ചിത്രീകരണസമയത്ത് ഗർഭിണിയായിരുന്നോ? അക്കാര്യത്തിൽ വിശദീകരണവുമായി മാധുരി ദീക്ഷിത്‌

മാധുരി ദീക്ഷിത് | IMDb
മാധുരി ദീക്ഷിത് | IMDb

2002-ൽ പുറത്തിറങ്ങിയ 'ദേവ്ദാസ്' ഇന്ത്യൻസിനിമയിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ്. ഭരത് ഷാ നിർമിച്ച സിനിമ സംവിധാനം ചെയ്തത് സഞ്ജയ് ലീല ബൻസാലിയാണ്. പ്രധാനവേഷങ്ങളിലെത്തിയത് ഐശ്വര്യ റായ്, മാധുരി ദീക്ഷിത്, ഷാരൂഖ് ഖാൻ എന്നിവരും. ആ വർഷത്തെ കാൻ ഫെസ്റ്റിവലിലും ചിത്രം മത്സരിച്ചിരുന്നു.

50 കോടി രൂപയ്ക്കാണ് ചിത്രം നിർമിച്ചത്. ആ സമയത്തെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നുമായി 'ദേവ്ദാസ്'. 170 കോടി രൂപയാണ് ബോക്‌സോഫീസിൽനിന്ന് കളക്ട് ചെയ്തത്. ആ വർഷം 11 ഫിലിംഫെയർ പുരസ്‌കാരങ്ങളും ചിത്രം കരസ്ഥമാക്കി.

സിൽസിലാ യേ ചാഹത്, ബേരി പിയാ, മാർ ഡാലാ, ഛലക് ഛലക്, മോരെ പിയാ, ഡോലാ രെ...തുടങ്ങിയ മനോഹരമായ പാട്ടുകളും ചിത്രത്തെ കൂടുതൽ ജനപ്രിയമാക്കി. കൂട്ടത്തിലേറ്റവും ചർച്ച ചെയ്യപ്പെട്ടത് 'ഡോലാ രെ' എന്ന പാട്ടാണ്. ഐശ്വര്യയും മാധുരിയും ഒരുമിച്ചുള്ള നൃത്തമായിരുന്നു അതിന്റെ ഹൈലൈറ്റ്. ആഡംബരപൂർണമായ ഒരു സെറ്റിൽവെച്ചായിരുന്നു ഈ പാട്ടിന്റെ ഷൂട്ടിങ്. ആ സെറ്റിനു മാത്രം ചെലവായത് 25 കോടി രൂപയാണ്.

കൊറിയോഗ്രഫി ചെയ്തത് ബോളിവുഡിലെ പ്രശസ്തയായിരുന്ന സരോജ് ഖാനാണ്. ആ പാട്ടുസീൻ ചിത്രീകരിക്കുമ്പോൾ മാധുരി ദീക്ഷിത്ത് നാലുമാസം ഗർഭിണിയായിരുന്നുവെന്ന് സരോജ് ഖാന്റെ സഹായി റുബീന ഖാൻ കുറച്ചുദിവസം മുമ്പ് വെളിപ്പെടുത്തിയിരുന്നു. ''പാട്ട് ചിത്രീകരിക്കാൻ 17 ദിവസമെടുത്തു. ഒരുപാട് തവണ റിഹേഴ്‌സൽ നടത്തി. മാധുരിക്ക് ആ സമയം നല്ല തലകറക്കവുമുണ്ടായിരുന്നു'', എന്നാണ് റുബീന പറഞ്ഞത്. നൃത്തരംഗം ചിത്രീകരിക്കുമ്പോൾ മാധുരിക്ക് ഏറെ ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്നും റുബീന പറഞ്ഞിരുന്നു.

എന്നാൽ, ഇത് സത്യമല്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മാധുരി. 'സ്‌ക്രീനി'നുനൽകിയ അഭിമുഖത്തിലാണ് അവരിത് തുറന്നുപറഞ്ഞത്. ''അരിൻ 2003-ലാണ് ജനിച്ചത്. അപ്പോൾ നിങ്ങൾ കണക്കുകൂട്ടി നോക്കൂ'', എന്നാണ് മാധുരി ചിരിച്ചുകൊണ്ട് പറഞ്ഞത്.

പക്ഷേ ആ സമയത്ത് തനിക്ക് ശാരീരികമായി ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്നും അതിന് കാരണം ഗർഭമല്ലെന്നും മാധുരി. ''എനിക്ക് ധാരാളം യാത്ര ചെയ്യേണ്ടി വന്നിരുന്നു. അതുകൊണ്ടുള്ള ചില ആരോഗ്യപ്രശ്‌നങ്ങൾ. ഞാൻ അങ്ങോട്ടും ഇങ്ങോട്ടും പോയി, ഇവിടെ ഷൂട്ട് ചെയ്തു, തിരിച്ചും പോയി. എന്റെ എല്ലാ ഷൂട്ടുകളും രാത്രിയിലായിരുന്നു. അതിനാൽ, എനിക്ക് അത് വളരെ കഠിനമായിരുന്നു'', മാധുരി കൂട്ടിച്ചേർത്തു. വിവാഹിതയായ മാധുരി അക്കാലത്ത് അമേരിക്കയിലായിരുന്നു ഭർത്താവിനൊപ്പം താമസിച്ചിരുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Madhuri Dixit clarifies she was not pregnant during the filming of the 2002 hit Devdas. Refutes claims made by Saroj Khan's assistant regarding her pregnancy during Dola Re Dola.