അമ്മൂമ്മ കുമാരനാശാന്റെ ഭാര്യയായിരുന്നു, ഞാന്‍ ആശാന്റെ കൊച്ചുമോളല്ല-മാലാ പാര്‍വതി

#സൂരജ് സുകുമാരന്‍
മാലാ പാര്‍വതി | ഫോട്ടോ: സിദ്ദീക്കുല്‍ അക്ബര്‍
മാലാ പാര്‍വതി | ഫോട്ടോ: സിദ്ദീക്കുല്‍ അക്ബര്‍

ആ പെണ്‍കുട്ടിയുടെ പേര് പാര്‍വതി എന്നായിരുന്നു. കുട്ടിക്കാലത്തൊരിക്കല്‍ പാര്‍വതിയുടെ അച്ഛന്റെ സുഹൃത്തും നാടകകുലപതിയുമായ തോപ്പില്‍ ഭാസി അവരുടെ വീട്ടിലെത്തി. ഇവളെ നമുക്ക് മാല എന്നുവിളിച്ചാലോ എന്നായി അദ്ദേഹം. തോപ്പില്‍ ഭാസിയുടെ മകളുടെ പേരും അദ്ദേഹത്തിന്റെ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരും 'മാല' എന്നായിരുന്നു. അന്നുതൊട്ട് പാര്‍വതി വീട്ടുകാര്‍ക്ക് 'മാല'യായി. വര്‍ഷങ്ങള്‍ക്കിപ്പുറം പാര്‍വതി സിനിമയിലെത്തി. പേരിനൊപ്പം മാല എന്ന് ചേര്‍ത്താല്‍ നന്നായിരിക്കുമെന്ന് ആരോ പറഞ്ഞു. അതോടെ പാര്‍വതി, മാലാ പാര്‍വതിയായി. 
അമ്മൂമ്മ ഭാനുമതിയും അമ്മ ലളിതയുമടക്കം ഉശിരുള്ള സ്ത്രീകളെക്കണ്ടാണ് മാലാ പാര്‍വതി വളര്‍ന്നത്. ആ ഉശിര് അവരെ പഠനകാലത്ത് മികച്ച സംഘാടകയാക്കി. അഭിനയമോഹമൊന്നുമില്ലാതെ സിനിമയിലേക്കെത്തി. മികച്ച കഥാപാത്രങ്ങളിലൂടെ അവര്‍ മലയാളത്തിലെ ശ്രദ്ധേയ അഭിനേത്രിയായി. തമിഴിലും തെലുഗുവിലും ഹിന്ദിയിലുമെല്ലാം മികച്ച കഥാപാത്രങ്ങള്‍ ചെയ്തു. കടന്നുപോയ ജീവിതത്തെപ്പറ്റി മാലാ പാര്‍വതി സംസാരിക്കുന്നു. 

'മുറ' എന്ന സിനിമയിലെ വില്ലത്തി ഏറെ ശ്രദ്ധനേടിയല്ലോ...
എന്നില്‍നിന്ന് ഇങ്ങനെയൊരു കഥാപാത്രം പ്രതീക്ഷിച്ചില്ല എന്നാണ് പലരും പറയുന്നത്.  സന്തോഷമുണ്ടാക്കുന്ന പ്രതികരണങ്ങളാണ് ലഭിച്ചത്. രമ എന്ന ആ കഥാപാത്രത്തിനായി ഏറെക്കാലത്തെ മുന്നൊരുക്കമുണ്ടായിരുന്നു. ആദ്യമേ മുഴുവന്‍ തിരക്കഥയും തന്നിരുന്നു. ഭാരംകുറച്ചു.  ജിമ്മിലൊക്കെ പോയി ബോഡി ഫിറ്റാക്കി. ആ മുന്നൊരുക്കങ്ങളെല്ലാം ഗുണംചെയ്തു. 

അഭിനയത്തോട് ചെറുപ്പത്തിലേ അഭിനിവേശം തോന്നിയിരുന്നോ ? 
കുടുംബത്തില്‍ അങ്ങനെ സിനിമാ പാരമ്പര്യമുള്ള ആരും ഇല്ല. അമ്മ ഡോ. കെ. ലളിത തിരുവനന്തപുരത്ത് ഗൈനക്കോളജിസ്റ്റും അച്ഛന്‍ ത്രിവിക്രമന്‍ ഖാദി ബോര്‍ഡില്‍ ഡെപ്യൂട്ടി സെക്രട്ടറിയും ആയിരുന്നു. കരുനാഗപ്പള്ളിക്കടുത്ത് തഴവ എന്ന കാര്‍ഷിക ഗ്രാമത്തിലാണ് അച്ഛന്‍ ജനിച്ചത്. അച്ഛന്റെ അച്ഛന്‍ കോട്ടുക്കോയിക്കല്‍ വേലായുധന്‍ ശ്രീനാരായണഗുരുവിന്റെ ശിഷ്യനായിരുന്നു. ഗുരുവിന്റെ ജീവചരിത്രം എഴുതിയ അദ്ദേഹം സ്വാതന്ത്ര്യസമരസേനാനിയും ആലുവ സര്‍വ്വമത സമ്മേളനത്തിന് പങ്കെടുത്ത ആളുമാണ്. 
അമ്മ കോളേജ് പഠനകാലത്ത് നാടകത്തില്‍ മികച്ചനടിയായിട്ടുണ്ട്. എന്നാല്‍, കുട്ടിക്കാലത്ത് എനിക്കങ്ങനെ പ്രത്യേക കലാതാത്പര്യമൊന്നും ഉണ്ടായിരുന്നില്ല. നഴ്‌സറിക്ലാസില്‍ പഠിക്കുമ്പോള്‍ ഒരുനാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്. അന്ന് മാര്‍ ഗ്രിഗോറിയോസ് തിരുമേനി മടിയിലിരുത്തി ഇവള്‍ ഭാവിയില്‍ അഭിനേത്രിയാകുമെന്ന് പറഞ്ഞിട്ടുണ്ടെന്ന് അമ്മ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു.

സര്‍വോദയ സ്‌കൂള്‍, കാര്‍മെല്‍ കോണ്‍വെന്റ്, ഓള്‍ സെയ്ന്റ്‌സ്, തിരുവനന്തപുരം വിമെന്‍സ് കോളേജ് എന്നിവിടങ്ങളിലൊക്കെയായിരുന്നു എന്റെ വിദ്യാഭ്യാസം. കോളേജ് കാലത്ത ഞാന്‍ മികച്ചൊരു സംഘാടകയായിരുന്നു. കോളേജ് വൈസ് ചെയര്‍പേഴ്‌സണ്‍, ചെയര്‍പേഴ്‌സണ്‍ ഒക്കെയായി. അമ്മ നല്ല വായനക്കാരിയായിരുന്നു. അതിനാല്‍ വീട്ടില്‍ ഒരുപാട് പുസ്തകങ്ങളുണ്ടായിരുന്നു. ഞാനും ചെറുപ്പംമുതലേ പുസ്തകങ്ങളോട് കൂട്ടുകൂടി. പ്രൈമറി സ്‌കൂള്‍ കാലത്തുതന്നെ മാര്‍ത്താണ്ഡവര്‍മയിലെ വരികളൊക്കെ മനപ്പാഠമായിരുന്നു. അതുപോലെ വല്യച്ഛന്‍ (അച്ഛന്റെ അച്ഛന്‍) ഒരുപാട് കഥകള്‍ പറഞ്ഞുതരുമായിരുന്നു. കഥകള്‍ക്കും പുസ്തകങ്ങള്‍ക്കുമിടയിലാണ് വളര്‍ന്നത്.

അഭിനയത്തിലേക്ക് എത്തുന്നത് എപ്പോഴാണ്? 
ഓള്‍ സെയ്ന്റ്‌സ് കോളേജില്‍ പഠിക്കുന്ന സമയത്ത് എഴുത്തുകാരിയും അധ്യാപികയുമായ ചന്ദ്രമതി ടീച്ചറാണ് എന്നെ നിര്‍ബന്ധിച്ച് കോളേജ് നാടകത്തില്‍ അഭിനയിപ്പിച്ചത്. നാടകമത്സരത്തില്‍ ഞാന്‍ മികച്ച നടിയായി. വിവാഹശേഷം ടെലിവിഷന്‍ അവതാരകയായി. ഏഷ്യാനെറ്റില്‍ 'ഉള്‍ക്കാഴ്ച' എന്ന പരിപാടിയാണ് ആദ്യം അവതരിപ്പിച്ചത്. അതിനുശേഷം മോര്‍ണിങ് ഷോയില്‍ തത്സമയ പരിപാടികള്‍ അവതരിപ്പിച്ചു. പിന്നെ കൈരളിയിലും സൂര്യാ ടി.വി.യിലും ഷോകള്‍ ചെയ്തു. 

