സംവിധാനം സ്വപ്‌നമാണ്‌, പക്ഷേ കണ്‍ഫ്യൂഷനുണ്ട്‌- ചെമ്പന്‍ വിനോദ് ജോസ്

#സൂരജ് സുകുമാരന്‍
ചെമ്പന്‍ വിനോദ് ജോസ്‌
ചെമ്പന്‍ വിനോദ് ജോസ്‌

ആകസ്മികമായി കിട്ടിയ അവസരവും ആഗ്രഹവുമാണ് ചെമ്പന്‍ വിനോദ് ജോസിനെ പതിമൂന്ന് വര്‍ഷം മുമ്പ് സിനിമയിലെത്തിച്ചത്. അവിടം തൊട്ട് ചെമ്പന്‍ പറന്ന് നടക്കുന്നത് സ്വന്തം ആഗ്രഹങ്ങളുടെ ആകാശത്താണ്. നടനില്‍ നിന്ന് തിരക്കഥാകൃത്തിലേക്കും നിര്‍മാതാവിലേക്കുമെല്ലാം പിന്നീടുള്ള വര്‍ഷങ്ങളില്‍ ചെമ്പന്‍ പറന്നിറങ്ങി. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, തമാശ, ജെല്ലിക്കെട്ട്, ചുരുളി, ഭീമന്റെ വഴി, സുലൈഖ മന്‍സില്‍... നിര്‍മിച്ച സിനിമകളിലെല്ലാം മികവിന്റെ കൈയൊപ്പ് ചാര്‍ത്താന്‍ ചെമ്പോസ്‌കി പ്രൊഡക്ഷന്‍സിനായി. സിനിമ-ജീവിത യാത്രയെ കുറിച്ച് ചെമ്പന്‍ വിനോദ് സംസാരിക്കുന്നു

അപ്രതീക്ഷിതമായി സിനിമയിലെത്തിയ ആളാണ്, അഭിനയത്തിനപ്പുറമുള്ളൊരു ലോകം സ്വപ്‌നത്തിലുണ്ടായിരുന്നോ...? 

ഇല്ല, അങ്ങനെയൊരു സ്വപ്‌നവും ഉണ്ടായിരുന്നില്ല. ഒരിക്കലും സിനിമയില്‍ എത്തിപ്പെടുമെന്ന് വിചാരിച്ച ആളല്ല. അഭിനയിച്ച് തുടങ്ങിയ ശേഷം അങ്കമാലി ഡയറീസ് തൊട്ടാണ് ഞാന്‍ നിര്‍മാണമേഖലയിലേക്കും എഴുത്തിലേക്കും കടക്കുന്നത്. നമ്മുടെ പൂര്‍ണമായ സ്വാതന്ത്ര്യത്തിന് സിനിമ ചെയ്യണം, ലിജോ കൂടെയുണ്ട് എന്ന ധൈര്യത്തിലൊക്കെയാണ് അന്ന് നിര്‍മാണം ആരംഭിച്ചത്. പിന്നീട് സിനിമകള്‍ നിര്‍മിച്ചതും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടിയാണ്. എനിക്കിഷ്ടപ്പെട്ട ഒരുപിടി നല്ല സിനിമകള്‍ ഇതിനകം നിര്‍മിക്കാന്‍ സാധിച്ചു. ചെയ്ത സിനിമകളൊന്നും മോശം അഭിപ്രായം വന്നില്ലെന്ന അഭിമാനമുണ്ട്. ജെല്ലിക്കെട്ട് പോലെ മലയാള സിനിമയെ അന്താരാഷ്ട്ര വേദികളില്‍ ശ്രദ്ധനേടിക്കൊടുത്ത സിനിമ നിര്‍മിക്കാനായി. എന്നെ എക്‌സൈറ്റ് ചെയ്യിക്കുന്ന സിനിമകള്‍ മാത്രമാണ് നിര്‍മിക്കാറുള്ളത്. അടുത്ത നിര്‍മാണ സംരംഭം എന്റെ അനിയന്‍ ഉല്ലാസ് ചെമ്പന്‍ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ്. ഇതുവരെ ചെയ്യാത്ത മറ്റൊരു ഴോണറിലുള്ള ഐറ്റമാണത്. പിന്നെ എന്നുവരെ സിനിമ നിര്‍മിക്കും എന്ന് ചോദിച്ചാല്‍ കൈയില്‍ അതിനുള്ള കാശുള്ള നാള്‍ വരെ നിര്‍മിക്കും. കാശ് കുറയുമ്പോള്‍ അപ്പോള്‍ നിര്‍മാണവും നിര്‍ത്തും. 

