ്യമായി കണ്ടപ്പോൾ ധനുഷ് തന്നോട് അൽപം അകലം പാലിച്ചിരുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു. എന്നാൽ ആ അകലം അധികകാലം തുടരാൻ അനുവദിച്ചില്ലെന്നും തമാശരൂപേണ താരം വ്യക്തമാക്കി.

“ആദ്യമൊക്കെ ധനുഷ് എന്നെ കാണുമ്പോൾ അകലം പാലിക്കുമായിരുന്നു. ഞാൻ അവനെ അങ്ങനെ വിട്ടോ? അടുത്തേക്ക് വലിച്ചുചേർത്ത് കെട്ടിപ്പിടിച്ചു. ഇപ്പോൾ എന്നെ കണ്ടില്ലെങ്കിൽ അവന് ഉറക്കം വരാത്ത അവസ്ഥയാണ്. അങ്ങനെയാണ് ഞാൻ അവനെ എന്നോട് അടുപ്പിച്ചത്” എന്നായിരുന്നു മമ്മൂട്ടിയുടെ രസകരമായ പ്രതികരണം. ധനുഷിന്റെ നേരത്തെയുള്ള പ്രശംസകൾക്കൊപ്പം മമ്മൂട്ടിയുടെ ഈ വാക്കുകളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ധനുഷിനും മറ്റ് സഹതാരങ്ങൾക്കുമൊപ്പം സിനിമയിൽ പ്രവർത്തിച്ച അനുഭവങ്ങളും മമ്മൂട്ടി പങ്കുവെച്ചു. ചിത്രത്തിന്റെ ഷൂട്ടിങ്ങിലുടനീളം അഭിനേതാക്കളും അണിയറപ്രവർത്തകരും തമ്മിൽ മികച്ച സൗഹൃദമുണ്ടായിരുന്നുവെന്ന് താരം പറഞ്ഞു. സംവിധായകൻ രാജ്കുമാർ പെരിയസാമിയുടെ ആത്മാർഥതയെയും എല്ലാവരോടുമുള്ള സ്‌നേഹത്തെയും മമ്മൂട്ടി പ്രത്യേകം പ്രശംസിച്ചു.

ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി തന്റെ ആരോഗ്യപ്രശ്‌നങ്ങൾ മാറുന്നതുവരെ അണിയറപ്രവർത്തകർ കാത്തിരിക്കാൻ തയ്യാറായിരുന്നുവെന്നും അതുകൊണ്ടാണ് സിനിമ ഏറ്റെടുത്തതെന്നും അദ്ദേഹം വെളിപ്പെടുത്തി.

രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധനുഷ്, മമ്മൂട്ടി, സായ് പല്ലവി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. തിരുപ്പതി, തിരുവണ്ണാമലൈ മേഖലകളിലെ മനുഷ്യരുടെ ജീവിതവുമായി ബന്ധമുള്ള കഥയാണ് ചിത്രം പറയുന്നത്. ശേഷാചലം വനമേഖലയും ചുവന്ന ചന്ദനത്തിന്റെ കടത്തുമെല്ലാം പ്രമേയത്തിന്റെ ഭാഗമാകുന്നുണ്ട്. സായ് പല്ലവിയുടെ ആക്ഷൻ രംഗങ്ങളെയും മമ്മൂട്ടി പ്രശംസിച്ചു. മികച്ചതും കരുത്തുറ്റതുമാണ് താരത്തിന്റെ പ്രകടനമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. നവംബർ 20-നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. 
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi