വിക്കി ആദ്യത്തെ സുഹൃത്തെന്ന് മാളവിക മോഹനൻ, മുംബൈയിൽ അയൽക്കാരിയായിരുന്നു

വിക്കി കൗശൽ, മാളവിക മോഹനൻ | ANI
വിക്കി കൗശൽ, മാളവിക മോഹനൻ | ANI

സിനിമാട്ടോഗ്രാഫർ കെ.യു മോഹനന്റെ മകളായ നടി മാളവിക മോഹനനും ആക്ഷൻ ഡയറക്ടർ ഷാം കൗശലിന്റെ മകനായ നടൻ വിക്കി കൗശലും കുട്ടിക്കാലം തൊട്ട് സുഹൃത്തുക്കളായിരുന്നു. മുംബൈയിൽ കുടുംബങ്ങൾ അയൽക്കാരായിരുന്നപ്പോഴാണ് സൗഹൃദം തുടങ്ങുന്നത്. രൺവീർ അല്ലാബാദിയയുടെ പോഡ്‌കാസ്റ്റിൽ അതിനെപ്പറ്റി തുറന്നുപറയുകയാണ് മാളവികയിപ്പോൾ.

വിക്കി ഇത്ര വലിയ താരമാകുമെന്ന് സങ്കൽപിച്ചിരുന്നോയെന്ന് ചോദിച്ചപ്പോൾ 'കുട്ടിക്കാലത്ത് ആരും അങ്ങനെ ചിന്തിക്കില്ല' എന്നായിരുന്നു മാളവികയുടെ പ്രതികരണം. അദ്ദേഹം ഡാൻസ് ചെയ്യുമായിരുന്നോ എന്ന ചോദ്യത്തിന്, അദ്ദേഹം എന്നും നല്ലൊരു ഡാൻസറായിരുന്നു എന്ന് മാളവിക പറഞ്ഞു. കുട്ടിക്കാലത്ത് ജന്മദിന പാർട്ടികളിൽ ഓരോരുത്തർക്കും കഴിവുള്ള കാര്യങ്ങൾ അവതരിപ്പിക്കുമായിരുന്നു. അദ്ദേഹത്തിന് അത് എപ്പോഴും നൃത്തമായിരുന്നു. ആകർഷകമായി നൃത്തം ചെയ്യുമായിരുന്നു അദ്ദേഹം- മാളവിക പറഞ്ഞു.

വിക്കിയുമായുള്ള സൗഹൃദത്തെപ്പറ്റിയും മാളവിക വിശദീകരിച്ചു. "ഞങ്ങൾ വളരുമ്പോൾ അയൽക്കാരായിരുന്നു. അദ്ദേഹം എന്റെ ഏറ്റവും പഴയ സുഹൃത്തും ആദ്യത്തെ സുഹൃത്തുമാണ്. എനിക്ക് ഒരു വയസ്സും അദ്ദേഹത്തിന് ആറോ ഏഴോ വയസ്സുമാണ്. അന്നുതൊട്ടേ എനിക്കദ്ദേഹത്തെ അറിയാം. ഞങ്ങൾ ഇടക്കിടെ കാണുകയും ഭക്ഷണം കഴിക്കുകയും ചെയ്യും. എന്റെ അമ്മ നന്നായി കേരളീയ ഭക്ഷണമുണ്ടാക്കും. അതിനാൽ ഞങ്ങൾ ഭക്ഷണത്തിന്റെയും സംസാരത്തിന്റെയും ഇടയിൽ കണ്ടുമുട്ടും." കരിയറിനെക്കുറിച്ച് പരസ്പരം ചർച്ച ചെയ്യാറില്ലെന്നും മാളവിക പറഞ്ഞു.

2024-ലിറങ്ങിയ 'ബാഡ് ന്യൂസ്', 2025-ലിറങ്ങിയ 'ഛാവ' എന്നിവയായിരുന്നു വിക്കിയുടെ അവസാനമിറങ്ങിയ ചിത്രങ്ങൾ. 'ഛാവ' ഇന്ത്യയിൽ 601.54 കോടി രൂപയും ലോകമെമ്പാടും 807.91 കോടി രൂപയും നേടി, 2025-ലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രങ്ങളിൽ ഒന്നായി. ഇപ്പോൾ സഞ്ജയ് ലീലാ ബൻസാലിയുടെ 'ലവ് & വാർ' എന്ന ചിത്രത്തിൽ രൺബീർ കപൂറിനും ആലിയ ഭട്ടിനുമൊപ്പം അഭിനയിക്കുകയാണ് വിക്കി.

'തങ്കലാൻ', 'യുധ്ര,' 'ഹൃദയപൂർവ്വം' എന്നീ ചിത്രങ്ങളിലഭിനയിച്ച മാളവിക, പ്രഭാസ് നായകനായ 'ദി രാജാ സാബ്' എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം നടത്തി. ജനുവരി 9-ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണുള്ളത്. 'സർദാർ 2' എന്ന ചിത്രത്തിൽ കാർത്തിയുടെ കൂടെയായിരിക്കും അടുത്തതായി അഭിനയിക്കുക.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Malavika Mohanan reminisces about her childhood friendship with Vicky Kaushal, revealing his `captivating dancer` talent from a young age. Discover their neighborly bond and fond memories.