സൂര്യ ടി.വി.ക്കുവേണ്ടി സുരേഷ് ഗോപിയുടെ അഭിമുഖം എടുക്കുമ്പോഴാണ് അപ്രതീക്ഷിതമായി സിനിമയിലേക്ക് അവസരം വന്നത്. 'ടൈം' എന്ന സിനിമ.  കലാരഞ്ജിനി ചേച്ചി ചെയ്യേണ്ട വേഷമായിരുന്നു. ചേച്ചിക്ക് ആറ്റുകാല്‍ പൊങ്കാല ഇടേണ്ടതിനാല്‍ ആ ദിവസം ഷൂട്ടിന് എത്താന്‍ പറ്റാതെയായി. കൂടെ അഭിനയിക്കുന്ന സിദ്ദിഖിന് പിറ്റേന്ന് ദുബായില്‍ പോകണം. അങ്ങനെയാണ് എന്നെ വിളിച്ചത്. പത്മപ്രിയയുടെ അമ്മവേഷം. അതിനു മുന്‍പ് 'സര്‍വേക്കല്ല്' , 'മെയ്മാസ പുലരി' എന്നീ സിനിമകളില്‍ തലകാണിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷം തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ സൈക്കോളജിസ്റ്റായി ജോലിചെയ്തിരുന്നു. അതിനുശേഷമാണ് സിനിമയില്‍ സജീവമായത്.  

നാടകമാണോ അഭിനയത്തില്‍ ആത്മവിശ്വാസം നല്‍കിയത്? 
'ടൈമി'ലെ എന്റെ അഭിനയം അത്ര നന്നായില്ല എന്ന് സ്വയംതോന്നി. ആ സമയത്താണ് ലാല്‍ജോസ് 'നീലത്താമര'യിലേക്ക് വിളിച്ചത്. ആദ്യം ഞാന്‍ മടിച്ചു. എം.ടി. സാറിന്റെ രചനയാണെന്നും അദ്ദേഹത്തെ പരിചയപ്പെടാമെന്നും പറഞ്ഞപ്പോള്‍ സമ്മതിക്കാതിരിക്കാനായില്ല. 'നീലത്താമര'യ്ക്കുശേഷമാണ് എം.ജി. ജ്യോതിഷിന്റെ നാടകസംഘത്തില്‍ എത്തുന്നത്. ഞങ്ങളുടെ 'സാഗരകന്യക' എന്ന നാടകം ഇബ്‌സണ്‍ ഇന്റര്‍നാഷണല്‍ ഡ്രാമ ഫെസ്റ്റിവലിലേക്കും ഓസ്‌ട്രേലിയയില്‍ നടന്ന ലോക നാടകോത്സവത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ലോകംചുറ്റിയ ആ നാടകയാത്രയാണ് എന്നിലെ അഭിനേത്രിയെ തേച്ചുമിനുക്കിയതെന്ന് പറയാം. 

2015 ല്‍ നാടകസംഘത്തില്‍ നിന്ന് മാറി. അപ്പോഴാണ് രഞ്ജിത് സംവിധാനംചെയ്ത 'ലീല' എന്ന സിനിമയിലേക്ക് വിളിവന്നത്. അതിനുശേഷം ബേസില്‍ ജോസഫ് സംവിധാനംചെയ്ത 'ഗോദ'യില്‍ ടൊവിനോയുടെ അമ്മയായി ശ്രദ്ധിക്കപ്പെട്ടു. അതൊരു വഴിത്തിരിവായി. പിന്നീട് ഒരുപാട് സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ തേടിയെത്തി. തെലുഗിലും തമിഴിലുമെല്ലാം അഭിനയിച്ചു. 

എം.ടി.യെക്കുറിച്ചുള്ള ഓര്‍മ്മകള്‍? 
'നീലത്താമര' കണ്ടിട്ട് എം.ടി. സാര്‍ എന്നോട് പറഞ്ഞു: ''എനിക്ക് കുഞ്ഞിമാളുവിന്റെ ദുഃഖവും സങ്കടവുമൊക്കെ അറിയാമായിരുന്നു. എന്നാല്‍ ആ കഥാപാത്രത്തിന്റെ സ്‌തോഭം എനിക്ക് കാട്ടിത്തന്നത് വലിയ കുഞ്ഞിമാളുവാണ്, പാര്‍വതിയാണ്''എന്ന്. ജീവിതത്തിലെ ഏറ്റവും വലിയ അവാര്‍ഡ് ആ വാക്കുകളാണ്. പിന്നീട് തിരുവനന്തപുരത്ത് 'ഹേ' ഫെസ്റ്റിവലിലേക്ക് ഞാനാണ് അദ്ദേഹത്തെ ക്ഷണിച്ചത്. പരിപാടിയില്‍ പ്രസംഗിക്കുമ്പോള്‍ പാര്‍വതി വിളിച്ചതുകൊണ്ടാണ് ഞാന്‍ വന്നതെന്ന് അദ്ദേഹം പറയുകയും ചെയ്തു. 
ഒ.എന്‍.വി സാറിന് ജ്ഞാനപീഠം ലഭിച്ചപ്പോള്‍ തിരുവനന്തപുരത്ത് നടത്തിയ അനുമോദന സമ്മേളനത്തില്‍ ജയപ്രഭ എന്ന തെലുഗുകവി വന്നിരുന്നു. അവര്‍ക്ക് പത്മനാഭസ്വാമിക്ഷേത്രത്തില്‍ പോകണമെന്ന് പറഞ്ഞു. ആ ചുമതല എനിക്കായിരുന്നു. ഹോട്ടലില്‍ കാണാന്‍ ചെന്നപ്പോള്‍ ജയപ്രഭ എം.ടി. സാറിനോട് സംസാരിക്കുകയായിരുന്നു. എന്നെ കണ്ട ഉടന്‍  ''പാര്‍വതി അല്ലേ, അകത്ത് വരൂ'' എന്ന് എം.ടി സാര്‍ പറഞ്ഞു. ഞങ്ങള്‍ ഒന്നിച്ചിരുന്ന് വര്‍ത്തമാനം പറഞ്ഞു. പിറ്റേന്ന് രാവിലെ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് അവര്‍ക്കൊപ്പം കസവുമുണ്ടും ദേഹത്ത് ഒരു ഷാളുമൊക്കെ ഇട്ട് എം.ടി. സാറും വന്നു. എന്റെ കൈയില്‍ പിടിച്ച് അദ്ദേഹം ക്ഷേത്രത്തില്‍നിന്ന് തിരിച്ചിറങ്ങുകയാണ്. അപ്പോള്‍ നടി ശാരദച്ചേച്ചി ക്ഷേത്രത്തിലേക്ക് പ്രവേശിക്കുകയാണ്. സാറിനെ കണ്ടതും അവര്‍ കാല് തൊട്ടുതൊഴുതു. ''ഇത് പാര്‍വതി, വലിയ നടിയാണ് കേട്ടോ...''അദ്ദേഹം എന്നെ ശാരദച്ചേച്ചിക്ക് പരിചയപ്പെടുത്തി.  ഞാന്‍ അന്തംവിട്ടുപോയി. എന്നില്‍ ഒരു നല്ല നടിയുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു എന്നത് ജീവിതത്തില്‍ കിട്ടിയ വലിയ സന്തോഷമായിരുന്നു.

സ്വാധീനിച്ച സ്ത്രീകള്‍? 

പ്രൊഫഷണലിസത്തിന്റെ കാര്യത്തില്‍ അമ്മതന്നെയാണ് റോള്‍ മോഡല്‍. കാര്യമായ കാരണങ്ങളില്ലാതെ അമ്മ ഒരിക്കലും അവധിയെടുത്തിരുന്നില്ല. അച്ഛന്റെ സഹോദരിമാരും എഴുത്തുകാരി അഷിതയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തി. ഞാന്‍ അമ്മയെന്നായിരുന്നു അഷിതയെ വിളിച്ചിരുന്നത്. അവരുടെ എഴുത്തുകള്‍ പണ്ടുമുതലേ എന്നെ സ്വാധീനിച്ചിരുന്നു. ഏഷ്യാനെറ്റിനുവേണ്ടി അഭിമുഖം ചെയ്തതോടെയാണ് പരിചയം തുടങ്ങുന്നത്. പിന്നീട് അവരുടെ മകള്‍ ഉമയുടെ വിവാഹത്തിന് എന്നെ ക്ഷണിച്ചു. പിന്നെ കൂടിക്കാഴ്ചകള്‍ പതിവായി. അമ്മയുടെ സന്തതസഹചാരിയായി ഞാന്‍ മാറി. എല്ലാ ദിവസവും രാത്രി ഒമ്പത് മണി അമ്മയ്ക്ക് വേണ്ടിയുള്ളതായിരുന്നു. ദീര്‍ഘനേരം നീളുന്ന സംസാരം. മൂന്നുതവണയാണ് അമ്മയ്ക്ക് ക്യാന്‍സര്‍ ബാധിച്ചത്.

മൂന്നുവട്ടവും പോരാടി. ഇടയ്ക്ക് എഴുത്ത് നിര്‍ത്തിയിരുന്നു. പിന്നീട് എനിക്ക് കത്തുകള്‍ എഴുതിക്കൊണ്ടാണ് വീണ്ടും എഴുത്ത് ആരംഭിച്ചത്. മരിക്കുന്നതിന് ദിവസങ്ങള്‍ക്കുമുന്‍പ് അമ്മ എന്നോട് ഇങ്ങനെ പറഞ്ഞു: ''ഞാന്‍ പോകുകയാണ്. ഇനി എന്നെ പിടിച്ചുനിര്‍ത്താന്‍ നോക്കരുത്. മരിക്കുന്നതിനുമുന്‍പേ ആശുപത്രിയില്‍ വന്ന് വിഷ്ണു സഹസ്രനാമവും ലളിതാ സഹസ്രനാമവും വായിച്ചുതരണം.'' ഞാനങ്ങനെ ചെയ്തു. അമ്മയുടെ പാദംതൊട്ട് നമസ്‌കരിച്ച ശേഷം 'പൊറിഞ്ചുമറിയം ജോസ്' എന്ന സിനിമയുടെ ഷൂട്ടിന് പോയി. അന്ന് രാത്രിയായപ്പോള്‍ ഉമ വിളിച്ചു: '' അമ്മ പോയി...'' 

പിറ്റേന്ന് ഞാന്‍ വീട്ടിലേക്കുചെന്നു. പാര്‍വതിച്ചേച്ചിയോട് പറഞ്ഞേല്പിച്ചപോലെ കാര്യങ്ങള്‍ ചെയ്യണമെന്ന് മരിക്കുന്നതിനുമുന്‍പേ അമ്മ പറഞ്ഞെന്ന് ഉമ പറഞ്ഞു. അലമാരയിലുള്ള മഞ്ഞയും ചുവപ്പും സാരി ഉടുപ്പിച്ച് പൊട്ടൊക്കെ തൊട്ട് ഞാന്‍ അമ്മയെ യാത്രയാക്കി. റോസ്‌മേരി ഒരിക്കല്‍ പറഞ്ഞതാണ് യാഥാര്‍ഥ്യം. ഒരു ഗ്രാമത്തിലെ ഏതോ ക്ഷേത്രത്തിന്റെ മുന്‍പില്‍ തെളിഞ്ഞുനില്‍ക്കുന്ന ദീപംപോലെയാണ് അഷിത. ഒരുകാറ്റത്തണയുമെന്ന് തോന്നാം. പക്ഷേ, ഒരുദേശത്തിന് മുഴുവന്‍ വെളിച്ചമായി കാറ്റത്തുലയാതെ ശാന്തമായി തെളിഞ്ഞ് കത്തിക്കൊണ്ടിരിക്കും.

അമ്മൂമ്മ ഭാനുമതി കുമാരനാശാന്റെ ഭാര്യയായിരുന്നു. അവരെപ്പറ്റിയുള്ള ഓര്‍മ്മകള്‍...
ഞാന്‍ കണ്ടതില്‍ ഏറ്റവും ശക്തയായ സ്ത്രീയായിരുന്നു അമ്മൂമ്മ. അവര്‍ മരിക്കുമ്പോള്‍ എനിക്ക് ആറുവയസ്സോ മറ്റോ ആണ്. അന്ന് ആലുവയിലെ വീട്ടില്‍ അമ്മൂമ്മയ്ക്ക് ട്രീ ഹൗസൊക്കെയുണ്ടായിരുന്നു. ആ വീട്ടില്‍ ഇല്ലാത്ത ചെടികളില്ല. എഴുപതുകളില്‍ പനീര്‍വിഭവങ്ങളൊക്കെ അമ്മൂമ്മ ഉണ്ടാക്കിത്തന്നിട്ടുണ്ട്. കൊച്ചുപെണ്ണേ എന്നാണ് എന്നെ വിളിച്ചിരുന്നത്. രാവിലേ നാലുമണിക്ക് എഴുന്നേല്‍ക്കണം, അപ്പോള്‍ കിളികള്‍ വര്‍ത്തമാനം പറയുന്നത് കേള്‍ക്കാം എന്നുപറയും. അമ്മൂമ്മയുടെ കണ്ണില്‍ ആരും ധൈര്യത്തോടെ നോക്കില്ല, പേടിച്ച് മൂത്രമൊഴിച്ചുപോകും എന്ന് എല്ലാവരും പറയും. 

എന്നോട് വലിയ വാത്സല്യമായിരുന്നു. കുമാരനാശാന്റെ ഭാര്യയായിരുന്നു അമ്മൂമ്മ. ബോട്ടപകടത്തില്‍ ആശാന്‍ മരിച്ചപ്പോള്‍ ചെറുപ്രായത്തില്‍തന്നെ വിധവയാകേണ്ടിവന്നു. അന്ന് വലിയ സാമ്പത്തികബാധ്യതയൊക്കെയുണ്ടായിരുന്നു. അമ്മൂമ്മയുടെ ബുദ്ധിവൈഭവത്തിലാണ് ആശാന്റെ കൃതികള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താനും പുനഃ പ്രസിദ്ധീകരിക്കാനുമൊക്കെ സാധിച്ചത്. 
ആലുവയില്‍ ആശാന്‍ തുടങ്ങിയ ഓട്ടുകമ്പനിയെ മികച്ച സ്ഥാപനമാക്കി അമ്മൂമ്മ വളര്‍ത്തി. അതുപോലെ തോന്നയ്ക്കലില്‍ ഒരുപാട് സ്ഥലം വാങ്ങുകയും ആലുവയില്‍ ആശാന്‍ കോളനി ഉണ്ടാക്കുകയുമൊക്കെ ചെയ്തു. ശക്തയായ ഒരുബിസിനസ് വുമണ്‍ ആയിരുന്നു അമ്മൂമ്മ. ആശാന്‍ മരിച്ച് 19 വര്‍ഷങ്ങള്‍ക്കുശേഷം ആശാന്റെ ജീവചരിത്രമെഴുതിയ സി.ഒ. കേശവനെ അമ്മൂമ്മ വിവാഹം കഴിച്ചു. ആ ബന്ധത്തിലുണ്ടായ നാലുമക്കളില്‍ മൂത്തവളാണ് എന്റെ അമ്മ. പലരും ചോദിക്കാറുണ്ട് ആശാന്റെ കൊച്ചുമോളാണോ എന്ന്? അല്ല, ഞാന്‍ സി.ഒ. കേശവന്റെ കൊച്ചുമോളാണ്. 

സിനിമ സ്ത്രീ സൗഹൃദ തൊഴിലിടമാണോ? 
സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ സിനിമയില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവം, ഡബ്ല്യു.സി.സി. യുടെ രൂപവത്കരണം, ഹേമ കമ്മിറ്റി അങ്ങനെ പല കാരണങ്ങള്‍ ആ മാറ്റത്തിന് സ്വാധീനിച്ചിട്ടുണ്ട്. സ്ത്രീകളോട് മര്യാദയോടെ പെരുമാറണമെന്നും ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നുമുള്ള ബോധ്യം ഓരോ ലൊക്കേഷനിലും ഉണ്ടാവുന്നുണ്ട്. അതിനാല്‍ സിനിമയിലെത്തുന്ന പുതിയ പെണ്‍കുട്ടികള്‍ക്ക് മോശം അനുഭവങ്ങളൊന്നും ഒരുപരിധിവരെ നേരിടേണ്ടി വരുന്നില്ല. ഓരോ സെറ്റിലും പോകുമ്പോള്‍ പുതിയ കുട്ടികളോട് ഞാന്‍ ഇത്തരം വിഷയങ്ങളെക്കുറിച്ച് സംസാരിക്കാറുണ്ട്. ഇനിയും ഏറെ മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. 

സിനിമയിലെ സാങ്കേതിക മേഖലയില്‍ സ്ത്രീ സാന്നിധ്യം വര്‍ധിക്കുന്നുണ്ടോ? 
സിനിമയിലെ സാങ്കേതിക മേഖലയില്‍ സ്ത്രീകള്‍ ഇപ്പോഴും ന്യൂനപക്ഷമാണ്. വേണ്ട അളവില്‍ സ്ത്രീ പ്രാതിനിധ്യമില്ല. ഉള്ളവര്‍ക്ക് നിലനില്‍ക്കാനുള്ള സാഹചര്യവും കുറവാണ്. അസോസിയേറ്റായും അസിസ്റ്റന്റായും വരുന്ന പെണ്‍കുട്ടികളെ ഒന്നോ രണ്ടോ സിനിമ കഴിഞ്ഞാല്‍ പിന്നെ കാണുന്നില്ല. അവര്‍ക്ക് ചാന്‍സ് കിട്ടുന്നില്ല എന്നതാണ് അതിനര്‍ഥം.

സംവിധാനം, എഡിറ്റിങ്, ക്യാമറ, സൗണ്ട് എന്‍ജിനീയറിങ്, ആര്‍ട്ട്... ഈ മേഖലകളിലെല്ലാം വിരലിലെണ്ണാവുന്ന സ്ത്രീകളാണ്  ഇപ്പോഴുമുള്ളത്. ഹേമാകമ്മിറ്റി വിഷയങ്ങളൊക്കെ വന്നതിനുശേഷം പെണ്‍കുട്ടികളെ വിളിക്കേണ്ട, അത് മെനക്കേടാണ് എന്നൊരു ചിന്താഗതി പല നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കുമുണ്ട്. സര്‍ക്കാര്‍ ഇടപെടുന്നുണ്ട്. പക്ഷേ,  പ്രതീക്ഷിച്ച റിസല്‍റ്റ് ഉണ്ടാകുന്നില്ല. മുംബൈയിലും മറ്റും പരസ്യമേഖലയിലൊക്കെ ഭൂരിഭാഗവും പെണ്‍കുട്ടികളാണ് പ്രൊഡക്ഷന്‍ വിഭാഗത്തെ നയിക്കുന്നത്. അത്തരം മാറ്റം കേരളത്തില്‍ ഉണ്ടാകുന്നില്ല.

അന്യഭാഷാ സിനിമകളില്‍ ഭാഷാപ്രശ്‌നം നേരിടാറില്ലേ? 
ആദ്യമായി തെലുഗുവില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ ബുദ്ധിമുട്ടി. നാനി നായകനായ 'ടക് ജഗദീഷ്' എന്ന സിനിമ. പഴനിയിലായിരുന്നു ഷൂട്ടിങ്.  തെലുഗു ഞാന്‍ കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. നേരത്തേതന്നെ അഭിനയിക്കേണ്ട സീന്‍ എന്താണെന്ന് അറിയുകയും സംഭാഷണം പഠിക്കുകയുമാണ് എന്റെ രീതി. ഒരുദിവസം മുന്‍പേ സീന്‍ തരണമെന്ന് അവരോട് പറഞ്ഞിരുന്നു. എന്നാല്‍ ഷൂട്ടിന്റെ തലേന്നാള്‍ രാത്രിയായിട്ടും ഒന്നും കിട്ടിയില്ല. തുടര്‍ച്ചയായി മെസേജ് ചെയ്തപ്പോള്‍ ടംഗ്ലീഷ് (തെലുഗുസംഭാഷണം ഇംഗ്ലീഷില്‍ എഴുതി) അവര്‍ അയച്ചുതന്നു. അത് വായിച്ചിട്ട് ഒന്നും മനസ്സിലായില്ല. വോയ്‌സ് നോട്ട് അയക്കാന്‍ നിര്‍ദേശിച്ചു. രാത്രി 12 മണിക്കാണ് വോയ്‌സ്‌നോട്ട് കിട്ടിയത്.  നീളന്‍ തെലുഗുസംഭാഷണങ്ങള്‍. ഞാന്‍ അന്തംവിട്ടു. പുലര്‍ച്ചെ വരെ ഇരുന്നാണ് ഒരുവിധം പഠിച്ചെടുത്തത്.

നാനി, ജഗപതിബാബു, രോഹിണി, ദേവദര്‍ശിനി തുടങ്ങി പ്രധാന അഭിനേതാക്കളെല്ലാം സെറ്റിലുണ്ട്. അസോസിയേറ്റ് ഡയറക്ടര്‍മാരിലൊരാള്‍ വന്നിട്ട് പറഞ്ഞു ''മാല പാര്‍വതി ഗാരു, ദ ഡയലോഗ് ഐ ഗേവ് യെസ്റ്റര്‍ഡേ വാസ് റോങ്. നൗ ഐ വില്‍ ഗിവ് യു ദ കറക്റ്റ് വണ്‍'' എന്ന്. അത് കേട്ടതും സീതാദേവിയെപ്പോലെ ഭൂമി പിളര്‍ന്ന് താഴേക്ക് പോകുംപോലെ തോന്നി. ഇങ്ങനെയാണെങ്കില്‍ അഭിനയിക്കാന്‍ പറ്റില്ല. ഞാന്‍ തിരിച്ചുപോകുകയാണെന്ന് പറഞ്ഞു. എന്താണ് സംഭവമെന്ന് നാനി  ചോദിച്ചു. കാര്യം പറഞ്ഞപ്പോള്‍ ഡയലോഗ് പഠിക്കാന്‍ എത്ര സമയം വേണമെന്ന് എന്നോട് ചോദിച്ചു. ഒരുമണിക്കൂര്‍ എന്ന് പറഞ്ഞപ്പോള്‍ മൂന്ന് മണിക്കൂര്‍ തരാം, പഠിച്ചിട്ട് വരൂ എന്നായി. 
തമിഴില്‍ ഭാഷ പ്രശ്‌നമായി തോന്നിയിട്ടില്ല. മാര്‍ച്ചില്‍ റിലീസിനെത്തുന്ന വിക്രം നായകനായ 'വീര ധീര ശൂരന്‍' ആണ് എന്റെ പുതിയ തമിഴ് ചിത്രം. സുരാജ് വെഞ്ഞാറമൂടും അതില്‍ പ്രധാന റോളിലുണ്ട്. 

കുടുംബം...?
എന്റേത് പ്രണയവിവാഹമായിരുന്നു. ഞാനും സതീശനും എസ്.എഫ്.ഐ. പ്രവര്‍ത്തകരായിരുന്നു. സതീശന്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറിയും ഞാന്‍ വിമന്‍സ് കോളജിലെ ചെയര്‍പേഴ്‌സണും. ഏറെ കോളിളക്കം സൃഷ്ടിച്ച വിവാഹമായിരുന്നു ഞങ്ങളുടെത്. സതീശന്‍ സി.ഡിറ്റില്‍ നിന്ന് വിരമിച്ച ശേഷം വയലാര്‍ രാമവര്‍മ്മ ട്രസ്റ്റിന്റെ  സെക്രട്ടറിയാണ്. മകന്‍ അനന്തകൃഷ്ണന്‍.
 

Content Highlights: malayalam actress maala parvathy interview