‘അന്ന് മാധുരി നാല് മാസം ഗർഭിണിയായിരുന്നു; വളരെ കഷ്ടപ്പെട്ടാണ് അവർ അത് ചെയ്തത്’

2002-ൽ പുറത്തിറങ്ങിയ സഞ്ജയ് ലീല ബൻസാലിയുടെ 'ദേവ്ദാസ്' എന്ന ചിത്രം ബോളിവുഡിലെ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നാണ്. സിനിമയിൽ മാധുരി ദീക്ഷിതും ഐശ്വര്യ റായും ഒന്നിച്ച് ചുവടുവെച്ച 'ഡോലാ രേ ഡോലാ' (Dola Re Dola) എന്ന ഗാനം ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഐക്കോണിക് ഗാനമായി മാറുകയും ചെയ്തു. സരോജ് ഖാനായിരുന്നു കൊറിയോഗ്രഫി. എന്നാൽ, ഈ ഗാനരംഗം ചിത്രീകരിക്കുന്നതിനിടയിലെ അറിയാക്കഥകൾ പങ്കുവെക്കുകയാണ് ചിത്രത്തിലെ ക്രൂ അംഗമായിരുന്ന റുബീന ഖാൻ. ചിത്രീകരണ സമയത്ത് മാധുരി ദീക്ഷിത് നാല് മാസം ഗർഭിണിയായിരുന്നുവെന്നും പനി കാരണം അവർക്ക് പലപ്പോഴും തലകറക്കം അനുഭവപ്പെട്ടിരുന്നുവെന്നും റുബീന വെളിപ്പെടുത്തി.
"ആ പാട്ട് ചിത്രീകരിക്കാൻ മാത്രം 17 ദിവസമെടുത്തു. കുറഞ്ഞത് ഒരു മാസമെങ്കിലും ഇതിന്റെ റിഹേഴ്സലുകൾ നടന്നിരുന്നു. ഞങ്ങൾ ബാക്ക് ഡാൻസർമാരും പ്രധാന അഭിനേതാക്കളും വെവ്വേറെയാണ് റിഹേഴ്സൽ ചെയ്തത്. പാട്ടിൽ മാധുരി മാം തിരിഞ്ഞ് താഴേക്ക് ഇരിക്കുന്ന ഒരു സ്റ്റെപ്പുണ്ട്. ആ ഒരൊറ്റ ഷോട്ട് രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെ നീണ്ടുപോയി. കാരണം ആ സമയത്ത് അവർ നാല് മാസം ഗർഭിണിയായിരുന്നു. അതുകൊണ്ടുതന്നെ അവർക്ക് കൃത്യമായി തിരിയാൻ സാധിക്കുന്നുണ്ടായിരുന്നില്ല, ഒപ്പം നല്ല തലകറക്കവും ഉണ്ടായിരുന്നു," Bollywood Thikanaയ്ക്ക് നൽകിയ അഭിമുഖത്തിൽ റുബീന പറഞ്ഞു.
"ആ സമയത്ത് അവർക്ക് നല്ല പനിയുമുണ്ടായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടാണ് അവർ അത് ചെയ്തത്. എന്നാൽ ഒരു സ്റ്റെപ്പ് പോലും മാറ്റിത്തരാൻ ഒരിക്കലും ആവശ്യപ്പെട്ടിരുന്നില്ല. മാസ്റ്റർജി (സരോജ് ഖാൻ) എന്ത് പറയുന്നോ അത് അവർക്ക് നിർബന്ധമായിരുന്നു. ഇന്നത്തെ പുതിയ കലാകാരന്മാരാണെങ്കിൽ സ്റ്റെപ്പുകൾ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് മാറ്റിപ്പഠിക്കാറുണ്ട്. എന്നാൽ മാസ്റ്റർജി ഒരിക്കലും താൻ നിർദ്ദേശിച്ച സ്റ്റെപ്പുകൾ മാറ്റാൻ തയാറായിരുന്നില്ല. മാധുരിയാകട്ടെ, എങ്ങനെയെങ്കിലും ആ സ്റ്റെപ്പ് തന്നെ ചെയ്യണമെന്ന് നിർബന്ധം പിടിക്കുകയും ചെയ്തു."
ഇതിനുപുറമേ, കൊറിയോഗ്രാഫർ സരോജ് ഖാനും ആ സമയത്ത് കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്ന് റുബീന വെളിപ്പെടുത്തി.
ദേവ്ദാസ്
ഷാരൂഖ് ഖാൻ, ഐശ്വര്യ റായ് ബച്ചൻ, മാധുരി ദീക്ഷിത് എന്നിവരാണ് ദേവ്ദാസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വർഷങ്ങൾക്കിപ്പുറവും സംഗീതം, ദൃശ്യഭംഗി, അഭിനേതാക്കളുടെ പ്രകടനം, വൈകാരികമായ കഥാവിഷ്കാരം എന്നിവയാൽ ഈ സിനിമയ്ക്ക് വലിയൊരു ആരാധകവൃന്ദമുണ്ട്. ശരത് ചന്ദ്ര ചട്ടോപാധ്യായ് 1917-ൽ എഴുതിയ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ദേവ്ദാസ് ഒരുക്കിയത്. ബൻസാലിയുടെ ചിത്രത്തിന് മുൻപ്, 1955-ൽ പ്രശസ്ത സംവിധായകൻ ബിമൽ റോയ് ഈ കഥ സിനിമയാക്കിയിരുന്നു. ദിലീപ് കുമാർ, സുചിത്ര സെൻ, വൈജയന്തിമാല എന്നിവരായിരുന്നു ആ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Madhuri Dixit was 4 months pregnant during the filming of Dola Re Dola., She suffered from fever and dizziness but insisted on performing complex steps., The iconic song took 17 days to shoot with 1 month of prior rehearsals., Saroj Khan refused to simplify choreography despite the challenges., Rubina Khan shares behind-the-scenes insights from the 2002 classic Devdas.