ചെമ്പന്‍ നിര്‍മിച്ച കഴിഞ്ഞ മൂന്ന് സിനിമകളും മലപ്പുറം പശ്ചാത്തലമായിരുന്നു, മലപ്പുറത്തോട് ഇഷ്ടക്കൂടുതലുണ്ടോ...? 

അങ്ങനെ പ്രത്യേകിച്ച് ഏത് നാടിനോടും ഇഷ്ടകൂടുതലും കുറവുമില്ല. കഴിഞ്ഞ മൂന്ന് സിനിമകളായ സുലൈഖ മന്‍സില്‍, ഭീമന്റെ വഴി, തമാശ എന്നിവയില്‍ മലപ്പുറം പശ്ചാത്തലമായത് ആകസ്മികമായാണ്. ഈ മൂന്ന് സിനിമകളും സംവിധാനം ചെയ്തത് അഷ്‌റഫ് ഹംസയാണ്. തമാശ അഷ്‌റഫിന്റെ ആദ്യത്തെ സിനിമയായിരുന്നു. അതിനാല്‍ അഷ്‌റഫിന് ഏറ്റവും കംഫര്‍ട്ടബിളായ ഭൂപ്രദേശത്ത് ഷൂട്ട് ചെയ്യാം എന്ന തീരുമാനമാണ് മലപ്പുറത്തേക്ക് എത്തിച്ചത്. കാരണം അഷ്‌റഫ് പൊന്നാനി സ്വദേശിയാണ്. അടുത്ത സിനിമയായ ഭീമന്റെ വഴി എത്തിയപ്പോള്‍ കേരളത്തിന്റെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെ അനുയോജ്യമായ ഒരുപശ്ചാത്തലം അന്വേഷിച്ച് ഞങ്ങള്‍ അലഞ്ഞിരുന്നു. അവസാനം അതും ഒത്തുവന്നത് മലപ്പുറത്താണ്. സുലൈഖ മന്‍സില്‍ വന്നപ്പോള്‍ പൊന്നാനി പശ്ചാത്തലമാക്കി നടക്കുന്ന ഒരുകഥയാണ്. അവിടത്തെ ഭാഷ, സംസ്‌കാരം, വിവാഹാഘോഷം എല്ലാം നമുക്ക് ആവശ്യമായിരുന്നു. അതിനാല്‍ മലപ്പുറത്തെ തന്നെ ഷൂട്ടിങ് ചെയ്യുന്നതായിരുന്നു അനുയോജ്യം.

മലപ്പുറത്തുകാരുടെ സഹകരണം എടുത്തുപറയേണ്ടതാണ്. വളരെ കൗതുകത്തോടെ സിനിമയെ കാണുകയും അതിനുവേണ്ട സഹായങ്ങള്‍ ചെയ്ത് തരുന്നവരുമാണ്. ഓരോ തവണയും കൂടുതല്‍ നല്ല അനുഭവമാണ് മലപ്പുറത്തെത്തുമ്പോള്‍ ലഭിക്കുന്നത്. 

നിര്‍മിക്കുന്ന എല്ലാ സിനിമകളിലും നവാഗതര്‍ക്ക് അവസരം കൊടുക്കുന്നുണ്ട്. നവാഗതരെ ഉയര്‍ത്തികൊണ്ടുവരിക എന്നൊരു തീരുമാനമുണ്ടോ? 

കഴിവുള്ളവരെ വളര്‍ത്തിക്കൊണ്ട് വരിക എന്നതാണ് നിര്‍മാതാവെന്ന നിലയില്‍ എന്റെ പരിഗണന. കാരണം സിനിമ പശ്ചാത്തലങ്ങളൊന്നുമില്ലാതെ വന്ന് പലരും നല്ല അവസരങ്ങള്‍ നല്‍കിയത് കൊണ്ട് മാത്രം വളര്‍ന്നുവന്ന ആളാണ് ഞാന്‍. അപ്പോള്‍ പുതിയ ആളുകളെ കാണുമ്പോള്‍ അവര്‍ക്ക് അവസരം കൊടുക്കണം എന്നൊരു ബോധ്യം ചെമ്പോസ്‌കി പ്രൊഡക്ഷന്‍സിനുണ്ട്. ഞാന്‍ നിര്‍മിക്കുന്ന സിനിമകളില്‍ മാത്രമേ അത്തരമൊരു തീരുമാനമെടുക്കാനുള്ള അധികാരം എനിക്കുള്ളൂ. അതുകൊണ്ട് സിനിമകള്‍ നിര്‍മിക്കുന്ന കാലത്തോളം ആ തീരുമാനം നടപ്പിലാക്കും.  

ഓരോ സിനിമയും നിര്‍മിക്കണമെന്ന് തീരുമാനിക്കുന്നത് ഏത് ഘട്ടത്തിലാണ്?

മിക്കപ്പോഴും ആദ്യം ആലോചിച്ച സിനിമയായിരിക്കില്ല അവസാനം നമ്മള്‍ ചെയ്യുന്നത്. ഉദാഹരണത്തിന് മറ്റൊരു സിനിമ എടുക്കാന്‍ തീരുമാനിച്ചതാണ് സുലൈഖ മന്‍സിലായി മാറിയത്. അതുപോലെ ഭീമന്റെ വഴി. ആദ്യം ഞങ്ങള്‍ വേറൊരു കഥയുമായി ചാക്കോച്ചനെ കാണാന്‍ പോയതാണ്. ആ കഥ പറഞ്ഞുകഴിഞ്ഞ് ഞങ്ങളെ യാത്രയാക്കാന്‍ ചാക്കോച്ചന്‍ ലിഫ്റ്റിനടുത്തേക്ക് വന്നപ്പോള്‍ പറഞ്ഞൊരു ത്രെഡ്ഡാണ് ഭീമന്റെ വഴി എന്ന സിനിമയായി മാറിയത്. അതുപോലെ ഞാന്‍ കാലിന് വയ്യാതെ കിടന്നത് കൊണ്ട് സംഭവിച്ച സിനിമയാണ് 'തമാശ' എന്ന് പറയാം. കാനഡയില്‍ പോകാനായി പ്ലാന്‍ ചെയ്തതായിരുന്നു ഞാന്‍. യാത്രയുടെ ദിവസമെത്തിയപ്പോള്‍ എനിക്ക് കാലിന് വയ്യാതാകുകയും ബെഡ് റസ്റ്റ് എടുക്കാന്‍ ഡോക്ടര്‍ പറയുകയും ചെയ്തു. കാനഡ യാത്ര ക്യാന്‍സല്‍ ചെയ്ത് ഞാന്‍ വീട്ടില്‍ വിശ്രമിക്കുന്നതിനിടെ പ്രധാന വിനോദം സിനിമ കാണലായിരുന്നു. ആ ദിവസങ്ങളിലൊന്നിലാണ് 'ഒരു മൊട്ട കഥൈ' എന്ന കന്നട സിനിമ കാണുന്നത്. എന്റെയൊരു സുഹൃത്തായിരുന്നു ആ സിനിമയുടെ നിര്‍മാതാവ്. അദ്ദേഹത്തെ വിളിച്ച് റെറ്റ്‌സ് വാങ്ങിച്ചാണ് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി തമാശ എന്ന സിനിമ ചെയ്തത്. 

സുലൈഖ മന്‍സിലില്‍ ചെമ്പന്‍ വിനോദ് 

അഭിനയം, എഴുത്ത്, നിര്‍മാണം. മൂന്നുതരം പ്രോസസാണ്, ഏതാണ് കൂടുതല്‍ പ്രയാസം?

നിര്‍മാണം തന്നെയാണ് ഏറ്റവും വലിയ പ്രയാസം. കാരണം എല്ലാ ഉത്തരവാദിത്തങ്ങളും പ്രതിസന്ധികളും നിര്‍മാതാവിനെയാണ് ബാധിക്കുക. എന്നാല്‍ ഞാന്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതും ആസ്വദിക്കുന്നതും അഭിനയത്തിനാണ്. കാരണം മരിക്കുന്നതുവരെ അഭിനയിക്കണമെന്നാണ് ആഗ്രഹം. നമുക്ക് പ്രേക്ഷകരോട് കഥ പറഞ്ഞ് നോക്കാം എന്നൊരു ചിന്ത വരുമ്പോള്‍ മാത്രമേ എഴുത്തിലേക്ക് തിരിയാറുള്ളൂ. ഞാനെഴുതി സിനിമ ഒരിക്കല്‍ തിരസ്‌കരിക്കപ്പെട്ടാല്‍ ആ പരിപാടി ഞാനങ്ങ് നിര്‍ത്തും. കാരണം ഞാന്‍ പ്രാഥമികമായി ഒരെഴുത്തുകാരനല്ല. ബാംഗ്ലൂര്‍ ഡയറീസ് എന്നൊരു സിനിമയാണ് ഇപ്പോള്‍ എഴുതികൊണ്ടിരിക്കുന്നത്. അതൊരു വലിയ പ്രോജക്ടാണ്. ആ സിനിമ എപ്പോള്‍ സംഭവിക്കുമെന്നോ, എഴുതിത്തീരുമെന്നോ എന്നൊന്നും ഇപ്പോഴും അറിയില്ല. പിന്നെ, എന്റെ അഭിനയത്തെ എപ്പോഴെങ്കിലും എഴുത്തോ നിര്‍മാണവോ മോശമായി ബാധിക്കാന്‍ തുടങ്ങിയാല്‍ രണ്ട് പരിപാടിയും ഞാനങ്ങ് നിര്‍ത്തും. അഭിനേതാവായാണ് ഞാന്‍ വന്നത്, അങ്ങനെ തന്നെ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം.

സൗഹൃദങ്ങള്‍ സിനിമയാത്രയില്‍ കൂടെയുണ്ട്, അത് എത്രമാത്രം പ്രാധാന്യമാണ്.. ?

സൗഹൃദങ്ങള്‍ ഒരുപാട് ഗുണം ചെയ്യുന്നുണ്ട്. സിനിമയിലേക്കുള്ള എന്റെ എന്‍ട്രി മുതല്‍ ഓരോ ഘട്ടവും എടുത്തുനോക്കിയാല്‍ അവിടങ്ങളിലെല്ലാം ആ സൗഹൃദങ്ങളുടെ പിന്തുണയുണ്ട്. നമുക്ക് സുഹൃത്തുക്കളോട് ഏത് കാര്യത്തിലും അഭിപ്രായം ചോദിക്കാം. നമ്മുടെ മനസ്സിലൊരു സിനിമയുടെ ത്രെഡ്ഡ് ഉണ്ടായാല്‍ അതൊരു പ്രോജക്ടാക്കി രൂപപ്പെടുത്താന്‍ സൗഹൃദങ്ങള്‍ എന്നെ സഹായിക്കാറുണ്ട്. അതുപോലെ ഞാന്‍ സുഹൃത്തുക്കളുടെ കൂടെയാണ് പല സിനിമകള്‍ നിര്‍മിച്ചതും. 

'വിക്രം' എന്ന സിനിമയില്‍ കോളിവുഡില്‍ ഏറെ കൈയടി കിട്ടി, അതിന് ശേഷം കൂടുതല്‍ അന്യഭാഷ ഓഫറുകള്‍ വരുന്നുണ്ടോ..?

മുന്‍പ് ഒരുപിടി തമിഴ് സിനിമ ഓഫറുകള്‍ വന്നിട്ടുണ്ടെങ്കിലും പലകാരണങ്ങള്‍കൊണ്ട് അവയിലൊന്നും അഭിനയിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ കമല്‍ഹാസന്‍ നായകനായ വിക്രം നല്ലൊരു എന്‍ട്രി തന്നെ എനിക്ക് നല്‍കി. ചിത്രം ബ്ലോക്ക് ബസ്റ്ററായതോടെ തമിഴില്‍ നിന്നും തെലുഗില്‍ നിന്നും ഒരുപാട് വിളികള്‍ വന്നു.  എന്നാല്‍ മലയാളത്തില്‍ കുറേ കമ്മിന്റ്‌മെന്റ്‌സ് ഉള്ളതുകൊണ്ട് പലതിനും പോവാന്‍ പറ്റിയില്ല. പല അന്യഭാഷ സിനിമകള്‍ക്കും അവര്‍ അഞ്ചുമാസവും ആറുമാസത്തേക്കും ഡേറ്റാണ് ചോദിക്കുന്നത്. ആ സമയം കൊണ്ട് ഇവിടെ എനിക്ക് അഞ്ച് മലയാള സിനിമ ചെയ്യാം. ആയൊരു ബുദ്ധിമുട്ടൊക്കെ കൊണ്ടാണ് പലതും ഒഴിവാക്കിയത്. എന്തായാലും ഈ വര്‍ഷം തമിഴിലും തെലുഗിലുമായി നല്ല കുറച്ച് സിനിമകളില്‍ അഭിനയിക്കും. 

ഗോവ ഫെസ്റ്റിവലിലെ പുരസ്‌കാര ദാന ചടങ്ങിനിടെ ഗിരീഷ് ഗംഗാധരന്‍, പി.എഫ്.മാത്യുസ്, ലിജോ ജോസ് പെല്ലിശ്ശേരി, ടിനു പാപ്പച്ചന്‍ എന്നിവര്‍ക്കൊപ്പം

ഇത്രയും കാര്യങ്ങള്‍ ചെയ്യുന്ന ചെമ്പന് സംവിധാനത്തിലേക്ക് ഇറങ്ങാന്‍ എന്താണ് തടസ്സമായി നില്‍ക്കുന്നത്..?

സംവിധാനം ചെയ്യണം എന്നൊരു ആഗ്രഹമുണ്ട്. പക്ഷെ ആ കാര്യത്തില്‍ ഞാന്‍ പലപ്പോഴും കണ്‍ഫ്യൂഴ്‌സ്ഡ് ആണ്. ഒരുസിനിമ സംവിധാനം ചെയ്യണമെങ്കില്‍ ഒന്നരവര്‍ഷത്തോളം അഭിനയത്തില്‍ നിന്ന് മാറിനില്‍ക്കണം. അത്രയും കാലം മാറി നിന്ന് ഞാനൊരു സിനിമ സംവിധാനം ചെയ്യേണ്ട ആവശ്യമുണ്ടോ എന്നൊരു സംശയമാണ് എന്നെ അലട്ടുന്നത്. കാരണം ഇവിടെ ഒരുപാട് മിടുക്കരായ സംവിധായകരുണ്ട്. അവര്‍ നല്ല രീതിയില്‍ ആ ജോലി ചെയ്യുന്നുണ്ട്. അതിന്റെ ഇടയില്‍ കയറി നമ്മളെന്തിനാ വേറുതെ പരീക്ഷിക്കുന്നത് എന്നൊക്കെയാണ് ഞാന്‍ ചിന്തിക്കുന്നത്.  പക്ഷേ ചില സിനിമകള്‍ ചെയ്യുമ്പോള്‍ മനസ്സ് പറയും ഇത് നീ സംവിധാനം ചെയ്യണമെന്ന്. അങ്കമാലി ഡയറീസ് ആദ്യം ഞാന്‍ സംവിധാനം ചെയ്യാനിരുന്നതാണ്. അങ്കമാലിയുടെ കള്‍ച്ചറും മറ്റ് കാര്യങ്ങളുമെല്ലാം നന്നായി അറിയാം എന്നൊരു എളുപ്പം വച്ചിട്ടാണ് അങ്ങനെ തീരുമാനിച്ചത്. പക്ഷേ കുറച്ച് കഴിഞ്ഞപ്പോള്‍ സംവിധാനം എന്ന പണി എനിക്ക് അറിയില്ലെന്ന് തിരിച്ചറിവ് തോന്നി. അങ്ങനെയാണ് ലിജോ അത് സംവിധാനം ചെയ്യുന്നത്. ഞാന്‍ വിചാരിച്ചതിനേക്കാള്‍ മികച്ച രീതിയില്‍ ലിജോ ആ സിനിമ ചെയ്തു. സംവിധാനത്തിന്റെ കാര്യത്തില്‍ ഇപ്പോഴും അതേ കണ്‍ഫ്യൂഷന്‍ എനിക്കുണ്ട്. 

ലിജോ ജോസ് പെല്ലിശ്ശേരി, ജോഷി, അന്‍വര്‍ റഷീദ്, ലോകേഷ് കനകരാജ്, പ്രിയദര്‍ശന്‍... തുടങ്ങി പല ജനറേഷനിലുള്ള സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഓരോരുത്തരും ചെമ്പന്‍ എന്ന അഭിനേതാവിന്റെ വ്യത്യസ്ത രീതിയിലാണ് അവതരിപ്പിക്കുന്നത്...? 

ഓരോരുത്തരും ഓരോ സ്‌കൂളാണ്. നമ്മളില്‍ നിന്ന് അവര്‍ക്കാവശ്യമായ കഥാപാത്രത്തെ ഓരോ സംവിധായകരും വ്യത്യസ്തമായ രീതിയിലാണ് പുറത്തെടുക്കുക. ചിലര്‍ ആദ്യമോ വന്ന് കഥാപാത്രത്തെ കുറച്ച് വിശദമായി പറഞ്ഞുതരും, മറ്റ് ചിലര്‍ ഓരോ സീനിലും ആയിരിക്കും കഥപാത്രം എങ്ങനെ പെരുമാറും എന്ന് പറഞ്ഞുതരുന്നത്. അവര്‍ പറഞ്ഞുതരുന്നതില്‍ നിന്ന് നമ്മള്‍ ആ കഥാപാത്രത്തെ കണ്ടെടുക്കുകയാണ് ചെയ്യുന്നത്. പിന്നെ നമ്മള്‍ എത്രമാത്രം റിലാക്‌സ്ഡ് ആയി അഭിനയിക്കുന്നോ അത്രയും നല്ല രീതിയില്‍ അതിന്റെ ഔട്ട്പുട്ട് കിട്ടുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. 
അങ്ങനെ ഇരുന്ന് ആലോചിച്ച് അഭിനയിക്കുന്ന ഒരാളല്ല ഞാന്‍. സംഭാഷണം പഠിച്ച് ക്യാമറയുടെ മുന്നിലെത്തുമ്പോള്‍ എന്റേതായ രീതിയില്‍ അഭിനയിക്കുകയാണ് രീതി. ഞാന്‍ ഒരുപ്രാവശ്യം ചെയ്ത് അത് ശരിയായില്ലെങ്കില്‍ സംവിധായകന്‍ തിരുത്ത് പറഞ്ഞ് തരും. അപ്പോള്‍ അതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തും. പിന്നെ, ഏത് കഥാപാത്രത്തെ അവതരിപ്പിക്കുമ്പോഴും അതിനോട് മാത്രം ചേര്‍ന്നുനില്‍ക്കുന്നതും അതുവരെ ചെയ്യാത്തതുമായ എന്തെങ്കിലും ഒന്ന് അഭിനയത്തില്‍ കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കും. 

തനി അങ്കമാലിക്കാരനായി ജീവിതം ആസ്വദിച്ചയാളാണ്, പിന്നീട് ബാംഗ്ലൂരിലും മറ്റും ജീവിച്ചു, കഴിഞ്ഞുപോയ ജീവിതം അഭിനേതാവിനെയും എഴുത്തുകാരനെയും എങ്ങനെയാണ് ഗുണം ചെയ്യുന്നത്...? 

നമ്മള്‍ ജീവിതത്തില്‍ നേരിട്ട സന്ദര്‍ഭങ്ങള്‍ സിനിമയില്‍ അഭിനയിക്കേണ്ടി വരുമ്പോള്‍ കുറച്ച് കൂടി എളുപ്പത്തില്‍ ചെയ്യാനാകും. അതിന് തീര്‍ച്ചയായും ഭൂതകാലം നമ്മെ സഹായിക്കും. ഓരോ മനുഷ്യരെയും കൃത്യമായി നിരീക്ഷിക്കുന്ന ഒരാളാണ് ഞാന്‍.  അങ്കമാലിയിലായാലും ബാംഗ്ലൂരിലായാലും ന്യൂയോര്‍ക്കിലായാലും കണ്ട മനുഷ്യര്‍, ഞാന്‍ ജീവിച്ച ജീവിതം, കണ്ട കാഴ്ചകള്‍, വായിച്ച പുസ്തകങ്ങള്‍ എന്നിവയെല്ലാം എഴുത്ത് വഴിയില്‍ ഒരുപാട് എന്നെ സഹായിക്കുന്നുണ്ട്. ഇവയില്‍ നിന്നെല്ലാം ഒരുകട്ട് ആന്‍ഡ് പേസ്റ്റ് എപ്പോഴും എഴുതുമ്പോഴും അഭിനയിക്കുമ്പോഴും നടക്കും. 

കുറച്ചധികം സമയം ചെലവിടേണ്ട പ്രക്രിയയാണ് എഴുത്ത്, അഭിനയത്തിരക്കിനിടയില്‍ അതിനുള്ള സമയം എപ്പോഴാണ് കണ്ടെത്താറുള്ളത്..?

അങ്ങനെ ഒരു പേനയും പേപ്പറും എടുത്ത് മുറി അടച്ചിട്ട്  എഴുതുന്ന ഒരാളൊന്നുമല്ല ഞാന്‍. അതല്ല എന്റെ രീതി. ഞാനിപ്പോള്‍ സംസാരിക്കുന്നത് പോലെ തന്നെ എന്റെ അസിസ്റ്റന്‍സിനോട് കഥ പറഞ്ഞ് കൊടുക്കുകയാണ് ചെയ്യുക. അവരത് ഫോണില്‍ റെക്കോഡ് ചെയ്ത് അടുത്ത ദിവസത്തേക്ക് പേപ്പറില്‍ എഴുതി എന്നെ കാണിക്കും. ഞാനത് വായിച്ച ശേഷം ആവശ്യമായി തിരുത്തുകള്‍ പറഞ്ഞുകൊടുക്കും. ഷൂട്ടിന്റെ ഇടവേളകളിലും മറ്റുമാണ് മിക്കപ്പോഴും ഞാന്‍ കഥ പറഞ്ഞുകൊടുക്കുക. തൃശ്ശിവപേരൂര്‍ ക്ലിപ്തം എന്ന സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഞാന്‍ അങ്കമാലി ഡയറീസിന്റെ അവസാന ഭാഗത്തെ സംഭാഷണങ്ങള്‍ എല്ലാം എഴുതി കൊടുത്തത്. ഭീമന്റെ വഴിയിലെത്തിയപ്പോള്‍ കൊവിഡായതിനാല്‍ ഒരുപാട് സമയമുണ്ടായിരുന്നു. ഇനി കുറച്ച് സമയം കണ്ടെത്തി എഴുത്തിനായി ഇരിക്കണം എന്നാണ് ആഗ്രഹം. ഒരുപുസ്തകം എഴുതണം എന്നൊക്കെ പദ്ധതിയുണ്ട്. 

താങ്കള്‍ക്ക് ഒരുപാട് അംഗീകാരങ്ങള്‍ കിട്ടിയിട്ടുണ്ട്,  ഈ അംഗീകാരങ്ങള്‍ നമ്മുടെ ചുറ്റുമുള്ള പ്രിയപ്പെട്ടവര്‍ക്കും സന്തോഷം നല്‍കും. പ്രിയപ്പെട്ടവരുടെ സന്തോഷം താങ്കള്‍ക്ക് എത്രമാത്രം പ്രാധാന്യമാണ്...?

നമ്മള്‍ക്ക് ലഭിക്കുന്ന അംഗീകാരങ്ങളുടെ പേരില്‍ മാതാപിതാക്കളും, ജീവിതപങ്കാളിയുമൊക്കെ അഭിമാനിക്കുന്നത് ഭയങ്കര അനുഗ്രഹമായിട്ടാണ് ഞാന്‍ കാണുന്നത്. എന്റെ ഭാര്യയും അമ്മയുമൊക്കെ എന്റെ ഓരോ സിനിമയും കണ്ട് അഭിപ്രായം പറയുന്നവരാണ്. നെഗറ്റീവും പോസിറ്റീവും പറഞ്ഞുതരും. എന്റെ പേരില്‍ അവര്‍ അഭിമാനിക്കുന്ന നിമിഷങ്ങളൊന്നും പലപ്പോഴും ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. പലയിടത്തും പോകുമ്പോള്‍ പലരും എന്നെ പറ്റി നല്ലത് പറയുമ്പോള്‍ അവര്‍ക്ക് സന്തോഷമുണ്ടാകാറുണ്ട്. അത് അവര്‍ പറഞ്ഞ് അറിയുമ്പോള്‍ നമുക്കും ഒരുസന്തോഷം. 

ചെമ്പോസ്‌കി എന്നത് കഫേയ്ക്ക് കണ്ടുവച്ച പേരാണ് എന്ന് കേട്ടിട്ടുണ്ട്, ആ പേരാണ് നിര്‍മാണക്കമ്പനികിട്ടത്. ഇപ്പോള്‍ ആ പേരില്‍ ഒരുകഫേ തുടങ്ങാനും പോകുന്നു...? 

ബാംഗലൂരുവിലാണ് ഞാന്‍ ഇരുപത് വര്‍ഷത്തോളം താമസിച്ചത്. പബ്ബുകളിലാണ് അവിടത്തെ രാത്രികാല ജീവിതം. അന്ന് എന്റെ ആഗ്രഹമായിരുന്നു ഒരു കഫേ തുടങ്ങണം എന്നത്. അതിനായി കണ്ടുവച്ച പേരാണ് ചെമ്പോസ്‌കി. ആ പ്ലാനൊക്കെ നടക്കാതെ വന്നപ്പോഴാണ് സിനിമയിലേക്ക് എത്തിയത്. അങ്ങനെ നിര്‍മാണക്കമ്പനി തുടങ്ങിയപ്പോള്‍ അതേ പേര് ഉപയോഗിച്ചു. ഇപ്പോള്‍ ഹിമാലയത്തില്‍ ഒരു കഫേ തുടങ്ങുകയാണ്, ചെമ്പോസ്‌കി എന്ന പേരില്‍. അതൊരു വില്ലേജ് സ്റ്റേ ആണ്. ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ അത്ര പെട്ടെന്ന് ലഭിക്കാത്ത ഒരുഗ്രാമം. കുളുവില്‍ നിന്ന് ഒന്നരമണിക്കൂര്‍ യാത്ര ചെയ്യണം അവിടെയെത്താന്‍. മലമുകളിലുള്ള ഗ്രാമമാണിത്. എല്ലാത്തില്‍ നിന്നും കട്ട് ഓഫ് ആയി താമസിക്കാന്‍ പറ്റിയ മനോഹരമായ ഇടം.  

അന്യഗ്രഹജീവി, പ്രേതം തുടങ്ങി ഒരുപാട് ഫാന്റസി കാര്യങ്ങളില്‍ താങ്കള്‍ക്ക് കൗതുകമുണ്ടെന്ന് കേട്ടിട്ടുണ്ട്, ഇപ്പോഴും അത്തരം താത്പര്യമുണ്ടോ..? 

തീര്‍ച്ചയായുമുണ്ട്,  ദൈവമുണ്ടെന്ന് വിശ്വസിക്കുന്നൊരാളാണ് ഞാന്‍, അതുപോലെ അന്യഗ്രഹജീവികളുണ്ടെന്നും വിശ്വസിക്കുന്നുണ്ട്. എനിക്ക് മരിക്കുന്നതിന് മുമ്പ് അതിനെയൊക്കെ കണ്ടാല്‍ കൊള്ളാം എന്നൊരു ആഗ്രഹമുണ്ട്. മറ്റ് ഗ്രഹങ്ങളില്‍ നമ്മളെ പോലെ വ്യത്യസ്ത തരത്തിലുള്ളവര്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടാകില്ലേ...? ഞാന്‍ ബഹിരാകാശം, ആകാശഗംഗ അവിടത്തെ കൗതുകങ്ങള്‍ തുടങ്ങിയവയിലെല്ലാം വളരെ താത്പര്യമുള്ള ഒരാളാണ്. അതിനെ കുറിച്ച് ഒരുപാട് വായിക്കാറുമുണ്ട്. എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് ഈ ഭൂമിയുടെ വെളിയിലേക്ക് യാത്രപോയി ഭൂമിയെ ഒന്ന് അവിടെ നിന്ന് കാണണമെന്നത്. ബഹിരാകാശ ടൂറിസമൊക്കെ തുടങ്ങുകയാണല്ലേ, എപ്പോഴേങ്കിലും ടൂറിസ്റ്റായി പോകാനായാല്‍ ഞാനും ആ ആഗ്രഹം സാധ്യമാക്കും. 


 

Content Highlights: Interview with Malayalam film actor Chemban Vinod Jose