കലാഭവന്‍ മണിക്ക് കിട്ടുമെന്ന് കരുതിയ അവാർഡ് അവസാനനിമിഷം കൈവിട്ടു; കിട്ടിയത് സ്പെഷ്യല്‍ ജൂറി അവാർഡ്

1999-ലാണ് 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന സിനിമ പുറത്തുവരുന്നത്. രാമു എന്ന അന്ധഗായകന്റെ വേഷമായിരുന്നു കലാഭവന്‍ മണിക്ക്. പാട്ടുപാടി കുടുംബം മുന്നോട്ടു കൊണ്ടുപോകുകയാണ് രാമു. വാസന്തി രാമുവിന്റെ അനിയത്തിയാണ്. ലക്ഷ്മി കാമുകിയും. തോമസ് ചാക്കോ എന്ന സമ്പന്നന്‍ രാമുവിന്റെ കാഴ്ച ലഭിക്കാനുള്ള ശസ്ത്രക്രിയക്ക് പണം തരാമെന്ന് പറഞ്ഞ് ആ കുടുംബവുമായി അടുപ്പം സ്ഥാപിക്കുന്നു. വാസ്തവത്തില്‍ അയാളുടെ ഉദ്ദേശം മറ്റൊന്നാണ്. വേണ്ടപ്പെട്ടവരുടെ യാതനകളറിയാതെ കാഴ്ച സ്വപ്നം കാണുന്ന രാമു അവസാനം കൊലപാതകിയായി മാറുന്നു.
വിനയന്‍ സംവിധാനം ചെയ്ത സിനിയിലെ കലാഭവന്‍ മണിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ധഗായകന്റെ വേദനകളും സന്തോഷങ്ങളും പ്രതീക്ഷകളും പ്രണയവും മണി ഗംഭീരമായി അവതരിപ്പിച്ചു. സിനിമയിലെ ഗാനങ്ങളും ഒന്നിനൊന്ന് മികച്ചുനിന്നു. 'ആലിലക്കണ്ണാ' എന്ന ഒറ്റ ഗാനം മതി സിനിമ ഏതെന്ന് മനസ്സിലാക്കാന്‍.
കലാഭവൻ മണി
വലിയ പ്രതീക്ഷയൊന്നുമില്ലാതെ ഇറങ്ങിയ സിനിമ. എന്നാല്‍ പിന്നീടങ്ങോട്ട് നിറഞ്ഞ തിയേറ്ററില്‍ നൂറു ദിവസത്തോളം സിനിമ തകര്‍ത്തോടി. മൂന്നുകോടിയോളം രൂപ സിനിമ നേടി. സിനിമ തമിഴിലേക്കും തെലുഗുവിലേക്കും കന്നഡയിലേക്കും പോയി.
മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അക്കൊല്ലം കലാഭവന്‍ മണിക്ക് കിട്ടുമെന്ന് പരക്കെ പറയപ്പെട്ടിരുന്നു. പക്ഷേ കിട്ടിയത് സ്പെഷ്യല്‍ ജൂറി അവാര്‍ഡാണ്. മികച്ച നടനുള്ള പുരസ്‌കാരം കിട്ടിയത് മോഹന്‍ലാലിനും.
'വാനപ്രസ്ഥം' എന്ന ഷാജി എന്‍. കരുണ്‍ ചിത്രത്തില്‍ കഥകളിനടനായ കുഞ്ഞിക്കുട്ടനായി മോഹന്‍ലാല്‍ ജീവിക്കുകയായിരുന്നു. കഥകളി എന്ന സങ്കീര്‍ണമായ കലാരൂപം പഠിച്ചെടുത്ത് മികവോടെ സ്‌ക്രീനിലെത്തിച്ച മോഹന്‍ലാലിന്റെ പ്രതിഭയും അധ്വാനവും അവാര്‍ഡ് നേടിയെടുത്തു. അങ്ങനെ തൊട്ടടുത്തു വരെയെത്തിയ മണിക്ക് അവാര്‍ഡ് നഷ്ടമായി.
ആ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരവും മോഹന്‍ലാലിനായിരുന്നു. സ്പെഷ്യല്‍ ജൂറി പുരസ്‌കാരം മണിക്കും. 'ചാന്തുപൊട്ടും' എന്ന ചിത്രത്തിലെ ഗാനത്തിന് എം.ജി. ശ്രീകുമാര്‍ മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി.
Content Highlights: kalabhavan mani lost award to mohanlal in 1999