പ്രേമിക്കാനൊന്നും സമയം കൊടുത്തില്ല, അപ്പോഴേക്കും കെട്ടിച്ചു; അങ്ങനെ ചന്ദ്രയും ടോഷും ഒന്നായി

#ടി. എസ് ധന്യ
ചന്ദ്രാ ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും മകൻ അയാനൊപ്പം, ഫോട്ടോ: സിദ്ദീക്കുൽ അക്ബർ
ചന്ദ്രാ ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും മകൻ അയാനൊപ്പം, ഫോട്ടോ: സിദ്ദീക്കുൽ അക്ബർ

ചന്ദ്രാ ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും പ്രണയത്തിലാണെന്ന കിംവദന്തി പടര്‍ന്ന കാലം.പ്രണയം ഏഴയലത്തുപോലും ഇല്ലാതിരുന്നിട്ടും എല്ലാവരും അത് വിശ്വസിച്ചു.'സ്വന്തം സുജാത'യില്‍ സുജാതയും (ചന്ദ്രാ ലക്ഷ്മണ്‍) ജോക്കുട്ടനും (ടോഷ് ക്രിസ്റ്റി) നോട്ടപ്പുള്ളികളായി.അങ്ങനെ എല്ലാവരും കൂടി പറഞ്ഞുപറഞ്ഞ് കല്യാണം കഴിപ്പിച്ചതാണെന്ന് പറഞ്ഞ് ചിരിച്ചു. ഇരുവരും.
കെട്ടുകഥയുടെ കാലം കടന്ന് അവര്‍ ജീവിതത്തിലൊന്നായി.അന്നില്ലാത്ത പ്രണയം ഇന്നവരുടെ ജീവിതത്തില്‍ മഞ്ഞായും മഴയായും ഇളവെയിലായും നിറയുന്നു. കുട്ടിക്കുറുമ്പൻ  അയാന്റെ അച്ഛനമ്മമാരാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഈ പ്രിയതാരങ്ങള്‍. ഇമ്പമുള്ള കുടുംബവിശേഷങ്ങള്‍ ചന്ദ്രയും ടോഷും ഗൃഹലക്ഷ്മിയുമായി പങ്കുവെച്ചു.കുറുമ്പും കളിചിരികളുമായി അയാന്‍ ഒപ്പം ചേര്‍ന്നു.

അറിഞ്ഞില്ല, അതെന്റെ ഹീറോയാണെന്ന്

'സ്വന്തം സുജാത'യുടെ സെറ്റിലാണ് ഇരുവരും ആദ്യമായി കാണുന്നത്. ടോഷ് തന്റെ ജീവിതത്തിലേക്ക് വന്ന വഴിയോര്‍ത്തു ചന്ദ്രാ ലക്ഷ്മണ്‍. ''പതിനൊന്നു വര്‍ഷത്തിന്റെ ഇടവേളയ്ക്കു ശേഷം ഞാന്‍ മലയാളത്തില്‍ ചെയ്ത സീരിയലാണ് അത്. അതിലേക്ക് ഒരു സെക്കന്‍ഡ് ഹീറോയെ വേണം. ഒരു അച്ചായന്റെ റോള്‍.സംവിധായകന്‍ അന്‍സാര്‍ ഖാന്റെ സുഹൃത്തായ ടോഷ് ക്രിസ്റ്റി അങ്ങനെ ജോക്കുട്ടനായെത്തി. ലൊക്കേഷനില്‍ കണ്ടുമുട്ടുമ്പോള്‍, ടോഷേട്ടനെ അറിയില്ലായിരുന്നു. കായംകുളം കൊച്ചുണ്ണി'യിലെ മുളമൂട്ടില്‍ അടിമയായി അഭിനയിച്ചയാളാണെന്ന് കേട്ടപ്പോള്‍ മനസ്സിലായി.

ഹോ... എന്തൊരു ജാഡ

''ചന്ദ്രയെ ആദ്യം കണ്ടപ്പോള്‍ എന്തൊരു ജാഡയെന്നാണ് തോന്നിയത്. ഇവരുടെ കൂടെ എങ്ങനെ അഭിനയിക്കും എന്നോര്‍ത്തു. ടോഷ് പറഞ്ഞ കഥയിലെ ട്വിസ്റ്റ് ചന്ദ്ര ഓര്‍ത്തെടുത്തു. ''സീരിയലിന്റെ നൂറാം എപ്പിസോഡിന്റെ ആഘോഷദിവസമാണ് ലൊക്കേഷനില്‍ ടോഷ് എത്തുന്നത്. ഞങ്ങളോട് ഒരു പാട്ടുപാടാന്‍ സംവിധായകന്‍ പറഞ്ഞു. പാട്ട് പരിശീലിക്കുന്നതിനിടയില്‍ ഞങ്ങള്‍ സംസാരിച്ചുതുടങ്ങി

നല്ല മാച്ചാ, കെട്ടിക്കൂടേ?

