നിര്‍മാതാവ് മേക്കപ്പ് മുറിയിലേക്ക് കയറിവന്നു, ചെരിപ്പൂരിയടിക്കുമെന്ന് ഞാന്‍ പറഞ്ഞു-ഖുശ്ബു

ഖുശ്ബു | ANI
ഖുശ്ബു | ANI

സ്വന്തം അച്ഛന്‍ കുട്ടിക്കാലത്ത് തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് നടി ഖുശ്ബു തുറന്നുപറഞ്ഞിട്ട് അധികമായിട്ടില്ല. എന്തുകൊണ്ടാണ് അതിനെപ്പറ്റി പറയാന്‍ ഇത്രയും കാലതാമസമെടുത്തതെന്ന് പലരും ഖുശ്ബുവിനോടു ചോദിച്ചു. 'എനിക്കെന്താണ് സംഭവിച്ചതെന്ന് ഞാന്‍ നേരത്തേ പറയേണ്ടതായിരുന്നു, പക്ഷേ, എനിക്ക് അങ്ങനെ സംഭവിച്ചതില്‍ എന്റെ കരിയര്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. ശക്തമായ സുരക്ഷ തരേണ്ട കൈകളാണ് എന്നെ ആക്രമിച്ചത്.' അവര്‍ എക്‌സിലെഴുതി. കഴിഞ്ഞ വര്‍ഷമാണ് എട്ടാംവയസ്സില്‍ പിതാവില്‍ നിന്ന് ലൈംഗികാതിക്രമത്തിന് ഇരയായിരുന്നുവെന്ന് ഖുശ്ബു തുറന്നുപറഞ്ഞത്. 

മലയാളസിനിമയിലെ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടും ഇരയായ നടികളുടെ തുറന്നുപറച്ചിലും പ്രതീക്ഷയോടെയാണ് ഖുശ്ബു സ്വാഗതം ചെയ്തത്. തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും വിജയികളായി ഉയര്‍ന്നുവരികയും ചെയ്ത സ്ത്രീകള്‍ക്ക് അഭിനന്ദനങ്ങള്‍ എന്നാണ് അവര്‍ എക്‌സിലൂടെ പ്രതികരിച്ചത്. 

'സ്ത്രീകള്‍ക്ക് കരിയര്‍ മെച്ചപ്പെടുത്താന്‍ പകരമായി ലൈംഗികത ആവശ്യപ്പെടുന്നതും വിട്ടുവീഴ്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതും എല്ലാ മേഖലയിലും നിലനില്‍ക്കുന്ന കാര്യമാണ്. എന്തുകൊണ്ടാണ് ഒരു സ്ത്രീ ഒറ്റയ്ക്ക് ഈ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്? എല്ലാത്തിന്റെയും ഭാരം ചുമക്കുന്നത് സ്ത്രീകളാണ്. അപമാനിക്കപ്പെടുമോ എന്ന ഭയം, കുറ്റപ്പെടുത്തല്‍, 'നിങ്ങള്‍ എന്തിനാണ് ഇത് ചെയ്തത്?' തുടങ്ങിയ ചോദ്യങ്ങള്‍ ഇരയെ തകര്‍ക്കും. എന്തുകൊണ്ടാണ് ഇതൊന്നും നേരത്തേ പറയാത്തതെന്ന് കുറ്റപ്പെടുത്തുന്നവരോട്, അവരുടെ സാഹചര്യം കൂടി കണക്കിലെടുക്കണം. എല്ലാ സ്ത്രീകളും എല്ലാം തുറന്നുപറയാന്‍ മാത്രം പ്രിവിലെജ് ഉള്ളവരായിരിക്കില്ല'- ഖുശ്ബു പറഞ്ഞു. 

നിര്‍മാതാവിന് ഖുശ്ബുവിന്റെ മുന്നറിയിപ്പ്
സിനിമയില്‍ എന്തെങ്കിലും മോശം അനുഭവം നേരിട്ടിട്ടുണ്ടോയെന്ന എന്‍.ഡി.ടി.വി.യുടെ ചോദ്യത്തിന് അത്തരം അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്നാണ് ഖുശ്ബു പറഞ്ഞത്. ദക്ഷിണേന്ത്യന്‍ സിനിമയില്‍ പ്രവേശിച്ച സമയത്തായിരുന്നു അത്. 
'ഞാന്‍ ഇന്‍ഡസ്ട്രിയില്‍ തനിച്ചാണെന്നതും ഗോഡ്ഫാദര്‍ ഇല്ലെന്നും മനസ്സിലാക്കി സമീപിച്ച ഒരു നിര്‍മ്മാതാവുണ്ടായിരുന്നു. ഞാന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങുമെന്ന് അയാള്‍ കരുതിയിരിക്കണം. ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ എന്റെ മേക്കപ്പ് റൂമിലേക്ക് കയറിവന്നുകൊണ്ട് അയാളെനിക്കൊരു സൂചന തന്നു. ഞാന്‍ എന്റെ ചെരിപ്പഴിച്ചു, 41 ആണ് സൈസെന്ന് അയാളോട് പറഞ്ഞു, നിങ്ങളെ ഇവിടെവെച്ച് അടിക്കണോ അതോ യൂണിറ്റിന്റെ മുന്നില്‍ വെച്ച് അടിക്കണോ? എന്നു ചോദിച്ചു. അതയാളെ നിലയ്ക്കുനിര്‍ത്തി.'-അവര്‍ എന്‍ഡിടിവിയോട് പറഞ്ഞു. 

'ആ നിമിഷത്തില്‍ തന്നെ സ്ത്രീകള്‍ തങ്ങള്‍ക്കുവേണ്ടി നിലകൊള്ളേണ്ടതുണ്ട്. സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും അവരെ പിന്തുണയ്ക്കണം. നമുക്ക് ചുറ്റുമുള്ള പുരുഷന്മാര്‍ പിന്തുണയ്ക്കാനും സംരക്ഷിക്കാനും ഉണ്ടായിരിക്കുമെന്ന പ്രതീക്ഷയിലാണ് സ്ത്രീകള്‍ ജോലി ചെയ്യുന്നത്, നിര്‍ഭാഗ്യവശാല്‍, അത് ചിലപ്പോള്‍ സംഭവിക്കുന്നില്ല,' അവര്‍ പറഞ്ഞു.


 

Content Highlights: khushbu sundar on father's abuse and flim producer's approcah