11-ാം വയസ്സില്‍ അച്ഛന്‍ വീരമൃത്യു വരിച്ചു, കാന്താരയില്‍ തിളങ്ങുന്ന രുക്മിണി വസന്തിന്റെ ജീവിതം

കാന്താര എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുമ്പോള്‍ സിനിമയിലെ അസാമാന്യ പ്രകടനം കൊണ്ട് നാഷണല്‍ ക്രഷ് ആയി മാറിയിരിക്കുകയാണ് നായിക രുക്മിണി വസന്ത്. ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച് പ്രധാന വേഷത്തിലെത്തിയ ചിത്രം റെക്കോര്‍ഡ് വിജയമാണ് ഇന്ത്യന്‍ ബോക്‌സോഫീസില്‍ നേടുന്നത്. ചിത്രം ശ്രദ്ധേയമായതോടെ രുക്മിണി വസന്തിന്റെ ജീവിതവും ആരാധകര്‍ തപ്പിയിറങ്ങി. അപ്പോഴാണ് ഏറെ കൗതുകരമായ ഒരുകാര്യം എല്ലാവരും ശ്രദ്ധിച്ചത്. ഉറിയിലുണ്ടായ ആക്രമണത്തില്‍ വീരമൃത്യു വരിച്ച കേണല്‍ വസന്ത് കുമാറിന്റെ മകളാണ് രുക്മിണി വസന്ത് എന്നത്.

കര്‍ണാടകയില്‍ നിന്ന് ആദ്യമായി അശോക ചക്രയ്ക്ക് അര്‍ഹനായ ധീര ജവാനായിരുന്നു രുക്മിണി വസന്തിന്റെ പിതാവായ വസന്ത് വേണുഗോപാല്‍. 2007-ല്‍ ജമ്മു കശ്മീരിലെ ഉറിയിലെ തീവ്രവാദികളുമായി ഏറ്റുമുട്ടിയാണ് അദ്ദേഹം വീരമൃത്യു വരിച്ചത്. അന്ന് രുക്മിണിക്ക് 11 വയസ്സിലായിരുന്നു. തന്റെ പിതാവ് രാജ്യത്തിന് നല്‍കിയ സേവനത്തെക്കുറിച്ചും ധീരതയെക്കുറിച്ചും അദ്ദേഹത്തിന്റെ നഷ്ടം തന്റെ ജീവിതത്തിലും കുടുംബത്തിലുമുണ്ടാക്കിയ വേദനയെ കുറിച്ചുമെല്ലാം രുക്മിണി വസന്ത് പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്. പ്രമുഖ ഭരതനാട്യം നര്‍ത്തകിയും സാമൂഹിക പ്രവര്‍ത്തകയുമായ സുഭാഷിണി വസന്തിന്റെ മൂത്തമകളാണ് രുക്മണി.

ബംഗളൂരൂ ആര്‍മി പ്ലബിക്ക് സ്‌കൂളിലും എയര്‍ഫോഴ്‌സ് സ്‌കൂളിലുമടക്കം പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് രുക്മിണി വസന്ത് 2019-ല്‍ കന്നട ചിത്രമായ ബീര്‍ബലിലൂടെ സിനിമ രംഗത്തേക്ക് ചുവടുവച്ചത്. എ.ആര്‍.മുരുഗദോസ് സംവിധാനം ചെയ്ത ശിവകാര്‍ത്തികേയന്‍ ചിത്രം മദിരാശിയിലും രുക്മിണിയായിരുന്നു നായിക. യഷ് നായകനാകുന്ന ടോക്‌സിക്, ഡ്രാഗണ്‍ എന്നിവയാണ് രുക്മിണിയുടെ പുതിയ സിനിമകള്‍.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Discover the inspiring life of Rukmini Vasanth, the National Crush from `Kantara`. Her father, Colonel Vasanth Venugopal, a decorated Ashoka Chakra recipient, sacrificed his life for the nation when she was just 11