സഹപ്രവര്‍ത്തകര്‍ ഇരുവരെയും കളിയാക്കിത്തുടങ്ങി. ''നല്ല പയ്യനാ, ടോഷ്'' എന്ന് ചിലര്‍ ചന്ദ്രയോട് പറഞ്ഞു. ലൊക്കേഷനിലിരിക്കുമ്പോള്‍, ഒപ്പമുള്ളവര്‍ പറയും: ''നിങ്ങള് നല്ല മാച്ചാ. കെട്ടിക്കൂടേ?'' എന്ന്. ''കൂട്ടുകാരും ബന്ധുക്കളുമെല്ലാം ഇതേ കാര്യം പറഞ്ഞുതുടങ്ങി. അന്നൊന്നും ഞങ്ങളുടെ ഹൃദയത്തില്‍ പ്രണയം കൂടുകൂട്ടിയിരുന്നില്ല. സുജാതയും ജോക്കുട്ടനും പ്രണയത്തിലാണോ?' ഇരുവരും ജീവിതത്തില്‍ ഒന്നിക്കുമോ? ഇത്തരം തലക്കെട്ടോടുകൂടിയ വാര്‍ത്തകള്‍ കണ്ടിട്ടും ഞങ്ങള്‍ ഞെട്ടിയില്ല. എല്ലാമൊരു തമാശ മാത്രമായി എടുത്തു.'' ചന്ദ്ര, പ്രണയമില്ലാത്ത ആ പ്രണയ കാലത്തെ ഓര്‍ത്തെടുത്തു.

പ്രണയകാലം എങ്ങനെ ആഘോഷിച്ചെന്ന ചോദ്യത്തിന് ചന്ദ്രാ ലക്ഷ്മണിന്റെ അമ്മ മാലതിയുടെ കൗണ്ടര്‍: ''പ്രേമിക്കാനൊന്നും സമയം കൊടുത്തില്ല. അപ്പോഴേക്കും കെട്ടിച്ചു.
'വിവാഹദിവസം ഞങ്ങളെ കണ്ട് സീരിയലില്‍ എന്റെ അമ്മ സാറാമ്മയായി അഭിനയിച്ച രശ്മി ജയഗോപാല്‍ കരഞ്ഞു. ഞങ്ങള്‍ ഒന്നിക്കണമെന്ന് ആഗ്രഹിച്ചിരുന്നവരില്‍ ഒരാളായിരുന്നു രശ്മിച്ചേച്ചി... അടുത്തിടെ അവര്‍ മരിച്ചു. സന്തോഷ വര്‍ത്തമാനത്തിനിടയില്‍ ടോഷിന്റെ വാക്കുകളില്‍ സങ്കടനനവ് പടര്‍ന്നു.

പൈങ്കിളിയല്ല പ്രണയം

''സെറ്റില്‍ നിന്ന് താമസസ്ഥലത്തേക്ക് ഒന്നിച്ചായിരുന്നു യാത്ര. ഇഷ്ടങ്ങള്‍ പലതും ഒന്നാണെന്ന് തിരിച്ചറിയുന്നത് ആ യാത്രകളിലാണ്. ടോഷേട്ടന്‍ വളരെ ഫ്രണ്ട്‌ലിയാണ്.എല്ലാവരോടും പെട്ടെന്നടുക്കും. ഞാനങ്ങനെയല്ല. കൂട്ടാവാന്‍ കുറച്ച് സമയമെടുക്കും.പൈങ്കിളി പ്രണയമായിരുന്നില്ല ഞങ്ങളുടേത്.പക്വതയെത്തിയ പ്രായത്തില്‍ വിവാഹം കഴിച്ചു. ചിന്തിച്ചെടുത്ത തീരുമാനം. സൗഹൃദം മറ്റൊരു തലത്തിലേക്ക് കടന്നുവെന്ന് മനസ്സിലാക്കിയപ്പോള്‍ ഞങ്ങള്‍ അച്ഛനമ്മമാരോട് കാര്യം പറഞ്ഞു.
എന്റേത് തമിഴ് ബ്രാഹ്മണകുടുംബമാണ്. ടോഷേട്ടന്‍ കുന്നംകുളംകാരന്‍ അച്ചായനും.കുടുംബം ഇതെങ്ങനെ ഉള്‍ക്കൊള്ളുമെന്ന് ടെന്‍ഷനടിച്ചിരുന്നു. ഒരേദിവസമാണ് ഞങ്ങള്‍ വീടുകളില്‍ ഇക്കാര്യം അവതരിപ്പിച്ചത്.
'ടോഷ് ക്രിസ്റ്റിയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ട്. നിങ്ങളുടെ സപ്പോര്‍ട്ട് വേണം,' അപ്പയോട് ഞാന്‍ പറഞ്ഞു. ഹി ഈസ് എ ഗുഡ് ഗൈ ' എന്നായിരുന്നു അപ്പ യുടെ മറുപടി.''ടോഷിന്റെ വീട്ടിലും എതിര്‍പ്പുണ്ടായില്ല. ഇരുമതവിഭാഗങ്ങളായതിനാല്‍ രണ്ട് മതാചാരങ്ങളും പാലിച്ചായിരുന്നു വിവാഹം.
 

ആ മാലാഖക്കണ്ണുകള്‍

പ്രണയത്തിന്റെ സ്പാര്‍ക്കടിച്ച ചില നിമിഷങ്ങളിലേക്ക് ടോഷ് കടന്നു. ഒരിക്കല്‍ ഷൂട്ടിനിടെ കറന്റ് പോയി. ചന്ദ്ര കുറച്ചപ്പുറംഇരിപ്പുണ്ട്. ഇരുട്ടില്‍ അവളുടെ കണ്ണ് തിളങ്ങുന്നത് കാണാം. ഇരുട്ടില്‍, ആ മാലാഖക്കണ്ണുകള്‍ക്ക് തിളക്കം കൂടുന്നു' എന്ന് ഞാന്‍ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. അതുകണ്ട് ചന്ദ്രയ്ക്ക് തോന്നി ആ മാലാഖ 'ഞാന്‍ തന്നെയല്ലേ' എന്ന്.
പിന്നെയൊരിക്കല്‍ ഷൂട്ട് കഴിഞ്ഞ് ഫ്‌ളാറ്റിലേക്ക് ഒരുമിച്ച് പോവുകയായിരുന്നു.ഫ്‌ളാറ്റെത്താറായപ്പോള്‍, പെട്ടെന്ന് ചന്ദ്ര പറഞ്ഞു: 'ഫ്‌ളാറ്റ് എത്തേണ്ടായിരുന്നുവെന്ന്. മനസ്സിന്റെ ശബ്ദം പുറത്തേക്ക് വന്നതാണ്. ഞാന്‍ അതൊരു പ്രണയസൂചനയായി എടുത്തു.

നിറമില്ലാത്ത നിറം

''നിറം' ആണ് ടോഷ് ക്രിസ്റ്റിയുടെ ആദ്യസിനിമ. എന്നാല്‍, ആ സിനിമയില്‍ തന്റെ നിറംപോലും കാണില്ലെന്ന് പറഞ്ഞ് ടോഷ് ചിരിച്ചു. ''കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഒരാളായി ഒരു സീനില്‍ ഞാനുണ്ട്. ജിത്തുജോസഫിന്റെ 'റാം' സിനിമയില്‍ ഒരു നല്ല കഥാപാത്രം ചെയ്തു. ആരോ, സഹസം, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി, കൊമ്പന്‍, ലക്ഷ്യം തുടങ്ങിയ സിനിമകളിലും വേഷമിട്ടു.

രാക്കിളിപ്പാട്ടിന്റെ പാട്ടുകാരന്‍

ലോക്ക്ഡൗണിനുശേഷമാണ് ജോഷ് ക്രിസ്റ്റി പാട്ടെഴുത്തില്‍ ശ്രദ്ധിച്ചുതുടങ്ങിയത്. ''ചുമ്മാ, എന്തെങ്കിലും എഴുതിക്കൊണ്ടിരിക്കും. കുന്നംകുളത്തെ വീട്ടില്‍ എന്നും പുലര്‍ച്ചെ ഒരു കിളിയുടെ കരച്ചില്‍ കേള്‍ക്കാം.അത് ഒരു കവിതയ്ക്കുള്ള വിഷയമാക്കി.സംഗീതസംവിധായകന്‍ സാലു ജോര്‍ജ് ആ കവിത, പാട്ടാക്കണമെന്ന് പറഞ്ഞു. അങ്ങനെ രാക്കിളിപ്പാട്ടെന്ന മ്യൂസിക് ആല്‍ബം പിറന്നു.ഉടന്‍ റിലീസുണ്ട്.'' ഭാഗ്യമുള്ള കൊച്ചിനെ കല്യാണം കഴിച്ചതിന്റെ ഐശ്വര്യം ആണെന്ന് ചന്ദ്രയുടെ കമന്റ്.
രണ്ടരവയസ്സുമുതല്‍ ശാസ്ത്രീയനൃത്തം അഭ്യസിച്ചു തുടങ്ങിയതാണ് ചന്ദ്രാ ലക്ഷ്മണ്‍, നടി ശാന്തി കൃഷ്ണയായിരുന്നു ആദ്യഗുരു.

Content Highlights: life of chandra Lakshman and Tosh christi