ബിഗ്സ്ക്രീൻ നായികയായതിനാൽ ഒടിടിയിൽ അഭിനയിക്കരുതെന്ന് പലരും ഉപദേശിച്ചു; കീർത്തി സുരേഷ്

ദേശീയ ചലച്ചിത്ര പുരസ്കാരം ഉൾപ്പെടെ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ നടിയാണ് കീർത്തി സുരേഷ്. തമിഴ്, തെലുങ്ക് സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ തന്റെതായ ഇടം കണ്ടെത്തിയ താരം ഇപ്പോൾ വെബ്സീരീസിലേക്കും ചുവടുവയ്ക്കുകയാണ്. നെറ്റ്ഫ്ളിക്സിന്റെ ‘അക്ക’യിലൂടെ വെബ്സീരീസ് രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന കീർത്തിയോട് ഒടിടി പ്ലാറ്റ്ഫോമിൽ അഭിനയിക്കരുതെന്ന് ചിലർ ഉപദേശിച്ചിരുന്നതായി വെളിപ്പെടുത്തുകയാണ് താരമിപ്പോൾ. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
“തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമായതിനാൽ വെബ്സീരീസ് ചെയ്യരുതെന്നായിരുന്നു ചിലരുടെ ഉപദേശം. എന്നാൽ ഇത്തരം അഭിപ്രായങ്ങൾ ഞാൻ കാര്യമാക്കാറില്ല. കോവിഡിനുശേഷം ഒടിടി രംഗത്ത് വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. എങ്കിലും സിനിമയേക്കാൾ താഴെയാണ് ഒടിടി എന്ന അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. സിനിമയും വെബ്സീരീസും ഒരുപോലെ പ്രധാനപ്പെട്ടതാണ്. തിയേറ്റർ സിനിമകൾക്കൊപ്പം സീരീസുകളിലും ഒടിടി റിലീസുകളിലും അഭിനയിക്കാനാണ് താത്പര്യം. എന്നാൽ അതേസമയം എന്തെങ്കിലും ചെയ്യണമെന്നതിന്റെ പേരിൽമാത്രം പ്രോജക്ടുകൾ തിരഞ്ഞെടുക്കില്ല,” കീർത്തി വ്യക്തമാക്കി.
‘അക്ക’യിൽ ഭവാനി എന്ന കഥാപാത്രത്തെയാണ് കീർത്തി അവതരിപ്പിക്കുന്നത്. സ്ത്രീകൾ നിയന്ത്രിക്കുന്ന ക്രിമിനൽ ലോകത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പീരിയഡ് ആക്ഷൻ ഡ്രാമയാണ് ഈ സീരീസ്. പെർന്നുരു എന്ന സാങ്കല്പിക തെലുങ്ക് നഗരമാണ് കഥാപശ്ചാത്തലം. കീർത്തിക്കൊപ്പം രാധിക ആപ്തെയും പ്രധാന വേഷത്തിലെത്തുന്ന സീരീസ് ഒക്ടോബർ 30ന് പ്രേക്ഷകരിലേക്കെത്തും. തൻവി ആസ്മി, മഹേഷ് മഞ്ജരേക്കർ, അൻഷുമാൻ പുഷ്കർ, മോണിക്ക പൻവാർ തുടങ്ങിയവരും നിർണായക വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. നെറ്റ്ഫ്ളിക്ക്സും വൈആർഎഫ് എന്റർടൈൻമെന്റും ഒന്നിച്ചൊരുക്കുന്ന സീരീസാണ് അക്ക.
തമിഴ്, തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധ നേടിയ കീർത്തി ഹിന്ദി സിനിമകളിലും സീരീസുകളിലും സജീവമാകുകയാണിപ്പോൾ. എന്നാൽ ഭാഷ ഒരു പ്രശ്നമല്ലെന്നും കഥയും കഥാപാത്രവുമാണ് താൻ പരിഗണിക്കുന്നതെന്നും താരം വ്യക്തമാക്കി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi